ഭാഗ്യക്കുറി വാങ്ങല്‍ അഡിക്ഷന്‍: ശ്രദ്ധിക്കാം ഈ അപായസൂചനകള്‍

ഭാഗ്യക്കുറി വാങ്ങല്‍ അഡിക്ഷന്‍: ശ്രദ്ധിക്കാം ഈ അപായസൂചനകള്‍

ആളുകള്‍ ലോട്ടറി എടുക്കുന്നത് എന്തിനാണ്? കുറഞ്ഞ പണം മുടക്കി ഭാഗ്യത്തിന്റെ സ്പര്‍ശം കൊണ്ട് മാത്രം വലിയ ധനം ഉണ്ടാക്കാമെന്ന ആ പ്രലോഭനം തന്നെയാണ് ഇത് വാങ്ങുന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രം. ക്ഷേമ  പ്രവര്‍ത്തനത്തിനായി സര്‍ക്കാരിന്റെ ഖജനാവ് നിറയ്ക്കാന്‍ ഒരു കൈ സഹായം ചെയ്യുകയാണെന്ന ചിന്തയൊന്നും ലോട്ടറി വാങ്ങുമ്പോള്‍ ഉണ്ടാവില്ല. ചൂതാട്ടത്തിന്റെ സാമൂഹികാംഗീകാരമുള്ള ഒരു കൊച്ചു പതിപ്പാണ് ലോട്ടറി വ്യവസായം.

ഒന്നോ രണ്ടോ ടിക്കറ്റില്‍ ഒതുങ്ങിയാല്‍ അതൊരു പെരുമാറ്റ പ്രശ്‌നമല്ല. ഭാഗ്യം സാധാരണ ഒറ്റ ടിക്കറ്റ് എടുക്കുന്നവന്റെ കൂടെയാണ്. എന്നാല്‍ ഈ വിദ്വാന്റെ ലോട്ടറി വാങ്ങലിന്റെ പ്രകൃതം നോക്കുക, ശമ്പളത്തിന്റെ സിംഹഭാഗവും ഭാഗ്യക്കുറി വാങ്ങി തുലയ്ക്കുന്നത് കൊണ്ടാണ് കക്ഷിയെ മാനസികാരോഗ്യ  വിദഗ്ധന്റെ മുമ്പില്‍ ഭാര്യ എത്തിച്ചത്. ഭാഗ്യ നമ്പറെന്ന് അയാള്‍ കരുതുന്ന അക്കത്തില്‍ അവസാനിക്കുന്ന നൂറ് കണക്കിന് ടിക്കറ്റുകളാണ് വാങ്ങി കൂട്ടുന്നത്. ആയിരങ്ങളില്‍ ഒതുങ്ങുന്ന ചില സമ്മാനങ്ങള്‍ കിട്ടാറുണ്ട്. നറുക്കെടുപ്പ് കഴിഞ്ഞാല്‍ വെറും കടലാസ്സ് കഷണങ്ങളായി മാറുന്ന ടിക്കറ്റുകള്‍ കീറി കളയേണ്ടിയും വന്നിട്ടുണ്ട്. 

ഒരു ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി അയാള്‍ പണം വാരി എറിഞ്ഞു കൊണ്ടേയിരിക്കുന്നു, വീട്ടു ചെലവിന് പണം നല്‍കാനില്ല. ലോട്ടറി വാങ്ങല്‍ ശീലങ്ങളെ ഒരു ചൂതാട്ട അടിമത്തത്തിന്റെ തലത്തിലേക്ക് മാറ്റുന്ന ഇങ്ങനെയും ചിലര്‍ ഉണ്ടെന്നത് മറക്കാന്‍ പാടില്ല. ഇവരെ നേരത്തെ തിരിച്ചറിയണം. ചൂതാട്ട അടിമത്തത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് രോഗ നിര്‍ണയ മാന്യുവലുകള്‍ എഴുതുന്നതിനെ ലോട്ടറി സാഹചര്യത്തിലേക്ക് മാറ്റിയാല്‍ അപായ സൂചനകളെ ഇങ്ങനെ കുറിക്കാം.

അപായ സൂചനകള്‍...

ചെറിയ സമ്മാനങ്ങള്‍ കിട്ടിയാലും, ഇല്ലെങ്കിലും കൂടുതല്‍ കൂടുതല്‍ പണം മുടക്കി ഭാഗ്യത്തെ തേടുവാനുള്ള ആവേശം

. ലോട്ടറി ടിക്കറ്റ് വാങ്ങാതിരിക്കുമ്പോഴോ  വാങ്ങുന്നതിന്റെ എണ്ണം കുറയുമ്പോഴോ ഉണ്ടാകുന്ന അസ്വസ്ഥതകള്‍

ഭാഗ്യ കുറിക്കായി ഇനി ഇങ്ങനെ കാശ് മുടക്കില്ലെന്ന തീരുമാനം എടുത്തിട്ടും അത് നടപ്പിലാക്കുന്നതില്‍ ആവര്‍ത്തിച്ചു സംഭവിക്കുന്ന പരാജയം

. ലോട്ടറിയില്‍ നിന്നും കിട്ടിയ  ചെറിയ സമ്മാനത്തെ കുറിച്ചും കിട്ടാന്‍  പോകുന്ന ബമ്പര്‍ ഭാഗ്യത്തെ കുറിച്ചുമൊക്കെ എപ്പോഴും  വിചാരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ .

എല്ലാ ചുമതലകളും വിട്ടെറിഞ്ഞു,  നറുക്കെടുപ്പ് ഫലം വരുന്ന വേളയില്‍ തന്നെ അറിയാനായി കാണിക്കുന്ന ആവേശം

ഇത്തവണത്തെ നഷ്ടം അടുത്ത ലോട്ടറി പരീക്ഷണത്തിലൂടെ ഇല്ലാതാക്കുമെന്ന വാശിയും , കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങുന്ന പ്രവണത

പണം ചെലവാക്കുന്നത്  ഭാഗ്യക്കുറി എടുക്കലിനാണെന്ന വാസ്തവം മറ്റുള്ളവരില്‍ നിന്ന് ഒളിപ്പിക്കാനായുള്ള നുണ പറച്ചില്‍. ഭാഗ്യം കടാക്ഷിക്കാത്ത ടിക്കറ്റുകള്‍ ആരും കാണാതെ നശിപ്പിക്കുന്ന സ്വഭാവം

. ലോട്ടറിക്കായി ചെലവാക്കാനുള്ള പണത്തിന്റെ സ്രോതസ്സ് കുറയുമ്പോള്‍ മറ്റുള്ള ആവശ്യങ്ങള്‍ ചൊല്ലിയുള്ള കടം വാങ്ങല്‍ ശീലം. മോഷണം.

. അമിതമായ ലോട്ടറി ശീലം മൂലം കുടുംബത്തില്‍ ഉണ്ടാകുന്ന അസ്വാരസ്യങ്ങളോടും, കുടുംബാംഗങ്ങള്‍ നടത്തുന്ന കുറ്റപ്പെടുത്തലുകളോടും മൗനത്തോടെയോ കോപത്തോടെയോ പ്രതികരിക്കുന്ന സ്വഭാവം .

മുക്തി നേടണം...

ലോട്ടറി അടിമത്തത്തില്‍ പെട്ട് പോയി സഹായത്തിനായി വീട്ടുകാര്‍ കൊണ്ടു വന്ന കക്ഷികളില്‍ ഇതില്‍ നാലു ലക്ഷണങ്ങളെങ്കിലും കണ്ടിട്ടുണ്ട്. ഭാഗ്യ ക്കുറി എടുക്കുന്നവരില്‍ ഈ സൂചനകള്‍ കണ്ടാല്‍ ഇതൊരു മാനസികാരോഗ്യ പ്രശ്‌നമായി മാറിയെന്നു തന്നെ കണക്കാക്കണം. ഒന്നോ രണ്ടോ ടിക്കറ്റ് എടുത്തു ഭാഗ്യം പരീക്ഷിക്കുന്ന പ്രകൃതത്തില്‍ നിന്നു വഴുതി മാറി ഒരു പെരുമാറ്റ വൈകല്യത്തിലേക്ക് പോയിയെന്ന് സ്വയം അംഗീകരിക്കുന്ന മനോഭാവം ഉണ്ടാക്കണം. 

ഭാഗ്യം തേടിയുള്ള ലോട്ടറി ചൂതാട്ടത്തിന് സുല്ലിടാനുള്ള ഇച്ഛാശക്തി ഉണ്ടാക്കണം. അതിലേക്ക് നയിക്കുന്ന ഉള്‍പ്രേരണകള്‍ ഉണരുമ്പോള്‍ മനസ്സിനെ മറ്റ് കാര്യങ്ങളിലേക്ക് വ്യതിചലിപ്പിക്കാന്‍ കഴിയണം. പ്രിയപ്പെട്ടവരുടെ സഹായം തേടാം. നിയന്ത്രണം ക്ലേശകരമെങ്കില്‍ മാനസികാരോഗ്യ സഹായം തേടണം.