യുഡിഎഫിനെതിരെ വിമര്‍ശനവുമായി കെ. മുരളീധരന്‍

യുഡിഎഫിനെതിരെ വിമര്‍ശനവുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരന്‍. പാര്‍ട്ടിക്കുള്ളില്‍ ആവശ്യമായ കൂടിയാലോചനയില്ല. സമരം നിര്‍ത്തുകയല്ല വേണ്ടിയിരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള സമരരീതിയിലേക്ക് പാര്‍ട്ടി മാറുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇതിപ്പോള്‍ പേടിച്ചു സമരം നിര്‍ത്തി എന്ന അവസ്ഥയായി. കെപിസിസി പുനസംഘടനയില്‍ തന്റെ കൂടെയുള്ളവരെ തീര്‍ത്തും അവഗണിക്കപ്പെട്ടെന്നും മുരളി തുറന്നടിക്കുന്നു. പാര്‍ട്ടിയിലേക്ക് തന്നെ മടക്കികൊണ്ടു വരാന്‍ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രനുമായി തനിക്ക് നല്ല ബന്ധമുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയില്‍ തുടര്‍ന്നും താനുണ്ടാവുമെന്നും മുരളീധരന്‍ വ്യക്തമാക്കി. 

വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ മുരളീധരന്‍ തള്ളി. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന  പതിവില്ലെന്നും താന്‍ ഉടനെ കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണസമിതി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള കെ.മുരളീധരന്റെ നാടകീയ രാജി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള മുന്നൊരുക്കമാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഞങ്ങളാരും വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല. എല്ലായിടത്തും സ്ഥാനാര്‍ത്ഥികളാവാനും മന്ത്രിമാരാവാനും ആഗ്രഹവും അനുയോജ്യരായ ആളുകളുണ്ട് മുരളീധരന്‍ പറഞ്ഞു.