മെഡിക്കല്‍ വിജിലന്‍സ് സെല്‍ വരുന്നു:ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പരിശോധിക്കും

മെഡിക്കല്‍ വിജിലന്‍സ് സെല്‍ വരുന്നു:ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ മെഡിക്കല്‍ വിജിലന്‍സ് സെല്‍ വരുന്നു.മെഡിക്കല്‍ കൊളജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കൂലിയും പരിശോധിക്കാനാണ് വിജിലന്‍സ് സെല്‍ രൂപീകരിക്കുന്നത്.ഇതിനായി ഒരു ഡിവൈഎസ്പിയുടെ തസ്തിക സൃഷ്ടിച്ചു.അന്തിമ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ആരോഗ്യവകുപ്പില്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഒരു വിജിലന്‍സ് വിഭാഗം വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സര്‍ക്കാര്‍ ഉത്തരവ് മൂലം നിര്‍ത്തലാക്കിയിരുന്നു.എന്നാല്‍ പല ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും കൈക്കൂലി വാങ്ങുന്നെന്ന പരാതിയും വിജിലന്‍സിന് ധാരാളമായി ലഭിക്കുന്നുണ്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംവിധാനത്തിനാണ് ശുപാര്‍ശ ചെയ്തിരുന്നത്.

എന്നാല്‍ ഡിവൈഎസ്പി തസ്തിക എസ്പി തസ്തികയിലേക്ക് വര്‍ധിപ്പിക്കുന്നത് ഉചിതം ആയിരിക്കുമെന്നാണ് വിജിലന്‍സിന്റെ നിര്‍ദ്ദേശം. മുതിര്‍ന്ന ഡോക്ടര്‍മാരെ ഉള്‍പ്പെടെ നിരീക്ഷിക്കേണ്ടതിനാലാണ് തസ്തിക ഉയര്‍ത്തണമെന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.