സഞ്ജു സാംസണിൻ്റെ മികവിൽ രാജസ്ഥാന് വീണ്ടും ജയം

സഞ്ജു സാംസണിൻ്റെ മികവിൽ രാജസ്ഥാന് വീണ്ടും ജയം

 ഐ പി എല്ലിൽ സഞ്ജു സാംസണിൻ്റെ മികവിൽ രാജസ്ഥാൻ റോയൽസിന് രണ്ടാം വിജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ ആവേശകരമായ മത്സരത്തിൽ നാലു വിക്കറ്റുകൾക്ക് രാജസ്ഥാൻ റോയൽസ് തറപറ്റിച്ചു. 224 റൺസെന്ന പടുകൂറ്റൻ ലക്ഷ്യം മൂന്നു പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറി കടന്നു.എപിഎല്ലിലെ ഏറ്റഴും വലിയ റൺ വേട്ട സഞ്ജുവും കൂട്ടരും അനായാസം മറീ കടന്നു.

42 പന്തിൽ 85 റൺസ് നേടിയ സഞ്ജുവാണ് ഇത്തവണയും വിജയശില്പി. ഒരോവറിൽ 5 സിക്സറുകൾ നേടി രാഹുൽതേവാത്ത മികച്ച പിന്തുണ നൽകി. 31 പന്തിൽ 53 റൺസ് തേവാത്ത നേടി. സ്റ്റീവ് സ്മിത്ത് 27 പന്തിൽ 50 റൺസ് നേടി. 

മായങ്ക് അഗര്‍വാള്‍- കെ എല്‍ രാഹുല്‍ ദ്വയങ്ങളുടെ ബാറ്റിങ്ങ് മികവിൽ  കിംഗ്സ് ഇലവൻ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍. നേടിയിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 223 റണ്‍സെടുത്തു. മായങ്ക് 50 പന്തില്‍ 106 റണ്‍സും കെ എല്‍ രാഹുല്‍ 54 പന്തില്‍ 69 റണ്‍സും നേടി. രാജസ്ഥാനായി അങ്കിത് രജ്‌പുതും ടോം കറനുമാണ് വിക്കറ്റ് വീഴ്‌ത്തിയത്. 

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകന്‍ സ്റ്റീവ് സ്‌മിത്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌മിത്തിന്‍റെ തീരുമാനം തെറ്റെന്ന് ഒരു വേള   മായങ്കും രാഹുലും തോന്നിപ്പിച്ചു. ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത ഇരുവരും പിന്നീട് ആളിക്കത്തി. തന്‍റെ ആദ്യ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ വരെ അടിവാങ്ങി. പവര്‍പ്ലേയില്‍ 60-0 എന്ന സ്‌കോറിലെത്തി പഞ്ചാബ്. ഈ ഐപിഎല്ലിലെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്. 

ഓപ്പണര്‍മാര്‍ അടിതുടര്‍ന്നതോടെ ഒന്‍പത് ഓവറില്‍ കിംഗ്‌സ് ഇലവന്‍ 100 പിന്നിട്ടു. രാഹുലിനെ കാഴ്‌ചക്കാരനാക്കി തലങ്ങുംവിലങ്ങും സിക്‌സുകള്‍ പറത്തിയ മായങ്ക് 26 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. രാഹുല്‍ 35 പന്തില്‍ നിന്ന് അമ്പതിലെത്തി. 14-ാം ഓവറിലെ രണ്ടാം പന്തില്‍ സ്‌കോര്‍ 150 കടന്നു. 45 പന്തില്‍ മായങ്ക് കന്നി ഐപിഎല്‍ സെഞ്ചുറി തികച്ചു. ഇതിനകം തന്നെ ഏഴ് സിക്‌സുകള്‍ ഗാലറിയിലെത്തിയിരുന്നു.