സഖാവ് നായനാര്‍ എന്നും മനസില്‍ കടന്നെത്തുന്ന സ്മരണയും ഊര്‍ജവുമെന്ന് പിണറായി വിജയന്‍

സഖാവ് നായനാര്‍ എന്നും മനസില്‍ കടന്നെത്തുന്ന സ്മരണയും ഊര്‍ജവുമെന്ന് പിണറായി വിജയന്‍
മുഖ്യമന്ത്രി ഫെയ്ബുക്കില്‍ പങ്കുവെച്ച ചിത്രം

തിരുവനന്തപുരം:  അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും പ്രമുഖ സിപിഎം നേതാവുമായിരുന്ന ഇ.കെ. നായനാരെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നായനാരെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസം വരേണ്ടതില്ല. എന്നും മനസ്സില്‍ കടന്നെത്തുന്ന സ്മരണയും ഊര്‍ജ്ജവും പ്രചോദനവുമാണ് അദ്ദേഹമെന്നും പിണറായി വിജയന്‍ തന്റെ ഫെയ്‌സബുക്ക് പോസ്റ്റില്‍ കുറിച്ചു.   കോളറയോടും, വസൂരിയോടും മല്ലടിച്ച ജനതയ്ക്ക് അതിജീവനത്തിന്റെ കരുത്തു പകര്‍ന്നു നല്‍കിയ കമ്മ്യൂണിസ്‌ററ് പാരമ്പര്യമാണ് നായനാരുടെ ജീവിത പഥത്തിലെ നിറവെളിച്ചം. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മഹാമാരിയോട് നേര്‍ക്ക് നേര്‍ പൊരുതിനില്‍ക്കാനുള്ള നമ്മുടെ ഊര്‍ജവും ആ വെളിച്ചമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

 

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


സഖാവ് നായനാരെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസം വരേണ്ടതില്ല. എന്നും മനസ്സില്‍ കടന്നെത്തുന്ന സ്മരണയും ഊര്‍ജ്ജവും പ്രചോദനവുമാണ് സഖാവ്. ഇ.കെ നായനാരോളം കേരള ജനത നെഞ്ചിലേറ്റിയ നേതാക്കള്‍ അധികം ഉണ്ടായിട്ടില്ല. അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് പതിനാറ് വര്‍ഷം തികയുകയാണ്.

ഏറ്റവും കഠിനമായ രാഷ്ട്രീയ കാലാവസ്ഥയില്‍ ഒഴുക്കിനെതിരെ നീന്തിയ പോരാളിയാണ്.  സ. നായനാര്‍. ഒരു പക്ഷേ, രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും അദ്ദേഹം കേരളത്തിനര്‍പ്പിച്ച സംഭാവനകളുടെ മഹത്വം ഇത്രമേല്‍ പ്രസക്തമായ മറ്റൊരു കാലം വേറെയില്ല. കോളറയോടും, വസൂരിയോടും മല്ലടിച്ച ജനതയ്ക്ക് അതിജീവനത്തിന്റെ കരുത്തു പകര്‍ന്നു നല്‍കിയ കമ്മ്യൂണിസ്‌ററ് പാരമ്പര്യമാണ് സഖാവ് നായനാരുടെ ജീവിത പഥത്തിലെ നിറവെളിച്ചം. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മഹാമാരിയോട് നേര്‍ക്ക് നേര്‍ പൊരുതിനില്‍ക്കാനുള്ള നമ്മുടെ ഊര്‍ജവും ആ വെളിച്ചമാണ്.

ചെറുപ്രായത്തില്‍ ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവന്ന സഖാവിന്റെ ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ തുടിക്കുന്ന സാന്നിധ്യമാണ്. ജന്മിത്വത്തിന് അന്ത്യം കുറിച്ച ഐതിഹാസിക കര്‍ഷക പോരാട്ടങ്ങളില്‍ - കയ്യൂരിലും, മൊറാഴയിലും - സഖാവിന്റെ ജ്വലിക്കുന്ന മുദ്രയുണ്ട്. നാലു വര്‍ഷത്തെ ജയില്‍ ജീവിതവും, പതിനൊന്നു വര്‍ഷം വരെ നീണ്ട ഒളിവു ജീവിതവും ഉള്‍പ്പെട്ട ത്യാഗോജ്ജ്വലമായ ഒരു സമര കാലഘട്ടം പിന്നിട്ടാണ് നായനാര്‍ എന്ന കമ്മ്യൂണിസ്റ്റ് ജനകോടികളുടെ ഹൃദയത്തില്‍ കുടിയേറിയത്.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാനുഷിക മൂല്യങ്ങള്‍ എക്കാലവുംസഖാവ് ഉയര്‍ത്തിപ്പിടിച്ചിരുന്നു. ദരിദ്രരായ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും അവയ്ക്ക് രാഷ്ടീയ പരിഹാരങ്ങള്‍ കണ്ടെത്താനും മുന്നില്‍ നിന്നു. വേദനയനുഭവിക്കുന്നവരെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു. അവരുടെ ദുഃഖത്തില്‍ കരയുകയും സന്തോഷത്തില്‍ പങ്കു ചേരുകയും ചെയ്തു.

ഭരണാധികാരി എന്ന നിലയിലും കേരള സമൂഹത്തിന്റെ വളര്‍ച്ചയില്‍ അമൂല്യമായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കാന്‍ കേരളത്തെ പ്രാപ്തമാക്കിയ മുന്നേറ്റത്തിന്റെ അമരത്ത് നായനാര്‍ ഉണ്ടായിരുന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷനും മാവേലി സ്റ്റോറുകളും തുടങ്ങി ദരിദ്രരായവരുടെ ക്ഷേമത്തിനു വേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാര്‍ക്ക് കേരളത്തില്‍ ആരംഭിച്ചത് നായനാരുടെ ഭരണകാലത്താണ്. സമൂഹത്തിലെ നവ ചലനങ്ങളോടുള്ള ഒരു കമ്മ്യൂണിസ്റ്റിന്റെ ക്രിയാത്മകതയും ദീര്‍ഘദര്‍ശിത്വവും നിറഞ്ഞ സമീപനത്തിന്റെ ദൃഷ്ടാന്തമാണ് നമ്മുടെ ഐടി വികസനത്തിന്റെ അടിത്തറയായി മാറിയ ടെക്നോപാര്‍ക്ക്.

കേരളത്തിന്റെ ഏറ്റവും വലിയ കരുത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന് ഈ കോവിഡ് പ്രതിരോധ നാളുകളില്‍ ലോകം തിരിച്ചറിയുന്നു. നമ്മളിന്നു കാണുന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എത്തിക്കുന്നത് നായനാരുടെ ഭരണകാലത്ത് നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണമാണ്. അതാതു പ്രദേശത്തെ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലെല്ലാം അവയ്ക്ക് കൂടുതല്‍ ഉത്തരവാദിത്വം കൈവന്നു. തദ്ദേശീയമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ഗ്രാമീണ വികസനം ഊര്‍ജ്ജിതപ്പെടുത്താന്‍ സാധിച്ചു. ഈ നയത്തിന്റെ ഭാഗമായി വളര്‍ന്നു വന്ന നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരുത്തിലാണ് പ്രളയവും കൊറോണയും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ ചെറുത്തു നില്‍ക്കാനും മറികടക്കാനും നമുക്ക് കഴിയുന്നത്.

സ. നായനാര്‍ ഒരു രക്ഷിതാവിനെ പോലെ രാഷ്ട്രീയ രംഗത്തു നയിച്ചിട്ടുണ്ട്. വ്യക്തിപരമായ അനുഭവങ്ങള്‍ ഒട്ടേറെയാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ ഒട്ടും പതറാതെ നിലകൊള്ളാനും ആക്രമണങ്ങളെ സധൈര്യം നേരിടാനും സ്വന്തം ജീവിതം കൊണ്ടാണ് സഖാവ് ചുറ്റുമുള്ളവരെ പഠിപ്പിച്ചത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് കോളറ പടര്‍ന്നു പിടിക്കുമ്പോള്‍ കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച സന്നദ്ധ സേനയുടെ മുന്‍നിരയില്‍ നിര്‍ഭയം പ്രവര്‍ത്തിച്ച നായനാരുടെ ഓര്‍മ്മകള്‍ ഈ ഘട്ടത്തില്‍ നമ്മളില്‍ എന്തെന്നില്ലാത്ത ധൈര്യം പകരുകയാണ്. സഖാവ് വെളിച്ചം വിതറിയ വഴികളിലൂടെ നമുക്ക് ഈ ദുര്‍ഘടകാലത്തെ കടന്നു മുന്നോട്ടു പോകാം. സഖാവ് നായനാര്‍ക്ക് ആദരാഞ്ജലികള്‍.