നമുക്ക് ഈ യാത്ര തുടരാം- ഇച്ചാക്ക

നമുക്ക് ഈ യാത്ര തുടരാം- ഇച്ചാക്ക

മോഹന്‍ ലാലിന്‍റെ അറുപതാം പിറന്നാള്‍ ബുധനാഴ്ച മുതല്‍ ആഘോഷിക്കാന്‍ തുടങ്ങിയതാണ്. ഇതിനിടയില്‍ പലരും ശ്രദ്ധിച്ച ഒരു കാര്യം മമ്മൂട്ടി എന്തു പറയുന്നു എന്നറിയാനാണ്. ഇന്നാണ് സഹപ്രവര്‍ത്തകന് ആശംസയുമായി മമ്മൂട്ടി എത്തിയത്. ഒരുമിച്ച് പിന്നിട്ട വഴികളെക്കുറിച്ചും സിനിമയ്ക്ക് അപ്പുറത്തുള്ള ആത്മബന്ധത്തെക്കുറിച്ചുമൊക്കെ പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ആശംസ പുറത്തുവിട്ടത്. ഇച്ചാക്ക എന്ന് മോഹന്‍ലാല്‍ തന്നെ വിളിക്കുമ്പോള്‍ തോന്നുന്ന സന്തോഷം മറ്റാരും വിളിക്കുമ്പോള്‍ തോന്നാറില്ലെന്ന് മമ്മൂട്ടി പറയുന്നു.

മോഹന്‍ലാലിനെ സംബോധന ചെയ്യുന്ന രീതിയിലാണ് വീഡിയോ.മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ:ലാലിന്‍റെ ജന്മദിനമാണ്. ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് ഏകദേശം 39 വര്‍ഷം കഴിഞ്ഞു. പടയോട്ടത്തിന്‍റെ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം ദാ ഇന്നു വരെ.എന്‍റെ സഹോദരങ്ങള്‍ വിളിക്കുന്നതുപോലെയാണ് ലാല്‍ എന്നെ വിളിക്കുന്നത്-ഇച്ചാക്ക. പലരും വിളിക്കുമ്പോഴും തോന്നാത്ത സന്തോഷം ലാല്‍ അങ്ങനെ വിളിക്കുമ്പോള്‍ തോന്നാറുണ്ട്. എന്‍റെ സഹോദരങ്ങളില്‍ ഒരാളെന്ന തോന്നല്‍.

വളരെ നീണ്ട ഒരു യാത്രയാണ് ഞങ്ങളുടേത്. ചില്ലറ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ നേരിട്ട് കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞുപോകുന്നത് പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. എന്‍റെ മോളുടെ വിവാഹം, മോന്‍റെ വിവാഹം. ഇതൊക്കെ ലാല്‍ സ്വന്തം വീട്ടിലേതുപോലെ നിന്ന് നടത്തിത്തന്നത് എനിക്ക് ഓര്‍മ്മയുണ്ട്. അപ്പു (പ്രണവ് മോഹന്‍ലാല്‍) ആദ്യമായി സിനിമയിലേക്ക് പോകുന്നതിന് മുന്‍പ് എന്നെ വീട്ടില്‍ വന്നുകണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. സിനിമയിലെ സഹ അഭിനേതാക്കള്‍ എന്നതിനപ്പുറം ഞങ്ങളുടെ ബന്ധം വളര്‍ന്നിരുന്നു. അത് ഈ യാത്രയിലെ മറക്കാനാവാത്ത കാര്യമാണ്. ഇനിയുള്ള കാലവും നമുക്ക് ഈ യാത്ര തുടരാം.