പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ആദ്യ ജയം

പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ആദ്യ ജയം

സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് ജയം. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിയെ ആറ് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കേരളം 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ജലജ് സക്‌സേനയുടെ മൂന്ന് വിക്കറ്റാണ് പോണ്ടിച്ചേരിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തി എസ് ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. 

വിഷ്ണു വിനോദ് (11 പന്തിൽ ഒരു ഫോർ സഹിതം 11), സൽമാൻ നിസാർ (18 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20) എന്നിവർ പുറത്താകാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ (18 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 30), റോബിൻ ഉത്തപ്പ (12 പന്തിൽ മൂന്നു ഫോറുകൾ സഹിതം 21), സച്ചിൻ ബേബി (19 പന്തിൽ 18) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. പുതുച്ചേരിക്കായി അഷിത് രാജീവ് മൂന്നു വിക്കറ്റ് വീഴ്ത്തി.

139 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ റോബിൻ ഉത്തപ്പയും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. പുതുച്ചേരി‍ ബോളർമാരെ കടന്നാക്രമിച്ച ഇരുവരും അഞ്ചാം ഓവറിൽത്തന്നെ കേരളത്തിന്റെ സ്കോർ 50 കടത്തി. സ്കോർ 52ൽ നിൽക്കെ മുഹമ്മദ് അസ്ഹറുദ്ദീനും 58ൽ നിൽക്കെ റോബിൻ ഉത്തപ്പയും പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റിൽ ശ്രദ്ധയോടെ ബാറ്റു ചെയ്ത സഞ്ജു സാംസണും സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തെ 100 കടത്തിയത്. ഇരുവരും എട്ട് റൺസിന്റെ ഇടവേളയിൽ മടങ്ങിയെങ്കിലും വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്ന് ടീമിെന വിജയത്തിലെത്തിച്ചു.