യൂണിടാക് ഉടമയില്‍ നിന്ന് സിബിഐ നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്തു

യൂണിടാക് ഉടമയില്‍ നിന്ന് സിബിഐ നിര്‍ണ്ണായക രേഖകള്‍  പിടിച്ചെടുത്തു

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ യൂണിടാകിന്റെ ഉടമ സന്തോഷ് ഈപ്പനില്‍ നിന്ന് ഭൂമി ഇടപാടിന്റേത് ഉള്‍പ്പെടയുള്ള രേഖകള്‍ സിബിഐ പിടിച്ചെടുത്തു. യൂണിടാക്, സെയ്ന്റ് വെഞ്ചേഴ്‌സ് എന്നവയുടെ ഓഫീസുകളിലും ഉടമകളുടെ വീടുകളിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്. ഈ റെയ്ഡിലാണ് നിര്‍ണ്ണായക രേഖകള്‍ സിബിഐ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സിബിഐ ഈ കേസ് സംബന്ധിച്ച പ്രാഥമിക അന്വേഷണം നടത്തിവരികയായിരുന്നു. 

കമ്മീഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും കസ്റ്റഡിയിലെടുത്തു. മൂന്ന് ബാങ്കുകളിലൂടെ യൂണിടാകിന് റെഡ്ക്രസന്റ് നേരിട്ട് പണം നല്‍കി എന്നാണ് കണ്ടെത്തല്‍. ഇങ്ങനെ പണം കൈമാറുന്നത് വിദേശ നാണയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനമാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍, കരാര്‍ സംബന്ധിച്ച രേഖകള്‍, ഭൂമി ഇടപാട് സംബന്ധിച്ച രേഖകള്‍ എന്നിവയെല്ലാം തന്നെ സിബിഐ കസ്റ്റഡിയിലെടുത്തു. അടുത്ത പടിയായി സിബിഐ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ ചോദ്യം ചെയ്യും.