'അവരില്ലായിരുന്നുവെങ്കില്‍ മോഹന്‍ലാല്‍ ഇന്നും ഒരു കാട്ടു ശിലയായി അവശേഷിച്ചേനേ'

'അവരില്ലായിരുന്നുവെങ്കില്‍ മോഹന്‍ലാല്‍ ഇന്നും ഒരു കാട്ടു ശിലയായി അവശേഷിച്ചേനേ'

പിറന്നാള്‍ ദിനത്തില്‍ പുതിയ ബ്ലാഗുമായി മോഹന്‍ലാല്‍. തന്റെ സിനിമാ ജീവിത യാത്രയെക്കുറിച്ചാണ് ലാല്‍ പുതിയ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. 

മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂര്‍ണരൂപം

'നീ ഉണ്‍മയ്യാ പൊയ്യാ'..

ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദശാസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഞാനും ഒരു വഴിത്തിരിവില്‍ വന്ന് നില്‍ക്കുകയാണ്. ഇന്ന് മെയ് 21...എന്റെ ജീവിതത്തില്‍ എനിക്ക് ഒരു വയസ് കൂടി കൂടുന്നു. എനിക്ക് അറുപത് വയസ് തികയുന്നു. ലോകത്തിന്റെയും എന്റെയും വഴിത്തിരിവുകളിലെ ഈ വന്നു നില്‍പ്പ് ഒരേ സമയത്തായത് തീര്‍ച്ചയായും യാദൃശ്ചികമാവും. അല്ലെങ്കിലും ജീവിതത്തിലെ അത്ഭുതകരമായ  യാദൃശ്ചികതകളാണല്ലോ എന്നെ ഇങ്ങനെ ഈ രൂപത്തില്‍ ഭാവത്തില്‍ ഇവിടെ വരെ എത്തിച്ചത്. 

ഇവിടെ നിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് വിശ്വസിക്കാനാകുന്നില്ല... എത്ര ദൂരം..എത്ര മാത്രം അധ്വാനം. എത്ര മനുഷ്യരുടെ, പ്രതിഭകളുടെ സഹായം...എത്രയെത്ര പരാജയങ്ങള്‍, കൂട്ടായ്മയുടെ വിജയങ്ങള്‍, ആരൊക്കെയോ ചൊരിഞ്ഞ സ്‌നേഹങ്ങള്‍, ആരുടെയൊക്കെയോ കരുതലുകള്‍, തിരിഞ്ഞു നില്‍ക്കുമ്പോള്‍ എന്റെ ശിരസ് കുനിഞ്ഞ് പോകുന്നു. നന്ദിയോടെ എന്റെ കണ്ണുകള്‍ നനഞ്ഞു പോകുന്നു. കടപ്പാടോടെ...

കലാപരമായ യാതൊരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തില്‍ നിന്ന് വരുന്ന ആ ആറാം ക്ലാസുകാരന്‍ അവന്‍ പോലും ഇച്ഛിക്കാതെ അവനെ എന്തിനായിരുന്നു ആരോ ആ നാടകത്തിന്റെ മധ്യത്തിലേക്ക് പിടിച്ചു നിര്‍ത്തിയത്. വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ ആ നാടകം കാലത്തിനും ഏറെ മുന്നേ സഞ്ചരിക്കുന്ന ഒന്നായിരുന്നു. എന്ന് മാത്രം ഇന്ന് ഞാന്‍ ഓര്‍ക്കുന്നു. കമ്പ്യൂട്ടറിനെ കുറിച്ച് അധികം കേട്ട് കേള്‍വി പേലുമില്ലാത്ത ഒരു കാലത്ത് കമ്പ്യൂട്ടറിനെക്കുറിച്ച് എഴുതിയ ഒരു നാടകം...അത് കഴിഞ്ഞും അഭിനയത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചതേയില്ലായിരുന്നു. 

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കായകല്‍പം എന്ന നാടകത്തില്‍ വീണ്ടും അഭിനയിച്ചു. ഈ രണ്ട് നാടകത്തിലും ഞാന്‍ ഏറ്റവും നല്ല നടന്റെ സമ്മാനവും വാങ്ങിച്ചു. അതുകഴിഞ്ഞ് കോളേജില്‍ പഠിക്കുമ്പോള്‍ വീണ്ടും ഞാന്‍ നല്ല നടനായി മാറി. അപ്പോഴും അഭിനയം എന്റെ പാഷനേ അല്ലായിരുന്നു. എന്റെ വഴി ഇതാണ് എന്ന  ബോധ്യവും ഇല്ലായിരുന്നു. പിന്നീട് തിരനോട്ടം എന്ന സിനിമയില്‍ അഭിനയിച്ചു. എല്ലാത്തിലും സൗഹൃദങ്ങളാണ് എന്റെ മുഖത്ത് ചായമിട്ടത്. അവരാണ് എന്നില്‍ നിന്ന് ഭാവങ്ങള്‍ ആവശ്യപ്പെട്ടത്. യാതൊരു പരിശീലനവുമില്ലാത്ത ഞാന്‍ എന്തൊക്കെയോ ചെയ്തു. അത് ഇങ്ങനെയൊക്കെ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 

പിന്നീട് നവോദയ നിര്‍മിച്ച് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ  പൂക്കള്‍ എന്ന സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും എന്റെ സുഹൃത്തുക്കളാണ്. അപേക്ഷ അയച്ചത് പോലും അവരാണ്. തിരഞ്ഞെടുക്കപ്പെട്ട ഞാന്‍ അഭിനയിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു. നായകനൊന്നുമല്ലായിരുന്നു. വില്ലനായിരുന്നു. നായകനാവാന്‍ പോന്നസൗന്ദര്യമൊന്നും എനിക്കില്ലായിരുന്നു(അന്നും ഇന്നും). എന്തായാലും ആ വില്ലന്‍ നരേന്ദ്രനെ ജനങ്ങള്‍ക്കിഷ്ടപ്പെട്ടു. അതോടെ ഞാന്‍ സിനിമയുടെ മായാപ്രപഞ്ചത്തില്‍ അകപ്പെട്ടു. ചുറ്റുമിരുന്ന് ആളുകള്‍ നോക്കിക്കൊണ്ടേ ഇരുന്നു. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യുകയല്ലാതെ വഴിയില്ലായിരുന്നു. 

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അമ്പരന്ന് പോകുന്നു എന്തൊരു ഓട്ടമായിരുന്നു. 

പിന്നീട് സിനിമകള്‍ക്ക് പിന്നാലെ സിനിമകള്‍ വന്നു. കഥാപാത്രങ്ങള്‍ക്ക് പിറകേ കഥാപാത്രങ്ങള്‍ എത്തിക്കൊണ്ടേ ഇരുന്നു. കൊടുങ്കാറ്റില്‍ പെട്ട ഒരു കരിയില പോലെ ഞാന്‍ ഉഴറി പറക്കുകയായിരുന്നു. എന്റെ ചിറകുകളായിരുന്നില്ല എന്നെ പറപ്പിച്ചത്. മറിച്ച് കൊടുങ്കാറ്റിന്റെ ശക്തിയായിരുന്നു. നിലത്ത് വീഴാതിരിക്കാന്‍ ഞാന്‍ പറന്ന് പറന്ന് പഠിക്കുകയായിരുന്നു. ഒരു മഹാനദിയുടെ അടിത്തട്ടിലൂടെ ഒഴുകി ഒഴുകി വരുന്ന കല്ലിന്‍ കഷ്ണം പോലെയായിരുന്നു ഞാന്‍. നദിയുടെ വേഗത്തിനും താളത്തിനും അനുസരിച്ച് ഞാന്‍ നിന്നു കൊടുത്തു. 

വെളളത്തിന്റെ ശക്തി കല്ലിനെ എന്ന പോലെ കഥാപാത്രങ്ങളുടെ ശക്തി എന്നെ രൂപപ്പെടുത്തി. ഞാന്‍ പോലുമറിയാതെ. എന്നിലെ സാധ്യതകളെക്കുറിച്ച് എനിക്ക് അശേഷം ബോധ്യമില്ലായിരുന്നത് കൊണ്ട്  സിനിമകളുടെ തിരഞ്ഞെടുപ്പുകള്‍ എനിക്ക് സാധ്യമല്ലായിരുന്നു. ഇത് തന്നെയോ എന്റെ മേഖല എന്ന് ഒന്ന് ഇരുന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നതിന് മുമ്പ് സിനിമകള്‍ക്ക് പിറകേ സിനിമകള്‍ വന്നു കൊണ്ടേയിരുന്നു. ഏതൊക്കെയോ വേഷങ്ങള്‍ ഞാന്‍ കെട്ടിയാടി. ഇന്ന് അവയെല്ലാം കാണുമ്പോള്‍ അവ ഏത് സിനിമയിലേതാണെന്ന് പോലും എനിക്ക് പറയാന്‍ സാധിക്കുന്നില്ല. എവിടെയാണ് അവ ചിത്രീകരിച്ചത് എന്ന് ഓര്‍ക്കാന്‍ സാധിക്കുന്നില്ല . ഏതോ ഒരു ശക്തി എന്നെ കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുകയായിരുന്നു എന്നേ പരയാന്‍ സാധിക്കുന്നുള്ളൂ.

എന്താണ് അഭിനയം  ആരാണ് അഭിനേതാവ് അഭിനയത്തിന്റെ രസതന്ത്രം എന്താണ് ഇത്തരം ചോദ്യങ്ങള്‍ െത്രയോ തവണ പലരും എന്നോട് യാതൊരു വിധ ഗ്രന്ഥങ്ങളും ഇന്നുവരെ ഞാന്‍ വായിച്ചിട്ടില്ല. എങ്ങനെയാണ് ഒരു കഥാപാത്രമായി മാറുന്നത് എന്ന് ചോദിച്ചാല്‍ സ്വന്തമായി ഒരു ഉത്തരം എനിക്കില്ല,

എന്റെ ഒരനുഭവത്തില്‍ എന്റെ ശരി എന്ന് തോന്നിയത് യോഷി ഒയ്ദ എന്ന ജാപ്പനിസ് നടന്‍ പറഞ്ഞതാണ്. അപ്രതൃക്ഷനാവുക എന്നതാണ് അഭിനയം . ഞാനെന്ന മനുഷ്യനെ നിലനിര്‍ത്തിക്കൊണ്ട് മറ്റൊരാളിലേക്ക് മറയുക. കഥാപാത്രത്തിനുള്ളിലേക് ഞാന്‍ പ്രവേശിക്കുക. അങ്ങിനെയാവുമ്പോഴും ഞാന്‍ അഭിനയിക്കുകയാണ് എന്ന ബോധ്യം നിലനിര്‍ത്തുക . സിനിമയിലാണെങ്കില്‍ ക്യാമറയെക്കുറിച്ച് മുതല്‍ ഒപ്പം അഭിനയിക്കുന്നവരെക്കുറിച്ചും മുഖത്തേക്ക് വീഴുന്ന വെളിച്ചത്തിന്റെ  വ്യത്യസ്തമായ വിന്യാസങ്ങളെക്കുറിച്ച് വരെ ബോധ്യമുള്ളവനായിരിക്കുക. ഷോട്ട് കഴിയുമ്പോള്‍ കഥാപാത്രത്തില്‍ നിന്നും വിടുതല്‍ തേടി ഞാനെന്ന മനുഷ്യനിലേക്ക് തിരിച്ചു വരിക. ഒരുപക്ഷേ ഇതായിരിക്കാം ഇത്രയും കാലം ഞാന്‍ ചെയ്തത്. 

നല്ല തിരക്കഥകളാണെങ്കില്‍ അവ മനസ്സിരുത്തി വായിക്കുമ്പോള്‍ കഥാപാത്രം നമ്മളറിയാത നമ്മുടെ ഉളളിലേക്ക് കയറി വരും. എഴുത്തിന്റെ ശക്തിയാണത് . പിന്നെ സംവിധായകന്റെ മിടുക്കാണ്. നമ്മില്‍ നിന്നും എന്തെടുക്കണം എന്നത് അവരാണ് തീരുമാനിക്കുന്നത് , എന്തെടുക്കേണ്ട എന്നതും അവരാണ് തീരുമാനിക്കുന്നത്.. എന്റെ ഏറ്റവും വലിയ ഭാഗ്യം ഏറ്റവും പ്രതിഭാശാലികമായ എഴുത്തുകാരുടെയുംസംവിധായകന്മാരുടെയും കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നതാണ്. അവരാണ് എന്നിലെ നടനെ രൂപപ്പെടുത്തിയത്. 

നമ്മള്‍ ഒട്ടും ചിന്തിക്കാതിരുന്ന കാര്യങ്ങള്‍ മുന്നില്‍ കൊണ്ടുവയ്ക്കുക എന്നത് ജീവിതത്തിന്റെ വികൃതിയാണ്. സൂക്ഷിച്ചു നോക്കിയാല്‍ അതിലൊരു വെല്ലുവിളിയുണ്ടാകും. അല്ലെങ്കില്‍ സംസ്‌കൃതത്തില്‍ ഒരു വാക്ക് പോലും അറിയാത്ത എന്നെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് കൊണ്ടുപോയി കര്‍ണഭാരം പോലൊ അതീവഭാരമുള്ള നാടകം ചെയ്യിച്ചതിനെ ഏങ്ങനെ വിശദീകരിക്കും. കഥകളി അറിയാത്ത എന്നെ കൊണ്ട് കഥകളിയിലെ  മിക്ക വേഷങ്ങളും ആടിച്ചതിനെ എങ്ങനെ വിശദീകരിക്കും. ചുവടുകളില്‍ അതിസൂക്ഷമ വേണ്ട നൃത്തങ്ങള്‍ ചെയ്യാന്‍ എന്നെ നിയോഗിച്ചതിനെ ഏങ്ങനെ ന്യായീകരിക്കും. ഈ ചെയ്തതെല്ലാം ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. ഇത്രമാത്രമേ പറയാന്‍ സാധിക്കൂ. ഏതോ ശക്തിയുടെ കയ്യിലുള്ള ഉപകരണമാണ് ഞാന്‍. എന്റേതെന്ന് പറയാന്‍ എന്റെയുള്ളില്‍ ഒന്നുമില്ല

മോഹന്‍ലാല്‍ എന്തിനാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നതെന്ന് പലരും എല്ലാകാലത്തും എന്നോട് ചോദിക്കാറുണ്ട്. സിനിമ പരാജയപ്പെടുമ്പോഴാണ് ഈ ചോദ്യം ഉയര്‍ന്നു വരാറുള്ളത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംഭവിച്ച ആദ്യത്തെ അഭിനയം മുതല്‍ ഞാന്‍ തെരഞ്ഞെടുത്തതല്ല എന്റെ കരിയറില്‍ സംഭവിച്ചിട്ടുള്ളത്. ഞാന്‍ എന്റെ എഴുത്തുകാരെയും സംവിധായകരെയും വിശ്വസിച്ച് ജോലി ചെയ്യുകയായിരുന്നു. അവര്‍ ആവശ്യപ്പെടുന്നതിലേക്ക് അപ്രത്യക്ഷനായി കൊണ്ടേയിരിക്കുന്നു. എല്ലാത്തിലും എന്നെ ഞാന്‍ പൂര്‍ണമായും നിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പരിഭവങ്ങളൊന്നുമില്ലാതെ ഞാന്‍ ശിരസേറ്റി വാങ്ങിയിട്ടുണ്ട്. 

ശരാശരി മനുഷ്യായുസ്സ് 120 വയസ്സാണ് (എന്നാണ് സങ്കല്‍പ്പം). ഞാനിപ്പോള്‍ അതിന്റെ പാതിവഴിയില്‍ എത്തി നില്‍ക്കുന്നു. ഇതൊരു നാല്‍ക്കലയാണ്. വലിയ വലിയ ആല്‍മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന കാട്ടുപാത. ഓര്‍മകള്‍ പോലെ ആല്‍മരങ്ങളുടെ വേരുകള്‍ താഴേക്ക്  നീണ്ടു നില്‍ക്കുന്നു. അവ എന്നെ തന്നെ നോക്കി നില്‍ക്കുന്നു. ഇലകളുടെ ഇരുളിമയില്‍ നിന്ന് അനേകായിരം പക്ഷികള്‍ കുറുകി കൊണ്ടിരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. ഈ നാല്‍ക്കൂട്ട പെരുവഴിയില്‍ നിന്നുകൊണ്ട് ഞാന്‍ ഇതുവരെ നടന്നെത്തിയ വഴികളിലേക്ക് നിസ്സംഗം നോക്കി നില്‍ക്കുമ്പോള്‍ ഉള്ളില്‍  ഒ.വി വിജയന്റെ ഖാസിക്കിലെ ഇതിഹാസത്തിലെ അള്ളാപിച്ച മൊല്ലാക്കയുടെ ചോദ്യമാണ്. 

'നീ ഉണ്‍മയാ പൊയ്യാ...'

നീ നിഴലാണോ അതോ യാഥാര്‍ഥ്യമാണോ നീ ഭാവമാണോ അതോ മുഖമാണോ നീ ഏതൊക്കെയോ കഥാപാത്രങ്ങള്‍ കൂടി കലര്‍ന്ന അതിമാനുഷനോണോ അതോ ഏത് നിമിഷവും വീണുടയാന്‍ സാധ്യതയുള്ള മണ്‍കുടുക്കയോ നീ സാധാരണ മനുഷ്യന്‍ കണ്ട സിനിമാ സ്വപ്നമാണോ അതോ ഒടു നടന്‍ കണ്ട സാധാരണ ജീവിത സ്വപ്നമോ എന്റെ  ബോധത്തില്‍ ചോദ്യങ്ങളുടെ ചുഴലികാറ്റുകള്‍ വീശുന്നു. അവിടെ അള്ളാപ്പിച്ച മൊല്ലാക്കയുടെ  ചോദ്യം കൂടുതല്‍ ശബ്ദത്തില്‍ മുഴങ്ങുന്നു.

നീ ഉണ്‍മയാ പൊയ്യാ...

ലോക്ക് ഡൗണിന്റെ ചങ്ങലകള്‍ അഴിച്ച് ലോകം പയ്യെ പയ്യെ ചലിച്ചു തുടങ്ങുകയാണ്. ഞാനിവിടെ ചെന്നൈയില്‍ കടലോരത്തുള്ള വീട്ടില്‍ ഉദയാസ്തമനങ്ങള്‍ ആസ്വദിച്ചിരിക്കുന്നു. ഉദയം സന്തോഷം പകരുമ്പോള്‍ ഒരോ അസ്തമയങ്ങളും വിഷാദം നിറക്കുന്നു. എല്ലാ ഉദയത്തിനും വേദന നല്‍കുന്ന അസ്തമയവുമുണ്ടെന്ന് എല്ലാ ദിവസവും തിരിച്ചറിയുന്നു. ഈ നാല്‍ക്കവലയില്‍ നിന്ന് ഞാന്‍ യാത്ര തുടങ്ങാന്‍ ഒരുങ്ങുന്നു. എല്ലാ ദിശകളിലേക്കും പച്ച വെളിച്ചമാണ് കത്തുന്നത്. എന്റെ തുടര്‍യാത്രയുടെ വേഷം, അതിന്റെ ഭാവം, ശബ്ദം, അതിന്റെ ചുവടുകള്‍ നിറങ്ങള്‍... അവയെല്ലാം വ്യക്തമായി എന്റെ മനസ്സില്‍ രൂപപ്പെടുകയാണ്. ലോകം അതിന്റെ പൂര്‍ണതയില്‍ തിരിച്ചു വരുമ്പോള്‍ നമുക്ക് കാണാം.  ഇതുവരെ കൈപിടിച്ച് കാടുകളും കൊടുമുടികളും രാവുകളും കടവുകളും കടത്തി. കൊടുങ്ങാറ്റില്‍ വീഴാതെ പ്രളയത്തില്‍ മുങ്ങാതെ എത്തിച്ചതിന് നന്ദി...

മോഹന്‍ലാല്‍