നിയമസഭയില്‍ 50 ൻ്റെ നിറവില്‍ ഉമ്മന്‍ ചാണ്ടി: ആശംസകളുമായി പ്രമുഖര്‍

നിയമസഭയില്‍ 50 ൻ്റെ നിറവില്‍ ഉമ്മന്‍ ചാണ്ടി: ആശംസകളുമായി പ്രമുഖര്‍

തിരുവനന്തപുരം: നിയമസഭാംഗമായി 5 പതിറ്റാണ്ട് തികച്ച് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി ഉള്‍പ്പടെ സമൂഹത്തിലെ പ്രമുഖര്‍ ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ അറിയിച്ചു. 76 വയസിനിടെ അമ്പതുവര്‍ഷവും ജനപ്രതിനിധി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ അടുത്ത നീക്കങ്ങളിലാണ് ഇപ്പോഴും കേരള രാഷ്ട്രീയം കേന്ദ്രീകരിച്ചിരിക്കുന്നത്. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 തെരഞ്ഞെടുപ്പുകള്‍ ജയിച്ചു കയറിയ നേതാവിന്‍റെ റെക്കോഡിനു മുന്നില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരാള്‍ മാത്രമേയുള്ളൂ. 13 തെരഞ്ഞെടുപ്പുകള്‍ ജയിച്ച കെ എം മാണി. 

ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് ഉമ്മന്‍  ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ അര നൂറ്റാണ്ടു കാലത്തെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതിലെ പങ്ക് എന്നും ശ്രദ്ധേയമായിരുന്നു. ഞാനും ഉമ്മന്‍ ചാണ്ടിയും 1970ല്‍ ഒരേ ദിവസമാണു നിയമസഭാംഗമായത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മന്‍ചാണ്ടിയെ നയിച്ചു. സംസ്ഥാന കോണ്‍ഗ്രസിലെ പല നിര്‍ണായക ഘട്ടങ്ങളിലും സ്വന്തം നിലപാടാല്‍ ശ്രദ്ധേയനായി. ഊണിനും ഉറക്കത്തിനും പ്രാധാന്യം കല്‍പിക്കാതെ, ആരോഗ്യം പോലും നോക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യാപരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് എല്ലാ ആശംസകളും നേരുന്നു.

ഗ്രൂപ്പും അഭിപ്രായങ്ങളുമെല്ലാം പലപ്പോഴും വ്യത്യസ്തമായിരിക്കാം; പക്ഷേ ഉമ്മന്‍ചാണ്ടിയും താനും തമ്മില്‍ ഒരു രസതന്ത്രമുണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അറുപതുകളില്‍ മാത്യു മണിയങ്ങാടനു ശേഷം ആദ്യമായി കോട്ടയത്തെ കോണ്‍ഗ്രസ് എംപിയായപ്പോള്‍ മുതല്‍ ആ ബന്ധം ദൃഢമായിട്ടേയുള്ളൂ. അദ്ദേഹത്തിന്‍റെ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും തനിക്കു കരുത്താണ്.ആര്‍ക്കെങ്കിലും സഹായം ചെയ്യുന്നതിനു രാഷ്ട്രീയം അദ്ദേഹത്തിനു തടസ്സമല്ല. ചട്ടങ്ങളും നിയമങ്ങളും പോലും ജനങ്ങളെ സഹായിക്കാനായിരിക്കണമെന്ന വിശ്വാസമാണ് ഉമ്മന്‍ ചാണ്ടിയെ എന്നും നയിക്കുന്നത്.

കോണ്‍ഗ്രസിനുവേണ്ടി അവിശ്രമം പ്രവര്‍ത്തിക്കുന്ന മറ്റൊരു നേതാവില്ല എന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റും  ഞാന്‍ വൈസ് പ്രസിഡന്‍റുമായിരിക്കുമ്പോള്‍ തുടങ്ങിയ ബന്ധം. സവിശേഷമാണ് ആ രീതി. കണ്ടിട്ടു കുറച്ചായല്ലോ' എന്നു ഞാന്‍ ഫോണില്‍ ചോദിച്ചാല്‍ എവിടെയുണ്ടെന്നു മനസ്സിലാക്കി ഫോണ്‍ വച്ച പാടേ അദ്ദേഹം മുന്നിലെത്തിയിരിക്കും. കെപിസിസി പ്രസിഡന്‍റായ എന്നെ ഇങ്ങോട്ടു വന്നു കണ്ടിരിക്കണമെന്നാണു നിര്‍ബന്ധം. പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്‍റെ കൂറും ബഹുമാനവുമാണ് അതിലുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

സമന്വയത്തിന്‍റെ ആശാനാണ് ഉമ്മന്‍ ചാണ്ടിയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. അഭിപ്രായ സമന്വയത്തിന്‍റെ ആശാനാണ്. പരസ്പരം തര്‍ക്കിക്കുന്നവര്‍ക്കു രണ്ടു ചെവിയും കൊടുക്കും. ബാക്കിയുള്ള കൈവച്ചു ഫയലുകളില്‍ ഒപ്പിടും. വര്‍ത്തമാനം പറയും. ഇതിനിടയില്‍ ആദ്യത്തെ തര്‍ക്കത്തില്‍ തീരുമാനവുമെടുക്കും. ഏത് ഇന്ദ്രിയമാണ് ഉപയോഗിക്കുന്നതെന്നു അദ്ഭുതപ്പെട്ടിട്ടുണ്ട്. 'അപ്പോള്‍ അങ്ങനെ തീരുമാനിക്കാം' എന്നു പറയുമ്പോള്‍ എങ്ങനെ'എന്നുപലവട്ടം തിരിച്ചുചോദിച്ചിട്ടുണ്ട്. ഒരു ചിരിയായിരിക്കും മറുപടി. കേരളത്തിന്‍റെ വികസനത്തിനുവേണ്ടി ഇത്രയധികം കാര്യങ്ങള്‍ ചെയ്ത നേതാക്കള്‍ ചുരുക്കമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളം കണ്ടു നിന്ന വളര്‍ച്ചയാണ് ഉമ്മന്‍ ചാണ്ടിയുടേതെന്ന് നടന്‍ മമ്മൂട്ടി. ഞാന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഉമ്മന്‍ ചാണ്ടി നിയമസഭയിലുണ്ട്. ഉമ്മന്‍ ചാണ്ടിയെന്ന ഭരണാധികാരിയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എത്ര തിരക്കുണ്ടെങ്കിലും ഒന്നു കാണാന്‍ സൗകര്യം ചോദിച്ചാലോ വിളിച്ചാലോ അദ്ദേഹത്തെ കിട്ടാതിരുന്നിട്ടില്ല. ഉമ്മന്‍ ചാണ്ടിയോട് വിയോജിപ്പുള്ളത് സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്‍റെ രീതികളോടാണ്. എപ്പോഴും കാണുമ്പോള്‍ അക്കാര്യങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ചു പറയാറുമുണ്ട്. ഉമ്മന്‍ചാണ്ടി എന്ന സുഹൃത്തിനെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. ആ സുഹൃത്തിന്‍റെ വലിയ നേട്ടങ്ങളില്‍ ഞാന്‍ ആഹ്ളാദിക്കുന്നു.