ഓറഞ്ച് കഴിച്ചാല്‍ പൊണ്ണത്തടി കുറയുമോ?

ഓറഞ്ച് കഴിച്ചാല്‍ പൊണ്ണത്തടി കുറയുമോ?

വണ്ണംകൂടുന്നതുകാരണം കണ്ണാടി നോക്കാന്‍ തന്നെ മടിയാണോ?എങ്കില്‍ അടുത്തുള്ള പഴക്കടയിലേക്കു വിട്ടോളൂ.എന്നിട്ട് നല്ല പഴുത്ത ഓറഞ്ച് നോക്കി വാങ്ങൂ.ഓറഞ്ചിന് നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാനുള്ള കഴിവുണ്ടത്രേ. ടൊറന്റോയിലെ ജേണല്‍ ഓഫ് ലിപിഡ് റിസേര്‍ച്ചിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധപ്പെടുത്തിയത്.പഴുത്ത ഓറഞ്ചില്‍ ധാരാളമടങ്ങിയിരിക്കുന്ന നൊബില്‍ടിന്‍ എന്ന ഘടകത്തിനാണ് അമിതവണ്ണം കുറയ്ക്കാനുള്ള കഴിവുള്ളത്. 

എലികളില്‍നടത്തിയ പരീക്ഷണത്തിനു ശേഷമാണ് മനുഷ്യരിലും ഓറഞ്ച് വണ്ണം കുറയ്ക്കലിന് ഫലപ്രദമാണെന്ന് കണ്ടെത്തിയത്.പരീക്ഷണത്തിനു തിരഞ്ഞെടുത്ത എലികള്‍ക്ക് ഫാറ്റ്,കൊളസ്‌ട്രോള്‍ എന്നിവ ധാരാളമടങ്ങിയ ഡയറ്റ് ആണ് നല്‍കിയിരുന്നത്.ഇവയില്‍ ഒരു വിഭാഗത്തിന് നെബില്‍ടിന്‍ കൂടി അവയുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തി.ഇവയ്ക്ക് മറ്റേ വിഭാഗത്തിലെ എലികളുടെ അത്ര അമിതവണ്ണം ബാധിച്ചില്ലെന്നും കണ്ടെത്തി.
 
എന്നാല്‍ നെബില്‍ടിന്‍ കൊടുക്കാതിരുന്ന എലികള്‍ക്ക് കൊളസ്‌ട്രോളും ഫാറ്റും ധാരാളമടങ്ങിയ ഭക്ഷം കഴിച്ചതുമൂലം പൊണ്ണത്തടി പിടിപെടുകയും ചെയ്തു.ഇവയുടെ ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനവും മന്ദഗതിയിലായിരുന്നെന്നും വ്യക്തമായി.ഇവയുടെ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി അതിരോസ്‌ക്ലീറോസിസ് എന്ന രോഗാവസ്ഥയും ബാധിച്ചതായി കണ്ടെത്തി. 

കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഒണ്‍ടാരിയോയില്‍ ആണ് ഓറഞ്ചും അമിതവണ്ണവും സംബന്ധിച്ച ബന്ധത്തെക്കുറിച്ചുള്ള പഠനം നടന്നത്. ചുരുക്കത്തില്‍ ഇനി നിങ്ങളുടെ ഡയറ്റില്‍ ധാരാളമായി ഓറഞ്ച് ഉള്‍പ്പെടുത്താം. അമിതമായ കൊഴുപ്പിനെ ഓറഞ്ചില്‍ അടങ്ങിയ നൊബില്‍ടിന്‍ എന്ന ഘടകം ഇല്ലാതാക്കാന്‍ സഹായിക്കും. 

ജ്യൂസ് രൂപത്തിലും ഓറഞ്ച് കഴിക്കാം.പക്ഷേ അമിതമായി മധുരം ചേര്‍ത്തു തയാറാക്കുന്ന ജ്യൂസ് പ്രതീക്ഷിച്ച പ്രയോജനം തരില്ലെന്നു മാത്രമല്ല, ശരീരത്തിലെ ഷുഗര്‍നില ഉയര്‍ത്തുകയും ചെയ്യും.കിടക്കുന്നതിനു തൊട്ടുമുന്‍പ് ഓറഞ്ച് കഴിക്കുന്നത് ഒഴിവാക്കണം. അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു കാരണമായേക്കും.