കാർ വാടകയ്ക്ക് നൽകാൻ മാരുതി സുസുക്കി

കാർ വാടകയ്ക്ക് നൽകാൻ മാരുതി സുസുക്കി

മാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കുന്ന മാരുതി സുസുക്കി സബ്സ്ക്രൈബ് പദ്ധതി ഇനി ഹൈദരബാദ്, പുണെ നഗരങ്ങളിലും. മൈൽസ് ഓട്ടമോട്ടീവ് ടെക്നോളജീസുമായി സഹകരിച്ചാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഈ നഗരങ്ങളിൽ സബ്സ്ക്രൈബ് പദ്ധതി നടപ്പാക്കുന്നത്. 12, 18, 24, 30, 36, 42, 48 മാസത്തെ പാട്ടകാലാവധിയോടെയാണ് ഈ നഗരങ്ങളിൽ മാരുതി സുസുക്കി സബ്സ്ക്രൈബ് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ കാറുകളാണു പദ്ധതി പ്രകാരം ഉപയോക്താക്കൾക്കു ലഭ്യമാക്കുകയെന്നു മാരുതി സുസുക്കി അറിയിച്ചു. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാനും വരിക്കാർക്ക് അവസരമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ 15 ദിവസത്തിനകം പുതിയ കാർ കൈമാറുമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം

വാഹനം ഉപയോഗിക്കാനുള്ള ഫീസ്, പരിപാലന ചെലവ്, കാറുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾ തുടങ്ങിയ കണക്കാക്കി നിർണയിച്ച പ്രതിമാസ വാടകയാണ് മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രകാരം ഉപയോക്താവിനോട് ഈടാക്കുക. ഇൻഷുറൻസ്, റോഡ് സൈഡ് അസിസ്റ്റൻസ് തുടങ്ങിയ ചെലവുകളും ലീസിങ് പങ്കാളിയാണു വഹിക്കുക. 25നു മുകളിൽ പ്രായമുള്ള, ഇന്ത്യയിൽ സ്ഥിര താമസമാക്കിയവർക്കാണു മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രകാരം കാറുകൾ വാടകയ്ക്കു ലഭിക്കുക. ഡ്രൈവിങ് ലൈസൻസിനു പുറമെ വായ്പ വിതരണത്തിനായി ബാങ്കുകൾ പരിഗണിക്കുന്ന സിബിൽ സ്കോർ എഴുനൂറിനു മുകളിലായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. 

അരീന വഴി വിൽപ്പനയ്ക്കെത്തുന്ന സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രേസ, എർട്ടിഗ എന്നീ മോഡലുകളും നെക്സ ശ്രേണിയിലെ ബലേനൊ, സിയാസ്, എക്സ്എൽസിക്സ് കാറുകളുമാണു  മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രകാരം പാട്ടത്തിനെടുക്കാൻ അവസരം. മോഡലും പാട്ട കാലാവധിയും തീരുമാനിച്ച ശേഷം വാഹനം വാടകയ്ക്കെടുക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കണം. കരുതൽ നിക്ഷേപം, സബ്സ്ക്രിപ്ഷൻ ബുക്കിങ് തുക, അഡ്വാൻസ് സബ്സ്ക്രിപ്ഷൻ ഫീ എന്നിവ അടങ്ങുന്നതാണ് വാഹനം കൈമാറുംമുമ്പുള്ള ആദ്യ തവണ. തുടർന്നുള്ള മാസങ്ങളിൽ പ്രതിമാസ വാടക മുടങ്ങാതെ അടയ്ക്കണം. പുണെയിൽ സ്വിഫ്റ്റ് എൽഎക്സ്ഐയ്ക്ക് നികുതിയടക്കം 17,600 രൂപയാണു പ്രതിമാസത്തവണ. 

ഹൈദബാദിലാവട്ടെ ഇതേ മോഡലിനുള്ള തുക 18,350 രൂപയാണ്. സബ്സ്ക്രിപ്ഷൻ കാലാവധി പൂർത്തിയാവുന്ന മുറയ്ക്ക് ഉപയോക്താവിന് കാർ സ്വന്തമാക്കാനുള്ള ‘ബൈ ബാക്ക്’ അവസരവും കമ്പനി നൽകും. നേരത്തെ ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡിന്റ പങ്കാളിത്തത്തോടെ ബെംഗളൂരു, ഗുരുഗ്രാം നഗരങ്ങളിൽ ‘മാരുതി സുസുക്കി സബ്സ്ക്രൈബ്’ പദ്ധതി ആരംഭിച്ചിരുന്നു.