പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശനമുള്ള തീം പാര്‍ക്ക്

പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശനമുള്ള തീം പാര്‍ക്ക്

ദക്ഷിണ കൊറിയയിലെ ഏറ്റവും പ്രശസ്തമായ ഹോളിഡേ ദ്വീപാണ് ജെജു ദ്വീപ്. ഇവിടുത്തെ സന്ദര്‍ശകരില്‍ 70 ശതമാനവും ആഭ്യന്തര യാത്രക്കാരായതിനാല്‍ ദക്ഷിണ കൊറിയയുടെ ഹവായ് എന്ന വിളിപ്പേരു കൂടിയുണ്ട്.വെള്ളച്ചാട്ടങ്ങള്‍,വെള്ള മണല്‍ ബീച്ചുകള്‍,സജീവമല്ലാത്ത അഗ്‌നിപര്‍വ്വതം,ദക്ഷിണ കൊറിയയിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതം തുടങ്ങി ഒട്ടേറെ കാഴ്ചകളാല്‍ സമ്പന്നമാണ് ഈ ദ്വീപ്.ലോകത്തിലെ പുതിയ 7 അത്ഭുതങ്ങളില്‍ ഒന്നു കൂടിയായ ജെജു ദ്വീപ് ഭൂമിശാസ്ത്ര അത്ഭുതം കൂടിയാണ്.

എന്നാല്‍ ഈ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായ ഒരു കാര്യം കൊണ്ടു കൂടിയാണ് ഈ ദ്വീപ് ലോക പ്രസിദ്ധമായിരിക്കുന്നത്.അതാണ് സെക്‌സ് തീം പാര്‍ക്കായ ലൗ ലാന്‍ഡ്.ഇന്ദ്രിയതയെയും ലൈംഗികതയെയും അടിസ്ഥാനമാക്കിയുള്ള തീം പാര്‍ക്കാണ് ജെജു ലവ് ലാന്‍ഡ്.

ലൈംഗിക-പ്രമേയമായ ഒരു ശില്‍പ പാര്‍ക്കായതിനാല്‍, ലൈംഗികതയെക്കുറിച്ചുള്ള പരമ്പരാഗത വിലക്കുകള്‍ ഇവിടെ ലംഘിക്കപ്പെടുന്നു.2002ല്‍ ഹോങ്കിക് സര്‍വകലാശാലയിലെ നിരവധി കലാകാരന്മാരും ബിരുദധാരികളും ചേര്‍ന്നാണ് ഇത് സൃഷ്ടിച്ചത്, ലവ്ലാന്‍ഡിനുള്ളില്‍ മൊത്തം 140 ഇന്‍സ്റ്റാളേഷനുകള്‍ ഉണ്ട്.

വിവിധതരം ലൈംഗികതയുമായി ബന്ധപ്പെട്ട നിരവധി മിനിയേച്ചറുകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.ഇതില്‍ പഴയ കാലത്തെ ലൈംഗികത, ന്യൂജന്‍ വേര്‍ഷന്‍ സെക്‌സ് തുടങ്ങി ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള കാര്യങ്ങള്‍ പല ശില്‍പങ്ങളിലും ചിത്രങ്ങളിലും ഒക്കെ കാണാം.

സെല്‍ഫിയും ചിത്രങ്ങളുമെല്ലാമെടുക്കാന്‍ കഴിയുന്ന നിരവധി ഫോട്ടോ സോണുകള്‍ വരെയുണ്ട് ഇവിടെ.എന്നാല്‍ ഈ പാര്‍ക്കിലേക്ക് പ്രവേശിക്കാന്‍ ഒരു നിബന്ധനയുണ്ട്. അതായത് സന്ദര്‍ശകര്‍ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണമെന്ന നിബന്ധന.പ്രായപൂര്‍ത്തിയാകാത്തവര്‍ പാര്‍ക്കില്‍ പോകാതിരിക്കുന്നത് തന്നെയാണ് നല്ലത്.സെക്‌സിന്റെ എല്ലാത്തരത്തിലുമുള്ള കാഴ്ചകള്‍ ഈ പാര്‍ക്കില്‍ കാണാം എന്നത് തന്നെയാണ് അതിന്റെ കാരണം.ആരുമൊന്ന് നാണിച്ചു പോകുന്ന തരത്തിലുള്ള ശില്‍പങ്ങളും പ്രദര്‍ശനങ്ങളും ആണ് പാര്‍ക്കില്‍ ഉള്ളത്.

മുതിര്‍ന്നവര്‍ പാര്‍ക്കില്‍ ചുറ്റിക്കറങ്ങുന്ന സമയം കുട്ടികള്‍ക്ക് പ്രത്യേക കളിസ്ഥലത്ത് സമയം ചെലവഴിക്കാം.പുറത്തെ ശില്‍പ പ്രദര്‍ശനം കൂടാതെ ഇന്‍ഡോര്‍ സെക്‌സ് മ്യൂസിയവും പാര്‍ക്കിലുണ്ട്.സൈന്‍ ബോര്‍ഡുകളില്‍പ്പോലും സെക്‌സി സിംബലുകളാണ്.

യാഥാസ്ഥിതിക ഏഷ്യന്‍ സംസ്‌കാരത്തിന്റെ മുന്‍പില്‍, ഇതുപോലുള്ള ഒരു പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് നിരവധി വിമര്‍ശനങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്.ദക്ഷിണ കൊറിയന്‍ സംസ്‌കാരം ഇപ്പോഴും വളരെ യാഥാസ്ഥിതികമാണെന്ന വസ്തുത നിലനില്‍ക്കുമ്പോഴും നഗ്‌നത ഒരു കലാരൂപമാണ് എന്ന് വിളിച്ച് പറയുകയാണ് ഈ പാര്‍ക്ക്.