നിത്യഹരിത മെഗാസ്റ്റാറിന് പിറന്നാളാശംസകൾ നേർന്ന് മലയാളം

നിത്യഹരിത മെഗാസ്റ്റാറിന് പിറന്നാളാശംസകൾ നേർന്ന് മലയാളം

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 69ാം പിറന്നാള്‍. മുഖ്യമന്ത്രി പിണറായി വിജയൻ,മോഹന്‍ലാല്‍, സുരേഷ് ഗോപി, നിവിന്‍ പോളി, പൃഥ്വിരാജ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട്, കെഎസ് ചിത്ര തുടങ്ങി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചു

മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ആശംസ നേര്‍ന്നിരിക്കുന്നത്.

വാപ്പച്ചിക്ക് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാപ്പച്ചിയെ അനന്തമായി സ്‌നേഹിക്കുന്നുവെന്ന് അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എൻ്റേത്!

എൻ്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകള്‍! എനിക്കറിയാവുന്നതില്‍വച്ച്‌ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യന്‍. ഈ വ്യക്തിയെ എനിക്ക് എന്തിനും ആശ്രയിക്കാം. എല്ലാം കേട്ട് എന്നെ എപ്പോഴും ശാന്തനാക്കുന്നയാള്‍. നിങ്ങളാണ് എൻ്റെ സമാധാനം. നിങ്ങളുടെ അവിശ്വസനീയമായ രീതികള്‍ക്കനുസരിച്ച്‌ ജീവിക്കാന്‍ ഞാന്‍ എല്ലാ ദിനവും ശ്രമിക്കുന്നു. വാപ്പച്ചിക്കൊപ്പമുള്ള ഈ സമയം ഏറ്റവും വലിയ അനുഗ്രഹമാണ്. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നതാണ് എൻ്റെ ഏറ്റവും വലിയ സന്തോഷം. ജന്മദിനാശംസകള്‍ വാപ്പ... കൂടുതല്‍ ചെറുപ്പമാകുന്നതിലൂടെ വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരാം. ഞങ്ങള്‍ വാപ്പച്ചിയെ അനന്തമായി സ്‌നേഹിക്കുന്നു!

മമ്മുക്ക്യ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ലിൻ്റേ ജോസഫ് തയ്യാറാക്കിയ മാഷ് അപ്പ് യൂട്യുബ് ട്രെൻ്റിങ്ങിൽ രണ്ടാം സ്ഥാനത്താണ്.

 

1951 സെപ്തംബര്‍ 7 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെന്വ് എന്ന സ്ഥലത്ത് ജനിച്ച പി ഐ. മുഹമ്മദ് കുട്ടി പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി വളരുകയായിരുന്നു. രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി ചെയ്ത ശേഷമാണ് മലയാള ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്. മലയാള സിനിമയില്‍ നവതരംഗത്തിന് തുടക്കമിട്ട എണ്‍പതുകളില്‍ വെള്ളിത്തിരയിലെത്തിയ മമ്മൂട്ടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതം മലയാള സിനിമയുടെ കൂടി ചരിത്രമാണ്. മൂന്ന് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മമ്മൂട്ടി അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും നേടിയിട്ടുണ്ട്. 1998ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

2010 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വര്‍ഷം ഡിസംബറില്‍ ഡോക്ടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയും ആദരിച്ചു. മലയാളത്തിലെ പ്രമുഖ ചാനല്‍ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതല്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതും മറ്റാരുമല്ല. 1971 ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. വെല്ലുവിളികള്‍ നിറഞ്ഞ ആദ്യ കാല അനുഭവങ്ങള്‍ മനക്കരുത്തും അഭിനയശേഷിയും കൊണ്ട് മമ്മൂക്ക മറികടക്കുകയായിരുന്നു. കെ. ജി. ജോര്‍ജിന്റെ മേള യിലെ അഭിനയത്തിലൂടെ മമ്മൂട്ടി ശ്രദ്ധേയനായി. പൊലീസ് വേഷത്തിലെത്തിയ യവനിക മലയാളക്കരയില്‍ ചരിത്രവിജയം നേടിയതോടെ മമ്മൂട്ടിയെന്ന മെഗാസ്റ്റാര്‍ പിറവിയെടുക്കുകയായിരുന്നു.