'അവതാര്‍' 2 ചിത്രീകരണം പുനരാരംഭിച്ച് ജെയിംസ് കാമറൂണ്‍

'അവതാര്‍' 2 ചിത്രീകരണം പുനരാരംഭിച്ച് ജെയിംസ് കാമറൂണ്‍

ലോക സിനിമയില്‍ എക്കാലത്തെയും വലിയ രണ്ടാമത്തെ ബോക്സ് ഓഫീസ് വിജയമായിരുന്നു അവതാര്‍. ജയിംസ് കാമറൂണിന്‍റെ സംവിധാനത്തില്‍ 2009ല്‍ പുറത്തെത്തിയ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന് വരാനിരിക്കുന്ന നാല് ഭാഗങ്ങള്‍ ഒരുമിച്ചാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. രണ്ടാംഭാഗം അടുത്ത വര്‍ഷവും മൂന്നാം ഭാഗം 2023ലും നാലാംഭാഗം 2025ലും അഞ്ചാം ഭാഗം 2027ലും റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. രണ്ട്, മൂന്ന് ഭാഗങ്ങളുടെ ചിത്രീകരണം ഒരുമിച്ച് പുരോഗമിക്കുന്നതിനിടയിലാണ് കൊവിഡ് ഭീഷണിയെത്തുടര്‍ന്ന് മിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലേക്ക് പോയത്. എന്നാല്‍ ഇപ്പോഴിതാ നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. കൊവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാനായ ന്യൂസിലന്‍ഡിലാണ് ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. 

അവതാര്‍ ടീം കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തുവിട്ട ചിത്രം. അണ്ടര്‍വാട്ടര്‍ രംഗങ്ങളിലെ പെര്‍ഫോമന്‍സ് ക്യാപ്‍ചറിനുവേണ്ടി അഭിനേതാക്കള്‍ക്കു വേണ്ട നിര്‍ദേശം നല്‍കുന്ന സംവിധായകന്‍ ജെയിംസ് കാമറൂണിനെയും കാണാം. 

കഴിഞ്ഞ ദിവസം പുറത്തെത്തിയ മറ്റൊരു ചിത്രം. വെളുത്ത നിറത്തില്‍ കാണുന്നത് ഫ്ളോട്ടിംഗ് ബോളുകള്‍ കൊണ്ടു നിര്‍മ്മിച്ച ഒരു പ്രതലമാണ്. അണ്ടര്‍വാട്ടര്‍ ചിത്രീകരണം നടക്കുമ്പോള്‍ പുറത്തുനിന്നുള്ള വെളിച്ചം കടന്നുവരാതിരിക്കാനുള്ള മുന്‍കരുതലാണ് ഇത്.

അവതാര്‍ ടീം ജനുവരിയില്‍ പുറത്തുവിട്ട ചിത്രങ്ങളാണ് ഇനി. തുടര്‍ ഭാഗങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താനിരിക്കുന്ന വിസ്മയ ലോകങ്ങളെക്കുറിച്ച് ജെയിംസ് കാമറൂണ്‍ അപൂര്‍വ്വം വേദികളില്‍ സംസാരിച്ചിരുന്നു. അത്തരത്തിലൊരു വിസ്മയ ലോകത്തിന്‍റെ ഭാവനാസൃഷ്ടിയാണ് ഇത്.

രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കാവുന്ന മറ്റൊരു ദൃശ്യം. കൊവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് മാര്‍ച്ച് മധ്യത്തില്‍ നിര്‍ത്തിവച്ച ചിത്രീകരണമാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഷൂട്ടിംഗ് മാത്രമാണ് നിര്‍ത്തിയിരുന്നത്. വിഎഫ്എക്സ് ജോലികള്‍ തുടര്‍ന്നിരുന്നു.

ജനുവരിയില്‍ പുറത്തുവിട്ട മറ്റൊരു കണ്‍സെപ്റ്റ് മോഡല്‍. ആദ്യഭാഗത്തില്‍ കണ്ട പന്‍ഡോറ എന്ന സാങ്കല്‍പ്പിക ലോകത്തേക്ക് മാത്രമായിരിക്കില്ല തുടര്‍ഭാഗങ്ങളില്‍ പ്രേക്ഷകര്‍ക്കുള്ള ക്ഷണമെന്ന് സംവിധായകന്‍.

ബോക്സ് ഓഫീസ് ചരിത്രത്തെയാകെ തവിടുപൊടിയാക്കുമെന്ന് ഹോളിവുഡ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ് അവതാര്‍ 2. 2021 ഡിസംബര്‍ 17 ആണ് പ്രോജക്ട് പ്രഖ്യാപിച്ചപ്പോഴേ പുറത്തുവിട്ട റിലീസ് തീയ്യതി. എന്നാല്‍ കൊറോണവൈറസ് എല്ലാ പ്ലാനിംഗുകളും തെറ്റിച്ച അവസ്ഥയിലാണ് നിലവില്‍ ഹോളിവുഡ്. അതിനാല്‍ റിലീസ് ചിലപ്പോള്‍ മുന്നോട്ടുനീങ്ങിയേക്കാം. എന്തായാലും അതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.