ലുലു എക്സ്‌ചേഞ്ചിൻ്റെ 75-ാമത് ശാഖ പ്രവർത്തനമാരംഭിച്ചു

ലുലു എക്സ്‌ചേഞ്ചിൻ്റെ 75-ാമത് ശാഖ പ്രവർത്തനമാരംഭിച്ചു

ദുബായ് : ലുലു ഇൻ്റർനാഷണൽ എക്സ്‌ചേഞ്ചിൻ്റെ 75-ാമത് ശാഖ പ്രവർത്തനമാരംഭിച്ചു. ജെബൽഅലി വ്യവസായിക മേഖലയിലെ ശാഖയുടെ ഉദ്ഘാടനം യു.എ.ഇ. ധനമന്ത്രി അബ്ദുല്ല ബിൻ തൗക് അൽ മാരി നിർവഹിച്ചു. ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാനും എം.ഡിയുമായ എം.എ.യൂസഫലി, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദ് എന്നിവർ ഓൺലൈനായി നടന്ന ചടങ്ങിൽ സംബന്ധിച്ചു.

രാജ്യത്തിൻ്റെ വളർച്ചയോട് ചേർന്ന് തന്നെയാണ് ലുലു ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളും. 75 ശാഖയെന്ന വലിയ നേട്ടത്തിൽ ലുലു എക്സ്‌ചേഞ്ചിന് എല്ലാ ആശംസകളും നേരുന്നതായും  അബ്ദുല്ല ബിൻ തൗക് അൽ മാരി അറിയിച്ചു.

യു.എ.ഇ.യിലെ ജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളാണ് ലുലു എക്സ്‌ചേഞ്ച് നൽകിവരുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. ഉപഭോക്താക്കളുടെ താത്‌പര്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഡിജിറ്റൽ സാങ്കേതികതയിലൂടെ എളുപ്പത്തിൽ സേവനം ലഭ്യമാക്കുക വഴി ഡിജിറ്റൽ സമ്പദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാവാനും കഴിയുന്നതായി അദ്ദേഹം പറഞ്ഞു. ജെബൽഅലിയിലെ പുതിയ ശാഖയോടെ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിൻ്റെ ആഗോള തലത്തിലെ സാന്നിധ്യം 224 ശാഖകളായി ഉയർന്നുവെന്ന് എം.ഡി.അദീബ് അഹമ്മദ് വ്യക്തമാക്കി. ജെബൽ അലി പാസൺ ഹൈപ്പർമാർക്കറ്റിലാണ് പുതിയ ശാഖ പ്രവർത്തിക്കുന്നത്.