തിരഞ്ഞെടുപ്പ് ആവേശത്തില്‍ കമുകില്‍ കയറിയ നിഷാലയ്ക്ക് കൈനിറയെ സമ്മാനം

പെണ്‍കുട്ടികളെ ആദ്യം പഠിപ്പിക്കുന്ന പാഠങ്ങളിലൊന്ന് മരത്തില്‍ കയറരുതെന്നാണ്. അതൊക്കെ പഴയ കാലം. ഇതാ നിഷാല തന്നെ ഉദാഹരണം. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആവേശം തലയ്ക്കു പിടിച്ചപ്പോള്‍ ബാനര്‍ കെട്ടാന്‍ 30 അടിയോളം ഉയരത്തിലുള്ള തെങ്ങിലും കമുകിലും അനായാസം കയറുന്ന നിഷാല ജബിനും അഷ്ഫാഖും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കുട്ടികളെത്തേടി സമ്മാനങ്ങളുമായി പ്രവാസികളും പാര്‍ട്ടി പ്രവര്‍ത്തകരും വീട്ടിലെത്തി. കൊണ്ടോട്ടി പള്ളിക്കല്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് തറയിട്ടാല്‍ നെല്ലേങ്ങര നൂറുദ്ദീന്റെയും സൈനബയുടെയും മകള്‍ നിഷാല ജബിന്‍, നൂറുദ്ദീന്റെ സഹോദരന് അക്ബറിന്റെയും മുബീനയുടെയും മകന് അഷ്ഫാഖ് എന്നിവരാണ് സമൂഹമാധ്യമങ്ങളില്‍ താരമായത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ കയറില്‍ കോര്‍ത്ത്, ഉയരത്തില്‍ കെട്ടാനായി നിഷാല ജബിന്‍ കമുകിലും അഷ്ഫാഖ് തെങ്ങിലും കയറുകയായിരുന്നു. തറയിട്ടാല്‍ എഎംഎല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ദൃശ്യങ്ങള്‍ കണ്ടു മക്ക അസീസിയ കെഎംസിസി പ്രവര്‍ത്തകര്‍ ഇന്നലെ വീട്ടിലെത്തി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോന് കാക്കിയയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കു സൈക്കിള്‍ നല്കി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സി.അബ്ദുറഹ്മാന് ഉള്‍പ്പെടെ പലരും ഉപഹാരവുമായി എത്തി.