ഇരിക്കൂര്‍ വിട്ട് കെ സി ജോസഫ് കോട്ടയത്തേക്കെന്ന് സൂചന

ഇരിക്കൂര്‍ വിട്ട് കെ സി ജോസഫ് കോട്ടയത്തേക്കെന്ന് സൂചന

കോട്ടയം:വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ മാറ്റങ്ങളോടെ മത്സരിക്കാനൊരുങ്ങുകയാണ് യുഡിഎഫ്. അതിന്റെ ഭാഗമായി  സ്ഥിരം മണ്ഡലമായ ഇരിക്കൂർ വിട്ട് കെ സി ജോസഫ് കോട്ടയത്തേക്ക് മാറുമെന്ന് സൂചനയുണ്ട്. 40 വർഷമായി യുഡിഎഫിന്റെ ശക്തികേന്ദ്രമാണ് ഇരിക്കൂർ. 

കെ സി ജോസഫിനെ ചങ്ങനാശേരിയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെയാണ് എ വിഭാഗം ഇത്തവണ ഇരിക്കൂറിലേക്ക് പരിഗണിക്കുന്നത്.

1982ലാണ് സ്വന്തം നാടായ കോട്ടയത്ത് നിന്നും കെ.സി ജോസഫ് ആദ്യമായി ഇരിക്കൂറിലെത്തുന്നത്. തുടര്‍ന്ന് തുടര്‍ച്ചയായി എട്ട് തവണ ഇവിടെ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

ജോസ് കെ മാണി വിഭാഗം മുന്നണി മാറിയതോടെയാണ് കോട്ടയത്തും പാലായിലുമെല്ലാം മാറ്റങ്ങൾ വരുത്തി മുന്നേറാൻ യുഡിഎഫ് ക്യാമ്പ് തീരുമാനിക്കുന്നത്. മണ്ഡലം മാറിയാലും കെ.സി ജോസഫ് നിര്‍ദേശിക്കുന്ന ഒരാള്‍ക്ക് തന്നെയാവും ഇരിക്കൂറില്‍ സ്ഥാനാര്‍ഥി സാധ്യത.