വാഗമണിലെ നിശാ പാര്‍ട്ടി: നടി ബ്രിസ്റ്റിക്ക് ലഹരി സംഘവുമായി നേരത്തെ ബന്ധം

വാഗമണിലെ നിശാ പാര്‍ട്ടി: നടി ബ്രിസ്റ്റിക്ക് ലഹരി സംഘവുമായി നേരത്തെ ബന്ധം

ഇടുക്കി: വാഗമണിലെ നിശാ പാര്‍ട്ടി കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി നേരത്തെ ബന്ധമുണ്ടെന്ന് പൊലീസ്. പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്‌സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് തൃപ്പൂണിത്തുറ സ്വദേശിയായ ഈ നടി. നിശാ പാര്‍ട്ടിയില്‍ വിളമ്പാനെത്തിച്ചത് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴു തരം ലഹരി വസ്തുക്കളെന്ന് റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നു. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്‌സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളില്‍ നിന്നു കണ്ടെടുത്തത്.

അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍ നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്. തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചു നല്‍കിയത്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുന്‍പ് വിവിധയിടങ്ങളില്‍ ഇവര്‍ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.