സൂര്യക്കെതിരെ ഹിന്ദു സംഘടന, ചെരിപ്പൂരി അടിക്കാന്‍ ആഹ്വാനം

സൂര്യക്കെതിരെ ഹിന്ദു സംഘടന, ചെരിപ്പൂരി അടിക്കാന്‍ ആഹ്വാനം

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നടന്‍ സൂര്യക്കെതിരെ ഹിന്ദു സംഘടന. സൂര്യയെ ചെരിപ്പൂരി അടിക്കാന്‍ ആഹ്വാനം ചെയ്ത് ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ നല്‍കുമെന്നുമായിരുന്നു ഇയാളുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ പാര്‍ട്ടി തന്നെ ഇയാളെ തള്ളി രംഗത്തെത്തി. സൂര്യ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും വഴിതെറ്റിക്കുകയാണെന്നും സൂര്യയുടെ ഉടമസ്ഥതയിലുള്ള അഗരം ഫൗണ്ടേഷന്‍ തീര്‍ത്തും മോശമായ പ്രസ്ഥാനമാണെന്നുമായിരുന്നു ധര്‍മ പറഞ്ഞത്.

കമ്മ്യൂണിസ്റ്റുകളുടെ അടുത്തുനിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും പണം വാങ്ങിയാണ് സൂര്യ ഇങ്ങനെ ചെയ്യുന്നത്. ഇത് നിയമങ്ങള്‍ക്കും സര്‍ക്കാരിന്‍റെ ചട്ടങ്ങള്‍ക്കും എതിരാണ്. ഇതിന്‍റെ പേരില്‍ കോടതിയലക്ഷ്യത്തിന് സൂര്യയെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍, എവിടെ സൂര്യയെ കാണുന്നോ അവിടെവെച്ച് ചെരിപ്പൂരി നടനെ അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്‍റ് അര്‍ജുന്‍ സമ്പത്തിന്റെ വകയായി ഒരു ലക്ഷം രൂപ നല്‍കുമെന്നുമായിരുന്നു പരാമര്‍ശം.

എന്നാല്‍ വിവാദമായതോടെ അര്‍ജുന്‍ സമ്പത്ത് ഈ നേതാവിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം. നീറ്റ് പരീക്ഷയ്ക്കെതിരായ സൂര്യയുടെ പരാമര്‍ശം അറിവില്ലായ്മയാണെന്നും അതും മനുസ്മൃതിയും തമ്മില്‍ എന്താണ് ബന്ധമെന്നും അര്‍ജുന്‍ സമ്പത്ത് ചോദിച്ചു. നേരത്തേ സൂര്യക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി സുപ്രീം കോടതിക്ക് കത്തെഴുതിയിരുന്നു.