വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവം: എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവം: എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തൃശൂര്‍: പുത്തൂരില്‍ വനിതാ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ തടഞ്ഞു വച്ചതിനും കൃത്യ നിര്‍വഹണം തടസപ്പെടുത്തിയത്തിനും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകീട്ടാണ് പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനി ഓഫീസില്‍ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

സംഭവത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും ബിജെപിയും. റവന്യൂ മന്ത്രി ഇടപെടണമെന്ന് ടി എന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടു. പ്രളയകാല തട്ടിപ്പിന് കൂട്ടുനില്‍ക്കാത്തതിന്റെ വൈരാഗ്യം സിപിഎം പ്രവര്‍ത്തകര്‍ തീര്‍ത്തതാണെന്നാണ് ബിജെപിയുടെ ആരോപണം.ലൈഫ് മിഷന്‍ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ വരുമാന സര്‍ട്ടിഫിക്കേറ്റ് പുത്തൂര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്ത്വത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സംഭവം.

നാട്ടുകാരും പൊലീസും ചേര്‍ന്നാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്. തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാത്തവരെ കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു. പ്രളയക്കിറ്റ് തട്ടിപ്പിന് കൂട്ടുനില്‍ക്കാത്തതിനാലാണ് വില്ലേജ് ഓഫീസറെ മാനസികമായി പീഡിപ്പിച്ചതെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ആരോപിച്ചത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട സെര്‍വര്‍ തകരാറ് ഒരു വില്ലേജ് ഓഫീസര്‍ക്ക് മേല്‍ മാത്രം എങ്ങനെ കെട്ടി വയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍, ആരോപണങ്ങളെ സിപിഎം നിഷേധിച്ചു. യാതൊരുപ്രകോപനവും ഇല്ലാതെയാണ് സിനി ഞരമ്പ് മുറിച്ചതു എന്നാണ് പാര്‍ട്ടി നിലപാട്. സംഭവത്തില്‍ വില്ലേജ് ഓഫീസറുടേയും പഞ്ചായത്ത് പ്രസിഡന്റിന്റെയും പരാതികളില്‍ അന്വേഷണം തുടരുകയാണെന്ന് ഒല്ലൂര്‍ പൊലീസ് അറിയിച്ചു.