നായയെ ലൈംഗികമായി പീഡിപ്പിച്ച 40കാരന് ആറുമാസം തടവ്

നായയെ ലൈംഗികമായി പീഡിപ്പിച്ച 40കാരന് ആറുമാസം തടവ്

തെരുവ് നായയെ ലൈംഗികമായി പീഡിപ്പിയാളിന് താനെയിലെ മജിസ്‌ട്രേറ്റ് കോടതി ആറുമാസത്തെ തടവ് വിധിച്ചു. ഇതിനൊപ്പം 1050 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജൂലൈ 26, 2020ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. താനെയിലെ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിപി ഖണ്ഡാരേയാണ് വിജയ് ചല്‍ക്കെ എന്ന നാല്‍പ്പതുകാരനെതിരെ വിധി പറഞ്ഞത്. താനെ വഗ്‌ള ഈസ്റ്റ് നിവാസിയാണ് ഇയാള്‍. ഇയാള്‍ കൂലിപ്പണികള്‍ ചെയ്താണ് ജീവിക്കുന്നത് ഒപ്പം തന്നെ മാലിന്യം നീക്കം ചെയ്യുന്ന ജോലിയും ചെയ്യും. ഒപ്പം ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും വിവരമുണ്ട്.

വിജയ് ചല്‍ക്കെ നടത്തിയത് അപൂര്‍വ്വമായ ഒരു കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഐപിസി സെക്ഷന്‍ 377 അനുസരിച്ചാണ് ഇയാള്‍ക്ക് ശിക്ഷ നല്‍കിയിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള ആക്ട് പ്രകാരമാണ് ഇയാള്‍ക്ക് പിഴ ചുമത്തിയത്. പ്രതി പീഡിപ്പിച്ച നായയ്ക്ക് സ്ഥിരമായി തീറ്റ നല്‍കുന്നത് ഒരു കൂട്ടം കുട്ടികളാണ്. ഇവരാണ് വിജയ് ചല്‍ക്കെയുടെ പ്രവര്‍ത്തി കണ്ടെത്തിയതും, മൃഗസ്‌നേഹികളെ അറിയിച്ചതും. ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. ഈ സംഭവം താനെയിലെ മൃഗ സ്‌നേഹി സംഘടനകള്‍ വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.