സി.ബി.ഐ അന്വേഷണം മുന്നില്‍ കണ്ടാണ് വിജിലന്‍സ് ലൈഫ് മിഷനിലെ ഫയലുകള്‍ കടത്തിയത്;മുല്ലപ്പള്ളി രാമചന്ദ്രൻ

സി.ബി.ഐ അന്വേഷണം മുന്നില്‍ കണ്ടാണ് വിജിലന്‍സ്  ലൈഫ് മിഷനിലെ ഫയലുകള്‍ കടത്തിയത്;മുല്ലപ്പള്ളി രാമചന്ദ്രൻ

ലൈഫ് ക്രമക്കേടിൽ കൂടുതൽ ഫയലുകൾ ശേഖരിച്ച് വിജിലൻസ്. ലൈഫ് മിഷൻ ഓഫീസിൽ നിന്ന് വിജിലൻസ് 2 ഫയലുകൾ ശേഖരിച്ചു. നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുകയുടെ രേഖകളടക്കം ശേഖരിച്ചു. അതേസമയം വിജിലന്‍സിനെ വെച്ച് ഫയലുകള്‍ കടത്തുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.സി.ബി.ഐ അന്വേഷണം മുന്നില്‍ കണ്ടാണ് വിജിലന്‍സ്, ലൈഫ് മിഷനിലെ ഫയലുകള്‍ കടത്തിയതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം‍. ദുരൂഹ സാഹചര്യത്തിലാണ് ഫയലുകള്‍ കടത്തിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ് വിജിലന്‍സ്. ലൈഫ് മിഷൻ ക്രമക്കേടിന്‍റെ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയും വരുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ലൈഫ് മിഷനിലെ ക്രമക്കേട് സി.ബി.ഐ അന്വഷിക്കുന്നതില്‍ സി.പി.എമ്മിന് എന്തിനാണ് വെപ്രാളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നും മറക്കാനില്ലെങ്കിൽ സി.ബി.ഐയെ സ്വാഗതം ചെയ്യണം. കേന്ദ്ര ഏജൻസികളെ വിളിച്ചു വരുത്തിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.ലൈഫ് മിഷനിലെ സി.ബി.ഐ അന്വഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും മന്ത്രിമാരും അഴിമതി നടന്നു എന്ന് പറഞ്ഞ കേസാണ്. അതുകൊണ്ടുതന്നെ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ല. ശരിയായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.