സര്‍ക്കാര്‍ പിടിക്കുന്ന ശമ്പളം ദുരിതാശ്വാസത്തിനല്ല:രേഖ പുറത്ത്

സര്‍ക്കാര്‍ പിടിക്കുന്ന ശമ്പളം ദുരിതാശ്വാസത്തിനല്ല:രേഖ പുറത്ത്

കൊച്ചി: കോവിഡ് 19 പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നില്ലെന്നു വ്യക്തമാക്കുന്ന രേഖ പുറത്തു വന്നു.ട്രഷറി ഓഫിസുകള്‍ക്ക് ജോയിന്റ് ഡയറക്ടര്‍ അയച്ച മാര്‍ഗനിര്‍ദേശപ്രകാരം ശമ്പളം നല്‍കുന്നതിനു മുമ്പ് കുറവു ചെയ്യുന്ന തുക ടിഎസ്ബി അക്കൗണ്ട് ആരംഭിച്ച് അതില്‍ നിക്ഷേപിക്കണം എന്നാണ് നിര്‍ദേശം.

ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ എത്തുന്നതിനു പകരം അടുത്ത മാസം ശമ്പളം നല്‍കുന്നതിനു തന്നെയോ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാം എന്നാണ് ചട്ടം.ശമ്പളം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കുന്നവരുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ ശമ്പളം പിടിക്കുന്ന സര്‍ക്കാരിന്റെ നടപടി കള്ളക്കളിയാണെന്ന ആരോപണമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഉയര്‍ത്തുന്നത്.

ശമ്പളത്തില്‍നിന്ന് മാറ്റിവയ്ക്കുന്ന തുക സര്‍ക്കാരിന് കണ്‍സോളിഡേറ്റഡ് ഫണ്ടായി പരിഗണിച്ച് ഏതാവശ്യത്തിനും ഉപയോഗിക്കാം എന്നതിനാലാണ് ട്രഷറി സേവിങ്‌സ് അക്കൗണ്ടുകളുണ്ടാക്കി അതിലേക്കു നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.അതേസമയം ദുരിതാശ്വാസ ഫണ്ടിലേക്കു തുക വകയിരുത്തിയാല്‍ നിശ്ചിത ഹെഡ്ഡുകളില്‍ മാത്രമേ ഈ തുക ഉപയോഗിക്കാന്‍ സാധിക്കൂ.

ശമ്പളം പിടിക്കാനുള്ള ഉത്തരവില്‍ അത് തിരികെ നല്‍കുന്നതു സംബന്ധിച്ച വിവരം പരാമര്‍ശിച്ചിട്ടില്ല എന്നതിനാല്‍ തിരിച്ചു ലഭിക്കുമെന്നതില്‍ ഉറപ്പില്ല. മാത്രമല്ല,ഈ തുകയുടെ കൂടി വരുമാന നികുതി അടയ്ക്കുകയും വേണം. റവന്യു ചെലവിന്റെ പകുതി തുക കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്.ഇതു നഷ്ടപ്പെടാതിരിക്കാനാണ് ശമ്പളം നല്‍കിയതായി കാണിച്ച ശേഷം തിരിച്ചു പിടിക്കുന്നതെന്ന് എഎച്ച്എസ്ടിഎ സംസ്ഥാന ജന. സെക്രട്ടറി എസ്.മനോജ് പറയുന്നു.

സര്‍ക്കാരിന് നികുതിയും ലഭിക്കും,ശമ്പളം നല്‍കിയെന്നു പേരും ലഭിക്കും. നിലവിലുള്ള സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന കൊടുത്തവരുടെയും ശമ്പളം പിടിക്കും.ദുരിതാശ്വാസ നിധിയിലേക്കാണെങ്കില്‍ ഓരോരുത്തരുടെയും കഴിവനുസരിച്ചുള്ള തുക നല്‍കാന്‍ അധ്യാപക സംഘടന തയാറാണ്.നിര്‍ബന്ധിത പിരിവിനെയാണ് എതിര്‍ക്കുന്നത്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കല്ല ഈ തുക ചെലവഴിക്കുന്നത് എന്നതും എതിര്‍ക്കാന്‍ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.