ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ കഠിനമായ ദുഃഖത്തിലും കടുത്ത നിരാശയിലും

ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ കഠിനമായ ദുഃഖത്തിലും കടുത്ത നിരാശയിലും

സമീപകാലത്ത് നിരന്തരമായി ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളും അതിനെ യുക്തിസഹമായി പ്രതിരോധിക്കാന്‍ കഴിയാത്ത ഭരണാധികാരികളുടെ നിലപാടുകളെയും തുടര്‍ന്നു കാലാകാലങ്ങളായി ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന വലിയൊരു ജനവിഭാഗം കഠിനമായ ദുഃഖത്തിലും കടുത്ത നിരാശയിലും അകപ്പെട്ടിരിക്കുന്നു. പൊന്നണിഞ്ഞ പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിൻ്റെ പ്രതിച്ഛായ അനുദിനം തകരുന്നു. അതോടൊപ്പം ദേശീയ തലത്തിൽ  തന്നെ മാതൃകയായ ഇടതുപക്ഷജനാധിപത്യമുന്നണി എന്ന രാഷ്ട്രീയ സംവിധാനത്തിൻ്റെ അടിത്തറ ഇളകികൊണ്ടിരിക്കുന്നു.

എക്കാലത്തും അഴിമതിക്കെതിരെ നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം നൽകുന്ന ഭരണം അഴിമതി ഭരണമായി മാറുന്നു എന്നത് ഇടതുപക്ഷത്തിൽ  നിലയുറപ്പിച്ചവരെ വല്ലാതെ വേദനിപ്പിക്കുന്നു. ഈ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഓരോ ദിവസവും ഉയരുന്ന പുതിയ പുതിയ അഴിമതി ആരോപണങ്ങള്‍ വെറും രാഷ്ട്രീയ പ്രേരിതമാണെന്ന് ആരും വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെ നിഴൽ  പോലെ നടന്ന പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനെ സസ്‌പെൻ്റെ് ചെയ്തതിലൂടെ അഴിമതി ആരോപണത്തിൽ  കഴമ്പുണ്ടെന്ന് ഏവര്‍ക്കും ബോദ്ധ്യപ്പെട്ടു. എന്നാൽ  ഈ അഴിമതികളിൽ  മുഖ്യമന്ത്രിക്കും ഈ സര്‍ക്കാറിനും പങ്കുണ്ടെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ അണികളൊന്നും കരുതിയില്ല. ഉദ്യോഗതലത്തിൽ  നടന്ന അഴിമതികളാണെന്നാണ് അവരൊക്കെ ധരിച്ചത്. അഴിമതി ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണി  നേതാക്കളുടെയും വസ്തുനിഷ്ടമായ മറുപടി ഉണ്ടാവുമെന്നും അതു പ്രതിപക്ഷത്തിൻ്റെ വായടപ്പിക്കാന്‍ പര്യാപ്തമാവുമെന്നും അതോടെ ഭരണത്തിൻ്റെ പ്രതിഛായ വീണ്ടെടുക്കാമെന്നും മുന്നണി പ്രവര്‍ത്തകര്‍ ന്യായമായും പ്രതീക്ഷിച്ചു.

കോവിഡ് കണക്കുകള്‍ അവതരിപ്പിക്കുന്നതുപോലെ നിയമസഭയിൽ  അഴിമതി ആരോപണങ്ങള്‍ക്ക് ഭരണത്തലവനെന്ന നിലയിൽ  മുഖ്യമന്ത്രി എണ്ണി എണ്ണി മറുപടി പറയുന്നത് കേള്‍ക്കാനാണ് കേരളം കാത്തിരുന്നത്. എന്നാൽ  സര്‍ക്കാര്‍ റിലീസ് പോലെ മുന്നേമുക്കാ  മണിക്കൂര്‍ നേരം മുഖ്യമന്ത്രിയുടെ പ്രസംഗം വാസ്തവത്തി  ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതികൂട്ടിലാക്കി. വര്‍ത്തമാനകാലത്ത് ഇത്രനേരം ആരാണ് പ്രസംഗം കേട്ടിരിക്കുക ? സ്വന്തം മക്കള്‍ പോലും തയ്യാറാവുമോ? കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്ന വിധത്തിൽ  കൃത്യമായ തിരക്കഥ തയ്യാറാക്കിയ രാഷ്ട്രീയ നാടകമായിരുന്നു മുഖ്യമന്ത്രിയുടെ മാരത്തോണ്‍ പ്രഭാഷണമെന്ന് സാക്ഷര കേരളത്തിന് മനസ്സിലായി. അതുകൊണ്ട് കേരളഭരണത്തിൽ  അടിക്കടി ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങളിൽ  മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ഒളിഞ്ഞും തെളിഞ്ഞും പങ്കുള്ളതായി വ്യക്തമാക്കപ്പെടുകയായിരുന്നു. അഴിമതി ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായി മറുപടി പറഞ്ഞിരുന്നെങ്കിൽ  ആരോപണങ്ങളെ വസ്തുതാപരമായി നിഷേധിച്ചിരുന്നെങ്കിൽ  രാഷ്ട്രീയ ചിത്രം വേറൊന്നാവുമായിരുന്നു. അഴിമതി മൂടിവെക്കാനും അഴിമതിയെ രാഷ്ട്രീയ പ്രചാരണംകൊണ്ട് നേരിടാനും മുഖ്യമന്ത്രി നടത്തിയ  നിയമസഭാ പ്രസംഗം എന്തോ മഹത്തരമാണെന്ന് മട്ടി  ചില നേതാക്കള്‍ രംഗത്തെത്തിയത് ശ്രദ്ധേയമാണ്. ഇതിൽ  ഏറെയും മുഖ്യമന്ത്രിയുടെ ഭക്തന്മാരാണ്. മറ്റുള്ളവര്‍ ഭരണത്തിൻ്റെയും മുന്നണിയുടെയും ആനുകൂല്യത്താൽ  പദവികളിലും സ്ഥാനമാനങ്ങളിലും കയറിയിരിക്കുന്നവരും പദവികള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി കുപ്പായം തുന്നിച്ച് കാത്തിരിക്കുന്നവരുമാണ്.

ഭരണത്തിൻ്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ആവര്‍ത്തിച്ച് കൊട്ടിഘോഷിക്കാറുണ്ട്. എന്നാൽ  തൻ്റെയും മന്ത്രിമാരുടെയും പ്രോഗ്രസ്സ് റിപ്പോര്‍ട്ടിനെക്കുറിച്ച് സ്വയം വിമര്‍ശനപരമായി എവിടെയും ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം സന്മനസ്സ് കാണിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലും വകുപ്പുകളിലുമാണ് ഏറ്റവും കൂടുതൽ  അക്കമിട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മന്ത്രിസഭയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന മന്ത്രി എ.കെ. ബാലനാണ്. മന്ത്രിസഭയിലെ രണ്ടാമന്‍ താനാണെന്ന് അദ്ദേഹം സ്വയം അവകാശപ്പെടുന്നുണ്ട്. ആരും ചുമതലപ്പെടുത്താതെ സമയാസമയങ്ങളിൽ  മുഖ്യമന്ത്രിക്കുവേണ്ടി മീഡിയകളോട് സംസാരിക്കുകയാണ് അദ്ദേഹത്തിൻ്റെ പ്രധാന ജോലി. മന്ത്രിസഭയിൽ  ഏറ്റവും മികച്ച പ്രകടനം നടത്തുന്ന തോമസ് ഐസക്ക്, ജി. സുധാകരന്‍, കെ.കെ. ശൈലജ, പി. തിലോത്തമന്‍, വി.എസ്. സുനിൽ കുമാര്‍ എന്നിവരെ ഏതെങ്കിലും പത്രസമ്മേളനത്തിൽ  പ്രശംസിക്കാന്‍ പോയിട്ട് പേരുകള്‍ പറയാന്‍ പോലും മുഖ്യമന്ത്രി തയ്യാറാവുകയില്ല. ജനക്ഷേമകരമായ ഒട്ടേറെ നേട്ടങ്ങളും സമാനതകളില്ലാത്ത പ്രാദേശിക തലങ്ങളിലുള്ള വികസന പ്രവര്‍ത്തനങ്ങളും ഈ സര്‍ക്കാര്‍ നടത്തിയത് വിസ്മരിക്കാനാവില്ല. എന്നാൽ  തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളും പ്രക്ഷോഭങ്ങളും ഭരണത്തിന്റെ ശോഭ അക്ഷരാര്‍ത്ഥത്തിൽ  കെടുത്തി കളഞ്ഞു.

പതിനാറ് വട്ടം സിപിഐ (എം) സെക്രട്ടറിയായതിന് ശേഷം മുഖ്യമന്ത്രി പദവിയിലെത്തിയ പിണറായി വിജയന്‍ ജനാധിപത്യപരമായ ചര്‍ച്ചകളും അന്വേഷണങ്ങളും നടത്താതെ ഏകാധിപത്യപരമായ ഭരണം കാഴ്ചവെച്ചതാണ് ഇങ്ങനെയൊരു സ്ഥിതി സംസ്ഥാനത്ത് സംജാതമായത്. പച്ചമലയാളത്തി  പറഞ്ഞാ  സ്വന്തം പാര്‍ട്ടിയും ഇടത് പക്ഷ ജനാധിപത്യമുന്നണിയും കേരള ഭരണവും ഞാന്‍ തന്നെ എന്ന സമീപനം. മുഖ്യമന്ത്രിയോട് മുഖത്ത് നോക്കി എന്തെങ്കിലും പറയാന്‍ ധൈര്യമില്ലാത്തവരാണ് പാര്‍ട്ടിയിലും മുന്നണിയിലുമുള്ള മിക്ക നേതാക്കളും. മുഖ്യമന്ത്രിക്ക് മുന്നിൽ  പ്രാര്‍ത്ഥനാ ഭാവത്തിൽ  നിൽക്കുന്നവരാണ് മന്ത്രിമാരിൽ  മിക്കവരും. ചുരുക്കി പറഞ്ഞാൽ  മുഖ്യമന്ത്രിയോട് തിരുത്താന്‍ പറയാന്‍ ആളില്ലാത്ത അവസ്ഥ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ പൂര്‍ണ്ണ ആരോഗ്യവാനായി പഴയപോലെ പൊതുരംഗത്തുണ്ടായിരുന്നെങ്കിലോ, സി.പി.ഐ നേതാക്കളായ വെളിയം ഭാര്‍ഗ്ഗവന്‍, സി.കെ. ചന്ദ്രപ്പന്‍ എന്നിവര്‍ ജീവിച്ചിരിപ്പുണ്ടെങ്കിലോ എന്ന് ഇടതുപക്ഷത്തുള്ളവര്‍ ആഗ്രഹിച്ചുപോവുന്നത്.  

 ഇടതുപക്ഷ ഭരണത്തിന് തുടര്‍ഭരണമുണ്ടാവുമോ എന്നതല്ല ഇവിടെ പ്രശ്‌നം. ഇന്ത്യയ്ക്കാകെ മാതൃകയായിരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ ഇളകിയതാണ് ആശങ്ക ഉയർത്തുന്നത്.. സി. അച്ചുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് സംസ്ഥാനത്ത് വിജയകരമായി മുന്നണി ഭരണം ആരംഭിച്ചത്. അഭിമാനകരമായ വികസനപ്രവര്‍ത്തനങ്ങളും ലക്ഷംവീട് പോലുള്ള ജനകീയ പ്രവര്‍ത്തനങ്ങളും വിവിധ വ്യവസായ ഗവേഷണ സ്ഥാപനങ്ങളും മറ്റും ഈ ഭരണത്തിലുണ്ടായി. അക്കാലത്ത് പ്രതിപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചെങ്കിലും മുന്നണിയുടെ കെട്ടുറപ്പുകൊണ്ട് അതിനെയൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞു. മുന്നണിക്ക് കീഴിലുള്ള ഭരണമായിരുന്നു അത്. ഭരണകക്ഷി നേതാക്കള്‍ ഉള്‍പ്പെട്ട ഒരു ലെയ്‌സണ്‍ കമ്മിറ്റി നിലവിലുണ്ടായിരുന്നു. ആ കമ്മിറ്റിയുടെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചത് അക്കാലത്ത് കേരള രാഷ്ട്രീയത്തിൽ  തലയെടുപ്പുള്ള നേതാക്കളായിരുന്ന കെ.കെ. വിശ്വനാഥന്‍, എ.കെ. ആൻ്റണി, എസ്. വരദരാജന്‍ നായര്‍ എന്നിവരായിരുന്നു. ഈ മുന്നണിയുടെ യോഗം പതിവായി നടന്നിരുന്നു. അതാത് കാലത്തെ രാഷ്ട്രീയ സംഭവങ്ങള്‍ മാത്രമല്ല. മുന്നണി ഭരണത്തിൻ്റെ നേട്ടങ്ങളും കോട്ടങ്ങളും പോരായ്മകളും ഭാവി പരിപാടികളും സമഗ്രമായി ചര്‍ച്ചചെയ്യാറുണ്ടായിരുന്നു. ഓരോ മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദമായ ചര്‍ച്ചകള്‍ നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലും ഭരണമുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍ തമ്മിലും പരസ്പര വിശ്വാസത്തോടെയും സ്‌നേഹത്തോടെയും കഴിഞ്ഞു. മുന്നണിയുടെ മുകളിൽ  ആരും പറന്നില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ തങ്ങളുടെ മാത്രം പബ്ലിസിറ്റിക്ക് വേണ്ടി പരിശ്രമിച്ചില്ല.

 സി. അച്ചുതമേനോന്‍ ഭരണത്തെക്കുറിച്ച്  രാഷ്ട്രീയ ഐക്യത്തെക്കുറിച്ചും ഒരു വിഭാഗത്തിന് അന്നും ഇന്നും യോജിപ്പില്ല. എന്നാൽ  അക്കാലത്തെ മുന്നണി സംവിധാനത്തിൻ്റെ കെട്ടുറപ്പിനെപ്പറ്റിയും അവര്‍ക്കും നല്ല മതിപ്പായിരുന്നു. ഇതെ മാതൃകയിൽ  തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംവിധാനം നിലവിൽ  വന്നതും മുന്നോട്ട് നീങ്ങിയതും. സി.പി.ഐ. കോണ്‍ഗ്രസ്സ് ബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിപദം രാജിവെച്ചാണ് നിലവിലുള്ള എൽ .ഡി.എഫ്. രൂപീകരിച്ചത്. മുന്നണി രൂപീകരണത്തിൽ  രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഒരേപോലെ പങ്കുണ്ട്. തികച്ചും ഫലപ്രദമായ മുന്നണി സംവിധാനമായിരുന്നു എൽ .ഡി.എഫിന് ഇവിടെ ഉണ്ടായിരുന്നത്. ഭരണത്തിലിരുന്നപ്പോള്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ചു. പ്രതിപക്ഷത്താവുമ്പോള്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ടു. കാര്യങ്ങളൊക്കെ മുന്നോട്ട് നീക്കിയത് പതിവായി മുന്നണി യോഗം ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയിട്ടായിരുന്നു. വി.എസ്. അച്ചുതാനന്ദന്‍, എം.പി. വീരേന്ദ്രകുമാര്‍, പി.വി.കുഞ്ഞിക്കണ്ണന്‍, എം.എം. ലോറന്‍സ്, വൈക്കം വിശ്വന്‍ എന്നീ ജനനേതാക്കളായിരുന്നു കഴിഞ്ഞകാലം വരെ എ .ഡി.എഫ്. കണ്‍വീനര്‍മാര്‍. ഇപ്പോഴാണെങ്കിൽ  മുഖ്യമന്ത്രിയുടെ ആശ്രിത വത്സലന്‍ എന്നറിയപ്പെടുന്ന എ. വിജയരാഘവനാണ് മുന്നണിയുടെ കണ്‍വീനര്‍. ഘടകകക്ഷികളെ യോജിച്ച് കൊണ്ടുപോകാനോ പ്രധാന വിഷയങ്ങളിൽ  അവരുമായി ചര്‍ച്ച ചെയ്ത് തീര്‍പ്പിലെത്താനോ ജനസമ്മതനല്ലാത്ത മുന്നണി കണ്‍വീനര്‍ക്ക് കഴിയുന്നില്ല. മുന്നണിയുടെ യോഗം പോലും ചേരാറില്ല. ഫലത്തിൽ  മുഖ്യമന്ത്രിയും കണ്‍വീനറും ചേര്‍ന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നോക്കുകുത്തിയാക്കി മാറ്റി.

 കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് അഴിമതിക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശക്തമായ സമരങ്ങളാണ് നിരന്തരം നടത്തിയത്. ഇതിൻ ഫലമായി യു.ഡി.എഫ് സര്‍ക്കാര്‍ നേരാവണ്ണം ഭരിക്കാന്‍ പോലും കഴിയാതെ ആടിയുലഞ്ഞു. ഈ സാഹചര്യത്തിലാണ് എൽ .ഡി.എഫ് വരും എല്ലാം ശരിയാവും എന്ന വാഗ്ദാനം വ്യാപകമായി പ്രചരിപ്പിച്ചത്. മാധ്യമങ്ങളും എൽ .ഡി.എഫിന് അകമഴിഞ്ഞ് സഹായിച്ചു. ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള പിണറായി വിജയൻ്റെ നേതൃത്വത്തിൽ  അഴിമതി രഹിതമായ സദ്ഭരണം പ്രദാനം ചെയ്യുമെന്ന് എൽ .ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, കേരളത്തിലെ ജനങ്ങളാകെ വിശ്വസിച്ചു. എൽ .ഡി.എഫ് കരുത്തുറ്റ മുന്നണിയായി ജനകീയാടിത്തറ വികസിപ്പിച്ച് മുന്നോട്ട് പോവുമെന്നും അണികളാകെ കരുതി. മുന്നണി ഭരണം അധികാരത്തിലേറി അധികം കഴിയുന്നതിന് മുമ്പ് തന്നെ ഈ ഭരണത്തിനോടുള്ള പ്രതീക്ഷകളും വിശ്വാസങ്ങളും പതുക്കെ പതുക്കെ തകരുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള സമീപകാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങളും അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളും വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കള്‍ ഇക്കാര്യം ഗൗരവമായി ആലോചിച്ചാൽ  നല്ലതാണ്.  ബംഗാളിൻ്റെയും ത്രിപുരയുടെയും അവസ്ഥയിലേക്ക് കേരളം നീങ്ങുകയാണെന്ന് യാഥാര്‍ത്ഥ്യം ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.  അതുതന്നെയാണ് അവരുടെ ദുഃഖത്തിനും നിരാശയ്ക്കും കാരണം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകന്‍)