നിഗൂഢതകള്‍ ഒളിപ്പിച്ച് റൊറൈമ മലനിരകള്‍

നിഗൂഢതകള്‍ ഒളിപ്പിച്ച് റൊറൈമ മലനിരകള്‍

ചരിത്രകുതുകികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ഒട്ടനവധി കഥകള്‍ ഉറങ്ങുന്നതുമായ പ്രദേശമാണ് റൊറൈമ പര്‍വ്വതനിരകള്‍. മേഘങ്ങളില്‍ നിന്നും നേരിട്ടെന്ന പോലെ തുള്ളിത്തെറിക്കുന്ന മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങള്‍. പരലുകള്‍ കൊണ്ട് പരവതാനി വിരിച്ച താഴ്വരകള്‍. മാംസഭോജികളായതും അല്ലാത്തതുമായ, അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകള്‍ അടക്കമുള്ള സസ്യവൈവിധ്യം. ചുറ്റും കിഴുക്കാംതൂക്കായ പാറക്കെട്ടുകള്‍. മേശയുടെ മുകള്‍വശം പോലെ പരന്ന മകുടപ്രദേശം. 

ഇങ്ങനെ നാഗരികതയില്‍ നിന്നെല്ലാമകന്ന് മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന റൊറൈമ പര്‍വ്വതത്തിന് സവിശേഷതകള്‍ ഏറെയുണ്ട്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഓരോ രോമകൂപത്തിലും അവ അനുഭവിച്ചറിയാം. തെക്കേ അമേരിക്കയിലെ തെപൂയി പീഠഭൂമി പ്രദേശത്ത് പകരൈമ ശൃംഖലയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പര്‍വ്വതമാണ് റൊറൈമ പര്‍വ്വതം. വെനിസ്വലയിലും (85 ശതമാനം) ഗയാനയിലും (10 ശതമാനം) ബ്രസീലി(5 ശതമാനം)ലുമായാണ് ഈ പര്‍വ്വതം വ്യാപിച്ചു കിടക്കുന്നത്. 

വെനിസ്വേലയിലെ കനൈമ ദേശീയോദ്യാനത്തിലുള്ള ഗയാന ഷീല്‍ഡില്‍ സ്ഥിതിചെയ്യുന്ന റൊറൈമ പര്‍വ്വതഭാഗം ഗയാനയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ബ്രസീലിയന്‍ സംസ്ഥാനമായ റോറൈമയില്‍ ഏറ്റവും ഉയര്‍ന്ന ഭൂപ്രദേശമായി കണക്കാക്കപ്പെടുന്നതും ഈ പര്‍വ്വതത്തിന്റെ ഭാഗമായുള്ള പീഠഭൂമിയാണ്.ഏതാണ്ട് രണ്ടു ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രീകാബ്രിയന്‍ കാലഘട്ടത്തിലുള്ളതും ഭൂമിയിലെ ഏറ്റവും പഴക്കമുള്ളതുമായ ഭൂമിശാസ്ത്ര രൂപീകരണങ്ങളാണ്  കനൈമ ദേശീയോദ്യാനത്തിലെ ഈ ടേബിള്‍ടോപ്പ് പര്‍വ്വതങ്ങള്‍. സമുദ്രത്തില്‍ നിന്നും ഉയര്‍ന്നു വന്ന മണല്‍ക്കല്ലുകള്‍ കാലക്രമേണ വരണ്ട ഭൂമിയായി രൂപാന്തരം പ്രാപിച്ചു. വശങ്ങളില്‍ ഉള്ള കല്ലുകള്‍ മണ്ണൊലിപ്പ് മൂലം നശിച്ചതോടെ ഇതിന് ഒരു പീഠഭൂമിയുടെ ആകൃതി കൈവന്നു. 

ഏകദേശം 14 കിലോമീറ്റര്‍ നീളവും 2,772 മീറ്റര്‍ ഉയരവുമുള്ള പര്‍വ്വതം ഗയാനയിലെ പല നദികളുടെയും ആമസോണ്‍, ഒറിനോകോ നദികളുടെയും ഉറവിടമാണ് എന്നതാണ് മറ്റൊരു പ്രാധാന്യം. പുറമേ നിന്ന് നോക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ഊഹിക്കാന്‍ കഴിയാത്തത്ര നിഗൂഢതകളാണ് ആമസോണ്‍ കാടുകള്‍ക്ക് മുകളിലായി ഉയര്‍ന്നു നില്‍ക്കുന്ന ഈ പീഠഭൂമി കാത്തുസൂക്ഷിച്ചു വച്ചിരിക്കുന്നത്. മനുഷ്യരാശിയുടെ കയ്യെത്താത്തതും മറവിയില്‍പ്പെട്ടു പോയതുമായ കന്യാപ്രദേശം. 

പ്രാദേശികമായി തെപൂയി എന്നാണ് റോറൈമയ്ക്ക് പേര്. ഈ പ്രദേശങ്ങളില്‍ വസിക്കുന്ന പെമന്‍ ഗോത്രവംശത്തിന്റെ മാതൃഭാഷയില്‍ ''ദേവന്മാരുടെ ഭവനം'' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ദൈവകോപം ഭയന്നും ഈ പ്രദേശത്ത് വിചിത്രജീവികള്‍ ഉണ്ടെന്ന കഥകള്‍ കേട്ടും നൂറ്റാണ്ടുകളോളം ഈ പ്രദേശത്തേക്ക് കാലെടുത്തു വയ്ക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. 

1884-ല്‍ സര്‍ എവറാര്‍ഡ് ഇം തര്‍ണിന്റെ നേതൃത്വത്തില്‍ ഉള്ള പര്യവേഷണ സംഘമാണ് പീഠഭൂമിയിലേക്കുള്ള വനപാത ആദ്യമായി കണ്ടെത്തുന്നത്. കഥകളില്‍ കേട്ടതുപോലെയുള്ള അപകടകാരികളായ ജീവികള്‍ ഒന്നും അവിടെയില്ലെന്ന് അവര്‍ മനസിലാക്കി. ഈ പ്രദേശത്തിന്റെ ജീവശാസ്ത്രപരമായ പ്രാധാന്യവും അവര്‍ ലോകത്തെ അറിയിച്ചു. മൗണ്ട് റോറൈമയിലെ 35 ശതമാനം സ്പീസീസുകളും വംശനാശം സംഭവിക്കുന്ന അപൂര്‍വ്വ ഇനങ്ങളാണ്. തെക്കേ അമേരിക്കയിലെ ടെപ്യൂയിസില്‍ കാണപ്പെടുന്ന അപൂര്‍വ്വജീവജാലങ്ങളുടെ  70 ശതമാനവും ഈ പീഠഭൂമിയിലാണ്.  

ജീവിച്ചിരിക്കുന്ന ഫോസിലുകള്‍ എന്നു വിളിക്കാവുന്ന ഇത്തരം ജീവജാലങ്ങള്‍ക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അനേകം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ വംശനാശം സംഭവിച്ചു കഴിഞ്ഞു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി, നാഗരികതയുടെ ഒളികണ്ണുകളില്‍ നിന്നകന്നു മാറി സ്ഥിതിചെയ്യുന്ന മൂടല്‍മഞ്ഞണിഞ്ഞ പര്‍വതശിഖരങ്ങളില്‍ അവയുടെ ജീവിതം പൂര്‍ണ്ണമായും സ്വതന്ത്രമായും ഭീഷണിരഹിതമായും നിലനില്‍ക്കുന്നു.

എങ്ങനെ എത്താം?

ഒറ്റയ്ക്ക് പോകാമെന്ന് കരുതിയാല്‍ നടക്കില്ല, റോറൈമ ട്രെക്കിംഗിനായി ടൂര്‍ ഗ്രൂപ്പുകള്‍ ഉണ്ട്. ഒരേസമയം ഒരുപാട് ആളുകള്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതിയില്ല. വെനസ്വേലയില്‍ നിന്ന് ആറു ദിവസം നീണ്ടുനില്‍ക്കുന്ന കഠിനമായ ട്രെക്കിംഗാണ് ഇത്. അതിര്‍ത്തി പട്ടണമായ സാന്താ എലീന ഡി യുറീനില്‍ നിന്നാണ് ഗൈഡഡ് ടൂറുകള്‍ക്കായുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം

ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ് റോറൈമ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. വര്‍ഷത്തില്‍ മിക്കവാറും എല്ലാ ദിവസവും മഴ പെയ്യുന്ന പ്രദേശമാണിത്. ഈ സമയത്ത് മഴ അല്‍പ്പമൊന്നു മാറി നില്‍ക്കുന്നതിനാല്‍ യാത്ര അത്ര ബുദ്ധിമുട്ടേറിയതാവില്ല.