16–കാരിയായ ജിയാ ഖാനുമൊത്തുള്ള മഹേഷ് ഭട്ടിന്റെ വിഡിയോ പുറത്ത്

16–കാരിയായ ജിയാ ഖാനുമൊത്തുള്ള മഹേഷ് ഭട്ടിന്റെ വിഡിയോ പുറത്ത്

ബോളിവുഡ് നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുമ്പോൾ നിർമാതാവ് മഹേഷ്‌ ഭട്ടിന്റെ ഒരു പഴയകാല വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. നടി ജിയാ ഖാനുമൊത്തുള്ളതാണ് വിഡിയോ. 2004–ൽ ഷൂട്ട് ചെയ്ത വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. അന്ന് ജിയാ ഖാന് പതിനാറ് വയസ്സാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

2007ൽ രാം ഗോപാൽ വര്‍മ ചിത്രം നിശബ്ദിലൂടെയാണ് ജിയ ഖാൻ അഭിനയരംഗത്തെത്തുന്നത്. 2004ല്‍ റിലീസ് ചെയ്ത തുംസ നഹിൻ ദേഖ എന്ന ഇമ്രാൻ ഹാഷ്മി ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ജിയയെയായിരുന്നു. മഹേഷ് ഭട്ടിന്റെ സഹോദരൻ മുകേഷ് ഭട്ട് ആയിരുന്നു ഈ സിനിമ നിർമിച്ചത്. 

സുശാന്തിന്റെ കാമുകിയായ റിയ ചക്രവർത്തിയുമായുള്ള ബന്ധത്തെക്കുറിച്ച് ആരോപണങ്ങൾ ഉയരുമ്പോളാണ് മഹേഷ് ഭട്ടിന്റെ ഈ വിഡിയോ ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ റിയയുമായുള്ള മഹേഷ് ഭട്ടിന്റെ വാട്ട്സാപ് ചാറ്റ് സ്ക്രീൻ ഷോട്ട് സമൂഹമാധ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു.‌‌‌‌‌‌‌‌‌‌‌‌

 

നടി ജിയാ ഖാന്റേതും ആത്മഹത്യയായിരുന്നു. 2013ലാണ് സംഭവം. മുംബൈയിലെ വസതിയിൽ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ജിയയെ കണ്ടെത്തുന്നത്. കാമുകൻ സൂരജ് പഞ്ചോളിയാണ് ആത്മഹത്യയ്ക്കു പിന്നിലെന്ന് ജിയയുടെ കുടുംബം ആരോപിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ കേസ് റദ്ദാക്കുകയായിരുന്നു. 

ബോളിവുഡ് മാഫിയ ഇപ്പോഴും നിലനില്‍ക്കുന്നെന്നും തന്റെ മകളുടെ മരണത്തിന് കാരണം ബോളിവുഡിലെ ചില അദൃശ്യ ശക്തികളാണെന്നും ജിയയുടെ അമ്മ റാബിയ പറഞ്ഞിരുന്നു. നടന്‍ സുശാന്ത് സിങിന്റെ മരണത്തിനും ജിയയുടെ മരണത്തിലും സമാനതകള്‍ ഉണ്ടെന്നും പറഞ്ഞ അവര്‍ ഈ രണ്ടു മരണങ്ങളെയും ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. 

സുശാന്തിന്റെയും ജിയയുടെയും മരണം ആരൊക്കെയോ മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ ഫലമാണെന്ന് അവര്‍ പറയുന്നു. സ്‌നേഹം നടിച്ച്‌ കൂടെ ക്കൂടുന്ന കാമുകന്‍/ കാമുകി. അതിന് ശേഷം അവരുടെ വീട്ടുകാരില്‍ നിന്ന് അകറ്റുന്നു. പിന്നീട് പണം തട്ടിയെടുക്കുന്നു. മാനസികമായി തളര്‍ത്തി കടന്നുകളയുന്നു- ഇതാണ് ജിയയ്ക്കും സുശാന്തിനും സംഭവിച്ചതെന്നും റാബിയ പറഞ്ഞു.

ജിയ കടുത്ത വിഷാദരോഗിയായിരുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിച്ചിരുന്നു. അതില്‍ ഒരാളാണ് മഹേഷ് ഭട്ട്. അവളുടെ സംസ്‌കാരചടങ്ങില്‍ എത്തിയ അദ്ദേഹം ജിയയ്ക്ക് വിഷാദരോഗമുണ്ടായിരുന്നു എന്ന് പറഞ്ഞു. മകള്‍ക്ക് അങ്ങനൊരു രോഗം ഇല്ലെന്ന് ഞാന്‍ മറുപടി നല്‍കി. എന്നോട് മിണ്ടാതിരിക്കാനാണ് അന്ന് അദ്ദേഹം പറഞ്ഞത്. പതിനാറാം വയസ്സില്‍ എന്റെ മകള്‍ അയാളുടെ കീഴില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതു മുതല്‍ അയാള്‍ എന്നെ ഭയപ്പെടുത്തുകയായിരുന്നു. അവളെ ഒറ്റയ്ക്ക് വിട്ടേക്കാന്‍ എന്നോട് നിരന്തരം പറയുമായിരുന്നു. എനിക്കെങ്ങനെ അവളെ ഉപേക്ഷിക്കാന്‍ കഴിയും? എനിക്ക് നീതി വേണം. ഈ സത്യങ്ങളെല്ലാം ഞാന്‍ എല്ലാവരോടും വിളിച്ച്‌ പറയും”- റാബിയ പ്രതികരിച്ചു.

സുശാന്തിന്റെ മരണത്തിനു പിന്നാലെ സിനിമാ മേഖലയിലെ താര ആധിപത്യങ്ങളെക്കുറിച്ച് നടി കങ്കണ റണൗത്ത് തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. അതിനു ശേഷമാണ് ജിയയുടെ അമ്മ റാബിയ ഖാന്‍ സിനിമാ മാഫിയയെക്കുറിച്ച്‌ വെളിപ്പെടുത്തുന്നത്.

 

 

‘സുശാന്തിന്റെ മരണത്തിനു പിന്നിൽ മൂവർ സംഘം’; മഹേഷ് ഭട്ടിനും പങ്ക്: വെളിപ്പെടുത്തൽ