ഇതാണ്, ഇങ്ങനെയാണ് ഉമ്മന്‍ചാണ്ടി

ഇതാണ്,  ഇങ്ങനെയാണ് ഉമ്മന്‍ചാണ്ടി

എ. കെ ആന്‍റണി തീര്‍ത്തും മതേതരവാദിയാണ്. ആര്‍ക്കും ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാര്യമാകുമ്പോള്‍ ചിലരെങ്കിലും അദ്ദേഹത്തിന് മതേതരവാദിയെന്ന മുദ്ര ചാര്‍ത്താന്‍ മടിക്കുന്നതു പോലെ തോന്നിയിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിലെ പള്ളിയില്‍ പോകുന്നുവെന്ന കാര്യമായിരിക്കാം അതിനടിസ്ഥാനമെന്ന് തോന്നുന്നു. ഉമ്മന്‍ചാണ്ടി സെക്കുലര്‍  അല്ലെന്ന് തോന്നാന്‍ അതല്ലാതെ മറ്റു കാര്യങ്ങളൊന്നും കാണുന്നില്ല. ഇതിന്‍റെ പശ്ചാത്തലത്തില്‍  ഒരു സംഭവം. 

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കാണാന്‍ സെക്രട്ടേറിയറ്റില്‍ പോയി. ഉച്ച സമയം. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ ഇടനാഴിയില്‍ ഒരുല്‍സവത്തിനുള്ളയാളുണ്ട്. അതില്‍ പാര്‍ട്ടിക്കാരും രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാരുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറാന്‍ നന്നേ ബുദ്ധിമുട്ടി. ഓഫീസിലെ മേശയ്ക്കും കസേരയ്ക്കുമിടയില്‍ അദ്ദേഹം നില്‍ക്കുന്നു. ചുറ്റിലുമായി ആളുകള്‍ തിക്കിത്തിരക്കുന്നു. ആര്‍ക്കും ആരെയും നിയന്ത്രിക്കാനാകാത്ത അവസ്ഥ.

ആള്‍ക്കൂട്ടത്തിനിടയില്‍ ഉമ്മന്‍ചാണ്ടിയുടെ മനസായ ആര്‍. കെയെ കണ്ടു. ഒരുവിധം ആര്‍. കെയുടെ അടുത്തെത്തി. ഓഫീസിലെ ഒരു കാര്യം ഉമ്മന്‍ചാണ്ടിയോട് പറയാനുണ്ടെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ പിറകിലായി നില്‍ക്കാന്‍ ആര്‍. കെ നിര്‍ദ്ദേശിച്ചു. ഉമ്മന്‍ചാണ്ടി എപ്പോഴെങ്കിലും തിരിഞ്ഞു നോക്കുമെന്നും അപ്പോള്‍ കാണാമെന്നുമുള്ള ബുദ്ധിയാണ് ആര്‍. കെ ഉപദേശിച്ചത്. അങ്ങനെ മുഖ്യമന്ത്രിയുടെ പിറകില്‍ പോയി നിന്നു. സമയം കടന്നു പോകുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായി കാര്യം നടക്കില്ലെന്ന്. അങ്ങനെ മടങ്ങിപ്പോകാന്‍ തുടങ്ങിയപ്പോള്‍ ആര്‍. കെ വിലക്കി. അങ്ങനെ കാത്തുനില്‍പ്പ് തുടര്‍ന്നു. 

 ഇതിനിടയില്‍ കന്യാസ്ത്രീകളുടെ ഒരു സംഘം ഉമ്മന്‍ചാണ്ടിയുടെ മുന്നിലെത്തി. ഇടുക്കിയില്‍ നിന്നുള്ളവരാണ്. നിവേദനം കൊടുക്കുന്നതിന് മുമ്പ് അവര്‍ കൂട്ടമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി അവരെ വിലക്കി. ഇവിടെ ഇങ്ങനൊന്നും പാടില്ലെന്ന് പറഞ്ഞു. പെട്ടെന്ന് പ്രാര്‍ത്ഥന നിന്നു.   അവര്‍ നടത്തുന്ന സ്‌കൂളിന് പ്‌ളസ് ടു അനുവദിക്കണമെന്ന നിവേദനം നല്‍കാനായിരുന്നു അവരെത്തിയത്. കാര്യം പറഞ്ഞയുടനെ മുഖ്യമന്ത്രി പറഞ്ഞു: അതിന്‍റെ സമയം കഴിഞ്ഞു. അടുത്ത വര്‍ഷം നോക്കാം. നേരത്തേ വന്ന് പറയണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിഷമത്തോടെ കന്യാസ്ത്രീകള്‍ പിരിഞ്ഞു. 

ഉമ്മന്‍ചാണ്ടി ചുറ്റിനും നോക്കി. ആള്‍ക്കൂട്ടത്തിന് പിറകിലായി ഒരമ്മയും മകളും. വേഷം കണ്ടാലറിയാം, നിര്‍ദ്ധന കുടുംബത്തിലേതാണെന്ന്. കുളിച്ച് ചന്ദനക്കുറിയിട്ടുണ്ട്. അത് വാരിവലിച്ചായതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടും. മേശയ്ക്കരികിലെത്തിയ അമ്മ നിവേദനമെടുത്തു നീട്ടി. ഉമ്മന്‍ചാണ്ടി അത് വാങ്ങി. കാര്യം പറയൂ എന്ന് അവരോട് ആവശ്യപ്പെട്ടു. ഭര്‍ത്താവ് രോഗബാധിതനായി ആശുപത്രിയിലാണ്. ചികില്‍സിക്കാന്‍ വകയില്ല എന്നു തുടങ്ങി കാര്യം പറഞ്ഞു തുടങ്ങിയപ്പോള്‍ മുള ചീന്തുന്നതു പോലെ പിന്നില്‍ നില്‍ക്കുകയായിരുന്ന മകളുടെ കരച്ചില്‍. അപ്പോള്‍ ആ അമ്മയും കരയാന്‍ തുടങ്ങി. കരയേണ്ട, എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രിയുടെ വാഗ്ദാനം. 

ആര്‍. കെയെ വിളിച്ച് നിവേദനം കൊടുത്തിട്ട് പറഞ്ഞു: നോക്കി ആവശ്യമായതൊക്കെ ചെയ്യണം. നടപടിക്രമമൊന്നും നോക്കണ്ട. ഇവര്‍ക്ക് എത്രയും പെട്ടെന്ന് ചികില്‍സാ സഹായം ലഭ്യമാക്കണം. എന്നിട്ട് വിവരം എന്നോട് പറയണം. ധൈര്യമായി പൊയ്‌ക്കോളൂ എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ രണ്ടു പേരും കൈ കൂപ്പി തൊഴുതു. ഈശ്വരനെ തൊഴുന്നതു പോലെ.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങി താഴെയെത്തിയപ്പോള്‍ കൂട്ടുകാരനായ സെക്യൂരിറ്റി ഓഫീസറെ കണ്ടു. കണ്ടതൊക്കെ പറഞ്ഞപ്പോള്‍ ഓഫീസര്‍ പറഞ്ഞു: സഹായം ആവശ്യമുള്ള അര്‍ഹനായ ഒരാള്‍ക്ക്  അദ്ദേഹത്തിന്‍റെ മുന്നിലെത്താന്‍ കഴിഞ്ഞാല്‍ കാര്യം നടന്നിരിക്കും. അടുത്ത ദിവസം ആര്‍. കെയെ ബന്ധപ്പെട്ട് ആ കുടുംബത്തിന് സഹായം ലഭിച്ചോ എന്ന് ചോദിച്ചു. അത് ഇന്നലെത്തന്നെ നടന്നുവെന്ന് മറുപടി.