പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുകുത്തി ഫ്‌ളോയിഡിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോലീസ്

പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുകുത്തി ഫ്‌ളോയിഡിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോലീസ്

മിയാമി: ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ളോയിഡ് പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടതിന്റെ പേരിൽ അമേരിക്കയിലെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. ജോർജ് ഫ്ളോയിഡിന് നീതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് തെരുവുകൾതോറും പ്രക്ഷോഭങ്ങളും അനുശോചനങ്ങളും നടക്കുന്നത്. ഇതിനിടെ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയാമി പോലീസും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തിയിരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഫ്ളോറിഡയിലെ മിയാമിക്ക് സമീപത്തെ കോറൽ ഗേബ്ലസ് നഗരത്തിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മിയാമി പോലീസ് അസോസിയേഷൻ കോറൽ ഗേബ്ലസിലെ ഉദ്യോഗസ്ഥരാണ് പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുട്ടുകുത്തിയിരുന്നത്. അമേരിക്കയിലെ പല ഉദ്യോഗസ്ഥരും മിനിയാപ്പോലിസ് പോലീസിന്റെ നടപടിയെ അപലപിച്ചിട്ടുണ്ട്. ജോർജ് ഫ്ളോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണിലെ പോലീസ് മേധാവി കൊലപാതകത്തെ പരസ്യമായി അപലപിച്ചിരുന്നു.

ആഫ്രിക്കൻ-അമേരിക്കൻ വർഗക്കാരനായ ജോർജ് ഫ്ളോയ്‌ഡിനെ മിനസോട്ട പോലീസുകാരനായ ഡെറിക് ചൗ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയത്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി, സർവീസിൽനിന്നു പുറത്താക്കിയിരുന്നു. നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം തുടരുകയാണ്.