നിഗൂഢ ലോഹത്തൂണുകളുടെ രഹസ്യം പുറത്ത്

നിഗൂഢ ലോഹത്തൂണുകളുടെ രഹസ്യം പുറത്ത്

ലോകത്തിന്‍റെ പലഭാഗത്തായി ലോഹതൂണുകള്‍ പ്രത്യേക്ഷപ്പെടുന്നതും അത് അപ്രത്യക്ഷമാകുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. അന്യഗ്രഹജീവികളാണോ ഇതിന്‍റെ പിന്നില്‍ എന്ന് പോലും ചിലര്‍ സംശയം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇതാ, ഇതിന്‍റെ രഹസ്യം ചുരുളഴിഞ്ഞതായി വാദം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ദി മോസ്റ്റ് ഫേമസ് ആര്‍ട്ടിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ തുടര്‍ച്ചയായി ഏകശിലകളുടെ ചിത്രങ്ങളും അവയുടെ നിര്‍മിതിയെക്കുറിച്ചുള്ള വിവരണങ്ങളും പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഒപ്പം ഇവ 45000 ഡോളറിന് വില്‍പനയ്ക്കും വച്ചു. ഇതുകണ്ട് സംശയം തോന്നിയവര്‍ നിങ്ങളാണോ ഇതിനു പിന്നില്‍ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. അതിനവര്‍ നല്‍കിയ മറുപടിയാണ് ഏകശിലകള്‍ക്കു പിന്നിലുള്ള ദുരൂഹത നീക്കിയത്.

സംഭവം ആരംഭിക്കുന്നത് അമേരിക്കയിലെ യുട്ടായിലാണ്. കഴിഞ്ഞ നവംബര്‍ 18 നാണ് ആദ്യമായി അമേരിക്കയിലെ യുട്ടാ മരുഭൂമിയില്‍ 9 അടിയുള്ള ഒരു ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലോഹത്തൂണ്‍ വന്നത് പോലെ അപ്രത്യക്ഷമായി. തുടര്‍ന്ന് സമാനമായൊരു തൂണ്‍ റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നു.ഇതും രണ്ട് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായി.  കാലിഫോര്‍ണിയയിലെ അറ്റാസ്‌കാഡെറോയുടെ പൈന്‍ പര്‍വതത്തിന് മുകളില്‍ വീണ്ടും ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടു. എവിടെ നിന്ന് വന്നെന്നോ എങ്ങോട്ട് പോകുന്നെന്ന് എന്ന് മാത്രം ആര്‍ക്കും നിശ്ചയമില്ല.കാലിഫോര്‍ണിയയിലെ അറ്റാസ്‌കാഡെറോയിലെ പര്‍വ്വതത്തില്‍ കണ്ടെത്തിയ ലോഹത്തൂണിന് യുട്ടയില്‍ കണ്ട തൂണിന് സമാനമായി മൂന്ന് വശങ്ങളാണ് ഉള്ളത്.

ഏതാണ്ട് 10 അടി ഉയരവും 18 ഇഞ്ച് വീതിയും ഉണ്ട്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചതെന്ന് അറ്റാസ്‌കാഡെറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.നിരവധി പേര്‍ ലോഹത്തൂണ്‍ കാണാനായി എത്തിയിരുന്നു. എന്നാല്‍ ആര് എപ്പോള്‍ എങ്ങനെ ഈ ലോഹത്തൂണ്‍ കൊണ്ടുവന്നിവിടെ സ്ഥാപിച്ചുവെന്ന് മാത്രം ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.ചില സൈബര്‍ ഫോറങ്ങളാണ് ഇപ്പോള്‍ ഇതിന് പിന്നില്‍ ഒരു കൂട്ടം സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമാരാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. ദ മോസ്റ്റ് ഫേമസ് ആര്‍ടിസ്റ്റ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ലോഹതൂണുകള്‍ തയ്യാറാക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ഇത് സംബന്ധിച്ച വാര്‍ത്തകളും ഷെയര്‍ ചെയ്തിട്ടുണ്ട്. ദ മോസ്റ്റ് ഫേമസ് ആര്‍ടിസ്റ്റിന്‍റെ സൈറ്റില്‍ 45,000 ഡോളറിന് അമേരിക്കയിലെ യുട്ടാ മരുഭൂമിയില്‍ സ്ഥാപിച്ച ലോഹതൂണിന്‍റെ ഫോട്ടോ വച്ച് ലോഹതൂണ്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്.