കേന്ദ്രമന്ത്രിയുടെ വസതിയില്‍ കവര്‍ച്ച

കേന്ദ്രമന്ത്രിയുടെ വസതിയില്‍ കവര്‍ച്ച

മുംബൈ: കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ മുംബൈയിലെ വസതിയില്‍ കവര്‍ച്ച.സെപ്റ്റംബര്‍ 19 നാണ് ഗോയലിന്റെ മുംബൈയിലെ വീട്ടില്‍ മോഷണം നടന്നത്.യാത്രയിലായിരുന്ന ഗോയലിന്റെ ഭാര്യ മുംബൈയിലെ വീട്ടിലെത്തിയപ്പോഴാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം മനസിലായത്.മോഷണവുമായി ബന്ധപെട്ടു വീട്ടിലെ ജോലിക്കാരനായ വിഷ്ണു കുമാര്‍ എന്ന 25 കാരനെ അറസ്റ്റ് ചെയ്തു.

വീട്ടു സാധനങ്ങള്‍ മോഷ്ടിച്ചതിന് ഒപ്പം ഇയാള്‍ വീട്ടിലെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ഇമെയില്‍ വഴി മറ്റൊരാള്‍ക്ക് കൈമാറിയതായും കണ്ടെത്തിയിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ദില്ലിയില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.തെളിവെടുപ്പിനും മറ്റുമായി ഇയാളെ മുംബൈയിലേക്ക് കൊണ്ടു വന്നു.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും കൂടുതല്‍ വിവരങ്ങള്‍ ഇയാളെ ചോദ്യം ചെയ്യുന്നതോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസ് എടുത്തു.