​​​​​​​കെവി തോമസ് ഇടതുപക്ഷത്തേക്കോ? എറണാകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിക്കാൻ സാധ്യത

​​​​​​​കെവി തോമസ് ഇടതുപക്ഷത്തേക്കോ? എറണാകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിക്കാൻ സാധ്യത

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന. എല്‍ഡിഎഫിലേക്കാവും കെവി തോമസിന്റെ കൂടുമാറ്റം എന്നും ഇടത് പക്ഷത്ത് നിന്ന് മത്സരിച്ചേക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് കെവി തോമസ് അകല്‍ച്ചയിലാണ്. എറണാകുളത്ത് ലോക്‌സഭാ സീറ്റിന് വേണ്ടി കെവി തോമസ് ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് സീറ്റ് നിഷേധിക്കുകയായിരുന്നു.  

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കെവി തോമസ് ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. ഇടഞ്ഞ് നിന്ന കെവി തോമസിനെ അനുനയിപ്പിക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. അത് പാലിക്കപ്പെടാത്തതിലും കെവി തോമസിന് അമര്‍ഷമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റിന് വേണ്ടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ കെവി തോമസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സീറ്റ് ലഭിക്കുന്നില്ലെങ്കില്‍ ഇടത് മുന്നണിയുടെ ഭാഗമാകാനാണ് കെവി തോമസിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ചില ഇടത് നേതാക്കളുമായി കെവി തോമസ് അനൗദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.ഇതോടെ കെവി തോമസ് യുഡിഎഫ് വിടുമെന്നുളള അഭ്യൂഹം കൂടുതല്‍ ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തോട് അകലം സൂക്ഷിക്കുമ്പോഴും പാര്‍ട്ടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കെവി തോമസിന് അടുപ്പമുണ്ട്. ഉമ്മന്‍ ചാണ്ടിയുമായി ഇക്കാര്യങ്ങള്‍ കെവി തോമസ് സംസാരിച്ചിട്ടുളളതായാണ് സൂചന. തുടര്‍ന്ന് കെവി തോമസിനെ അനുനയിപ്പിക്കാന്‍ എകെ ആന്റണി ഇടപെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

2001 മുതല്‍ 2004 വരെ എകെ ആന്റണി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു കെവി തോമസ്. കേന്ദ്രത്തില്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലും കെവി തോമസ് മന്ത്രിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് ശേഷം എഐസിസി അംഗത്വം, കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനം, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്നിവയില്‍ ഒന്നായിരുന്നു കെവി തോമസിന്റെ ആവശ്യം.. എന്നാല്‍ എവിടേക്കും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല.