സ്‌പോര്‍ട്‌സ് ബ്രാ അണിഞ്ഞ് പാര്‍ക്കില്‍ വ്യായാമം: യുവനടിക്കെതിരെ ആക്രമണം

സ്‌പോര്‍ട്‌സ് ബ്രാ അണിഞ്ഞ് പാര്‍ക്കില്‍ വ്യായാമം: യുവനടിക്കെതിരെ ആക്രമണം

ബെംഗലുരു: കന്നഡ നടി സംയുക്ത ഹെഗ്‌ഡെയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ ആള്‍ക്കൂട്ട ആക്രമണം. വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിനെത്തിയ നടിയെയും സുഹൃത്തുക്കള്‍ക്കളെയും നാട്ടുകാര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതായാണ് പരാതി. 

ഹുലാ ഹൂപ്‌സ് പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന നടി പൊതുഇടത്തില്‍ സ്‌പോര്‍ട്‌സ് ബ്രാ ധരിച്ച് വര്‍ക്കൗട്ട് ചെയ്തതാണ് ആളുകളെ ചൊടിപ്പിച്ചത്. സംയുക്തയുടേയും സുഹൃത്തുക്കളുടേയും സമീപത്ത് എത്തിയ ഒരു സ്ത്രീ ഇവരെ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാബറേ കളിക്കുകയാണോ? ഇത്തരം വേഷത്തില് നടന്ന് ആരെങ്കിലും ഉപദ്രവിച്ചാല്‍ കരഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ ബഹളം വച്ചതോടെയാണ് നാട്ടുകാര്‍ കൂടിയത്. 

സംയുക്തയുടെ വാക്കുകള്‍...

'ഞാനും രണ്ട് സുഹൃത്തുക്കളും ബംഗലൂരു അഗര ലേക്േകിനു സമീപം വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു. പെട്ടന്നാണ് പ്രായമായൊരു സ്ത്രീ ഞങ്ങളുെട അരികില്‍ വന്ന് പ്രശ്‌നം തുടങ്ങിയത്. കാബ്‌റേ ഡാന്‍സ് കളിക്കുകയായിരുന്നോ എന്നായിരുന്നു അവരുടെ ചോദ്യം. ഞാന്‍ സ്‌പോര്‍ട്‌സ് ബ്രാ ധരിച്ചായിരുന്നു വര്‍ക്കൗട്ട് ചെയ്തിരുന്നത്. ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് എനിക്ക് എന്തെങ്കിലും പറ്റിയാല്‍ കരഞ്ഞുകൊണ്ടു വന്നാല്‍ പോലും ആരും സഹായിക്കില്ലെന്ന് അവര്‍ പറഞ്ഞു. ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയ കുറച്ച് ആളുകളും ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു.'

'അവര്‍ പിന്നീട് അസഭ്യം പറയാന്‍ തുടങ്ങി. ഞാനും ഡ്രഗ് റാക്കെറ്റില്‍ ഉണ്ടെന്നായിരുന്നു അവരുടെ ആരോപണം. ഞങ്ങളെ അവര്‍ പാര്‍ക്കില്‍ ലോക്ക് ചെയ്തു. അതിനു ശേഷം പൊലീസെത്തി ഞങ്ങളെ എല്ലാവരെയും സ്റ്റേഷനില്‍ കൊണ്ടുപോയി. അവിടെ എത്തിയിട്ടും പ്രായമായ സ്ത്രീ ഞങ്ങള്‍ക്കു നേരെ അലറുകയായിരുന്നു. അതിലൊരു പൊലീസുകാരനാണ് ഞങ്ങളെ അവിടെ നിന്നും രക്ഷിച്ച് തിരിച്ചയച്ചത്.'

'സത്യത്തില്‍ ഇതൊക്കെ നടന്നത് പട്ടാപകലാണെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. അതും പബ്ലിക് പാര്‍ക്കില്‍. സ്‌പോര്‍ട്‌സ് വസ്ത്രം അണിഞ്ഞ് വര്‍ക്കൗട്ട് ചെയ്ത എന്നെ ഒരു സ്ത്രീയാണ് അപമാനിച്ചത്. ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തത്. ഇത്തരം സദാചാരം ചോദ്യം ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചു.'-നടി പറഞ്ഞു.