ലീക്കായതിന് പിന്നാലെകെജിഎഫ് 2വിന്‍റെ ടീസര്‍: ആവേശത്തില്‍ ആരാധകര്‍

ലീക്കായതിന് പിന്നാലെകെജിഎഫ് 2വിന്‍റെ ടീസര്‍: ആവേശത്തില്‍ ആരാധകര്‍

കന്നഡ സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രം 'കെജിഎഫി'ന്‍റെ രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ടീസര്‍ ലീക്കായെന്ന വാര്‍ത്തകള്‍ പുറച്ചുവന്നതിന് പിന്നാലെയാണ് ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്. നടന്‍ യാഷിന്‍റെ ജന്മദിനമായ ജനുവരി 8ന് ടീസര്‍ പുറത്തിറക്കുമെന്നാണ് നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. 

രണ്ടാം ഭാഗത്തിന്‍റെ ടീസറിനായി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. സംവിധായകന്‍ പ്രശാന്ത് നീല്‍, യാഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ടീസര്‍ പുറത്തിറക്കിയ വിവരം അറിയിച്ചിരിക്കുന്നത്. 'ഒരിക്കല്‍ ഒരു വാഗ്ദാനം ചെയ്തു, ആ വാഗ്ദാനം പാലിക്കപ്പെടും!' എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചു. യാഷും വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തും ടീസറില്‍ എത്തുന്നുണ്ട്. സിനിമയുടെ ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ രംഗങ്ങള്‍.

ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. തെന്നിന്ത്യയില്‍ ആകെ തരംഗം സൃഷ്ടിച്ച  രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും നിര്‍മാണച്ചെലവേറിയ ചിത്രമായിരുന്നു കെ.ജി.എഫ്.