മദ്യ വിതരണം: ഓൺലൈൻ ആപ്പ് തയ്യാർ,വില്പന നാളെ തുടങ്ങും

മദ്യ വിതരണം: ഓൺലൈൻ  ആപ്പ് തയ്യാർ,വില്പന നാളെ തുടങ്ങും

തിരുവനന്തപുരം : ഓൺലൈൻ വഴിയുള്ള മദ്യ വില്പനയ്ക്കുള്ള മൊബൈൽ ആപ്പിൻറെ ട്രയൽ വിജയിച്ചു. നാലെയോ മറ്റന്നാളോ വില്പന തുടങ്ങാനാവുമെന്ന് ബെവ്കോ അധികൃതർ അറിയിച്ചു.

കൊച്ചി ആസ്ഥാനമായ സ്‌റ്റാർട്ടപ്പായ ഫയർ കോഡ്‌ ആണ്‌ ആപ്പ്‌ തയ്യാറാക്കിയത്‌. ഒരേസമയം 25 ലക്ഷംപേർ ബുക്ക്‌ ചെയ്‌താലും പ്രശ്‌നമുണ്ടാകില്ലെന്ന്‌ ലോഡ്‌ ടെസ്‌റ്റിലൂടെ ഉറപ്പുവരുത്തി.

മദ്യവിതരണത്തിന്‌ തയ്യാറാകുന്ന ബാറുകളുടെയും ബിയർ പാർലറുകളുടെയും വിവരങ്ങൾകൂടി ഉൾപ്പെടുത്തിയാൽ ആപ്പ്‌ പൂർണ സജ്ജമാകും. അങ്ങനെയെങ്കിൽ വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ വിതരണം തുടങ്ങാനാകും.

മൊബൈൽ ഫോണിലെ പ്ലേ സ്‌റ്റോറിൽനിന്നും ആപ്പ്‌ സ്‌റ്റോറിൽനിന്നും ഇത്‌‌ ഡൗൺലോഡ്‌ ചെയ്യാം. ഇതിന്‌ ഗൂഗിളിന്റെയും ആപ്പിളിന്റെയും അനുമതി ഉടൻ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷ.

മദ്യം വാങ്ങാനുള്ള ടോക്കൺ ലഭിക്കാൻ വ്യക്തിവിവരങ്ങൾ നൽകേണ്ടതില്ല. പേര്‌, ഫോൺ നമ്പർ, ലോക്കേഷൻ അല്ലെങ്കിൽ പിൻകോഡ്‌ എന്നിവ നൽകിയാൽ മതി. നിശ്‌ചിത അളവിലുള്ള മദ്യമേ ഒരു ടോക്കണിൽനിന്ന്‌ ലഭ്യമാകൂ. എസ്‌എംഎസ്‌ വഴിയും ടോക്കൺ ലഭ്യമാകും.