കെ എം മാണി നിരപരാധി;എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ

കെ എം മാണി നിരപരാധി;എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ

ബാർക്കോഴയിൽ കെ.എം മാണിക്ക് പങ്കില്ലെന്ന് സി.പി.എമ്മിന് അറിയാമായിരുന്നു എന്ന എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവന്‍റെ പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി യു.ഡി.എഫ്. യു.ഡി.എഫ് നേതാവിനെതിരെ ആയിരുന്നു എൽ.ഡി.എഫ് കള്ളക്കഥ പറഞ്ഞ് സമരം നടത്തിയെതന്നാണ് കോൺഗ്രസ് നേതാക്കളുടെ കുറ്റപ്പെടുത്തൽ. എൽ.ഡി.എഫിനോട് അടുക്കുന്ന ജോസ് കെ മാണിയെ കൂടി വെട്ടിലാക്കുന്ന തരത്തിലാകും യു.ഡി.എഫ് കാമ്പയിൻ. കെ.എം മാണിയുടെ പാർട്ടിയോടും കുടുംബത്തോടും സി.പി.എം മാപ്പു പറയണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവന്‍റെ വെളിപ്പെടുത്തൽ. കെ.എം മാണി ബാർ കോഴ ഇടപാട് നടത്തിയിട്ടില്ലെന്ന് പാർട്ടിക്ക് ബോദ്ധ്യമുണ്ടായിരുന്നു, നോട്ട് എണ്ണുന്ന മെഷീൻ മാണിയുടെ വീട്ടിലുണ്ട് എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നു, അതൊക്കെ തെറ്റായിരുന്നുവെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു എന്നിങ്ങനെയായിരുന്നു എൽ.ഡി.എഫ് കൺവീനറുടെ വെളിപ്പെടുത്തല്‍. ഇതിനെതിരെ കടുത്ത ഭാഷയിലായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചത്.

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതു പാളയം തേടുന്ന പശ്ചാത്തലത്തിൽ അവരെക്കൂടി ഉന്നമിട്ടാണ് നിലവില്‍ യു.ഡി.എഫ് പ്രതിഷേധം കടുപ്പിക്കുന്നത്. എൽ.ഡി.എഫ് കൺവീനർറുടെ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ രാഷ്ട്രീയമായി സജീവമാക്കി സിപിഎമ്മിനെതിരെ മൂർച്ചയുള്ള ആയുധമാക്കാനാണ് യുഡിഎഫ് നീക്കം