ദേവന്മാരുടെ ദേവൻ 'ഇന്ദ്രന്‍' പട്ടിണിയിൽ

ദേവന്മാരുടെ ദേവൻ  'ഇന്ദ്രന്‍' പട്ടിണിയിൽ
സതീഷ് കൗള്‍

ഭക്ഷണത്തിനും മരുന്നിനും വഴി തേടി മഹാഭാരതം പരമ്പരയിലെ 'ഇന്ദ്രന്‍'
ദേവന്മാരുടെ ദേവനാണ് ഇന്ദ്രന്‍. സര്‍വശക്തന്‍. എന്നാല്‍, അതല്ല സ്‌ക്രീനില്‍ ദേവേന്ദ്രന്റെ വേഷമണിഞ്ഞ നടന്റെ അവസ്ഥ. ലോക്ഡൗണ്‍ കാലത്ത് രണ്ടാം വരവിലും വന്‍ ഹിറ്റായി ബി.ആര്‍. ചോപ്രയുടെ മഹാഭാരതം പരമ്പര തകര്‍ത്തോടുമ്പോള്‍ അതില്‍ ഇന്ദ്രനായി വേഷമിട്ട സതീഷ് കൗള്‍ എന്ന നടന്‍ വാര്‍ധക്യകാലത്ത് കാശില്ലാതെ മരുന്നിനും ഭക്ഷണത്തിനുംവേണ്ടി കഷ്ടപ്പെടുന്ന അസ്ഥയിലാണ്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഒരു കാലത്ത് പഞ്ചാബി സിനിമയിലും ടെലിവിഷനിലും നിറസാന്നിധ്യമായിരുന്ന എഴുപത്തിമൂന്നുകാരനായ സതീഷ് കൗള്‍ ഇയ്യടുത്ത കാലം വരം ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു താമസം. അടുത്തിടെയാണ് സത്യദേവി എന്ന സ്ത്രീയുടെ സഹായത്തോടെ  ഒരു കൊച്ചുവാടക വീട്ടിലേയ്ക്ക്  താമസം മാറിയത്.

സ്വതവേ സാമ്പത്തികമായി പ്രയാസം അനുഭവപ്പെടുന്ന സതീഷ്  ലോക്ഡൗണ്‍ കാരണം മരുന്നും മറ്റ് ഭക്ഷണവസ്തുക്കളും കിട്ടാനില്ലാതെ താന്‍ ബുദ്ധിമുട്ടുകയാണെന്ന് പി.ടി.ഐ.യോട് പറഞ്ഞു. സിനിമാരംഗത്തുള്ളവരോട് ഞാന്‍ സഹായത്തിന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് സ്‌നേഹം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്നത്തെ ദയനീയാവസ്ഥയിലും ഈ സ്‌നേഹം എനിക്ക് നല്‍കണമെന്നാണ് ഞാന്‍ പഴയ സഹപ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നത്.

 പഞ്ചാബി സിനിമയിലെ അമിതാഭ് ബച്ചന്‍ എന്ന വിളിപ്പേരുള്ള സതീഷ് അഭിനയരംഗത്ത് നിറഞ്ഞുനില്‍ക്കെ 2011ല്‍ പഞ്ചാബില്‍ നിന്ന് മുംബൈയിലേയ്ക്ക് ചേക്കേറുകയായിരുന്നു. അതിടെ ഒരു അഭിനയപാഠശാല ആരംഭിച്ചു. എന്നാല്‍, അത് ഒരു വലിയ പരാജയമായിരുന്നു. ഇതാണ് സതീഷിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. സമ്പാദിച്ച പണമത്രയും സ്‌കൂളിനുവേണ്ടി നഷ്ടപ്പെടുത്തി. ഇതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിലായി. കുറച്ചുകാലം തുച്ഛമായ ശമ്പളത്തിന് പാട്യാലയിലെ ഒരു കോളേജില്‍ ജോലി ചെയ്തു. അഞ്ച് വര്‍ഷം മുന്‍പ് ഒരു അപകടത്തില്‍പ്പെട്ട് ഇടുപ്പെല്ല് തകര്‍ന്ന് കിടപ്പിലായതോടെ ഈ ജോലിയും അതില്‍ നിന്നുള്ള വരുമാനവും നിലച്ചു. രണ്ട് വര്‍ഷം മുന്‍പ് വരെ സര്‍വകലാശാലയില്‍ നിന്നുള്ള പെന്‍ഷന്‍ ലഭിച്ചിരുന്നു. പിന്നീട് അതും കിട്ടാതായി. 

പിന്നീട് രണ്ടര വര്‍ഷം പൂര്‍ണമായും ആശുപത്രിയില്‍ കിടപ്പിലായി. ഇതിനുശേഷമാണ് ലുധിയാനയിലെ വിവേകാനന്ദ വൃദ്ധസദനത്തിലേയ്ക്ക് താമസം മാറ്റിയത്. നേരത്തെ വിവാഹമോചനം നേടിയ ഭാര്യ മകനോടൊപ്പം യു.എസ്. എയിലാണ് ഇപ്പോള്‍ താമസം.

പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം കൊണ്ടാണ് ഇതുവരെ പിടിച്ചുനിന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആ പണവും തീര്‍ന്നു. ഇതിനിടെ ലോക്ഡൗണ്‍ കൂടി വന്നതോടെ ജീവിതം ശരിക്കും പ്രതിസന്ധിയിലായി.

ആളുകള്‍ എന്നെ മറന്നിട്ടില്ലെങ്കില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുക്കമാണെന്ന് സതീഷ് കൗള്‍ പറഞ്ഞു. അഭിനയിക്കാനുള്ള അഭിവാഞ്ജ ഇപ്പോഴും ഉള്ളിലുണ്ട്. ഏത് വേഷമാണെങ്കില്‍ അത് അഭിനയിച്ചു ഫലിപ്പിക്കാമെന്ന ആത്മവിശ്വാസം ഇന്നുമുണ്ട്-മഹാഭാരതത്തിന് പുറമെ വിക്രം ഔര്‍ ബേതാള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലും പ്യാര്‍ തൊ ഹോന ഹി താ, ആന്റി നമ്പര്‍ വണ്‍, സഞ്ജീര്‍, രാം ലഖന്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും വേഷമിട്ട സതീഷ് പറഞ്ഞു.