അഭിനന്ദനു വേണ്ടി രാജ്യം പ്രാര്‍ഥിക്കുമ്പോള്‍ മറക്കരുതാത്ത രണ്ടുപേരുകളുണ്ട്. അജയ് അഹൂജയും,നചികേതയും.

അഭിനന്ദനു വേണ്ടി രാജ്യം പ്രാര്‍ഥിക്കുമ്പോള്‍ മറക്കരുതാത്ത രണ്ടുപേരുകളുണ്ട്. അജയ് അഹൂജയും,നചികേതയും.

യുദ്ധത്തിനിടെ വെടിയേറ്റ് വിമാനം തകര്‍ന്ന് ശത്രുനിരകള്‍ക്കിടയില്‍ പെട്ടുപോകുന്ന വീരവൈമാനികരോട് ചോദിക്കൂ..നരകം എന്തെന്ന് അവര്‍ പറഞ്ഞു തരും. ഇപ്പോള്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചുകിട്ടാന്‍ രാജ്യം പ്രാര്‍ഥിക്കുമ്പോള്‍ ഇരുപത് വര്‍ഷം മുമ്പ് കാര്‍ഗിലില്‍ സമാന സാഹചര്യം നേരിട്ട രണ്ടു വീരയോദ്ധാക്കളുടെ ഓര്‍മ പുതുക്കേണ്ട സമയം കൂടിയാണിത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ അജയ് അഹൂജയും ഗ്രൂപ് ക്യാപ്റ്റന്‍ കമ്പംപറ്റി നചികേതയും ആണ് അവര്‍. അജയ് വീരമൃത്യു വരിച്ചപ്പോള്‍ നചികേതയെ രാജ്യത്തിന് തിരിച്ചു കിട്ടി. 

1999ലെ കാര്‍ഗില്‍ യുദ്ധത്തിന്‍റെ ദിനങ്ങള്‍. കശ്മീരിലെ ബറ്റാലിക്‌മേഖലയിലെ പര്‍
വതനിരകളില്‍ നുഴഞ്ഞു കയറിയ ഭീകരരെ തുരത്താന്‍ പറന്നെത്തിയതായിരുന്നു സ്‌ക്വാഡ്രണ്‍ ലീഡര്‍ അജയ് അഹൂജയും അന്ന് ഫ്‌ളൈറ്റ് ലെഫ്റ്റനന്‍റായിരുന്നു നചികേതയും. പതിനേഴായിരം അടി ഉയരത്തില്‍ പതിയിരുന്ന ഭീകരര്‍ക്ക് നേരെ റോക്കറ്റുകളും ബോബുകളും വര്‍ഷിക്കുകയായിരുന്നു ഇരുവരുടെയുംവിമാനങ്ങള്‍. അജയ് പറത്തിയിരുന്നത് മിഗ് 21 ഉം നചികേത പറത്തിയിരുന്നത് മിഗ് 27 ഉം ആയിരുന്നു. റോക്കറ്റുകള്‍ വര്‍ഷിക്കുന്നതിനിടയില്‍ നചികേതയുടെ മിഗ് 27ന്‍റെ എന്‍ജിന് തീപിടിച്ചു. മറ്റു നിവൃത്തിയില്ലാതെ വിമാനം ഉപേക്ഷിച്ച് നചികേത ഇജക്ട് ചെയ്തു. സമീപത്തുണ്ടായിരുന്ന അജയ് അഹൂജ പക്ഷേ നചികേതയെ ഉപേക്ഷിച്ചു പോകാന്‍ തയാറായില്ല.

തന്നേക്കാള്‍ പത്തു വയസിന് ഇളപ്പമുള്ള നചികേത പാരച്യൂട്ടില്‍ ഇറങ്ങിയ സ്ഥലം കണ്ടെത്താന്‍ അജയ് അഹൂജ തന്‍റെ മിഗ് 21 ല്‍ ചുറ്റിക്കറങ്ങി. ശത്രുക്കളുടെ കയ്യില്‍ വിമാനവേധ സ്റ്റിംഗര്‍ മിസൈലുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും അതൊന്നും വകവയ്ക്കാതെയായിരുന്നു അജയിന്‍റെ സമാനതകളില്ലാത്ത ധീരപ്രവൃത്തി. പക്ഷേ അനിവാര്യമായത് സംഭവിച്ചു. പാക്‌സൈനികര്‍ തൊടുത്ത സ്റ്റിംഗര്‍ മിസൈല്‍ ഏറ്റ് അജയിന്‍റെ മിഗിന് തീപിടിച്ചു. 'എന്‍റെ മിഗിന് മിസൈല്‍ ഏറ്റെന്നു സംശയിക്കുന്നു. മറ്റു മാര്‍ഗങ്ങളില്ല. ഞാന്‍ ഇജക്ട് ചെയ്യുന്നു.' ഇതായിരുന്നു അജയിന്‍റെ അവസാന സന്ദേശം. പാരച്യൂട്ടില്‍ പറന്നിറങ്ങിയത് ശത്രുനിരകളുടെ ഇടയിലേക്കും. യുദ്ധത്തില്‍ പിടികൂടുന്ന വൈമാനികരോട് കാണിക്കേണ്ട ഒരു മര്യാദയും പാക് സൈനികര്‍ അജയിനോട് കാണിച്ചില്ല. അതിക്രൂരമാം വിധമാണ് അവര്‍ അജയിനെ കൊലപ്പെടുത്തിയത്. വെടിയുണ്ടകളേറ്റ് ആന്തരികാവയങ്ങള്‍ തകര്‍ന്നായിരുന്നു അജയിന്‍റെ വീരമൃത്യു. ആപത്തിലായ സഹപ്രവര്‍ത്തകനെ രക്ഷപെടുത്താന്‍ സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിയ ആ വീരസൈനികന്‍റെ മൃതദേഹം പിന്നെ രാജ്യത്തിന് വിട്ടുകിട്ടി. 

ശത്രുനിരകള്‍ക്കിടയില്‍ ലാന്‍ഡ് ചെയ്ത നചികേത അജയിന്‍റെ വിമാനം തന്നെ തിരയുന്നത് കണ്ടിരുന്നു. പിന്നീട് മിസൈലേറ്റ അജയിന്‍റെ വിമാനം കണ്ടതോടെ അവസാനം വരെ പോരാടാന്‍ നചികേത തീരുമാനിച്ചു. തന്‍റെ പിസ്റ്റളിലെ അവസാന വെടിയുണ്ടയും തീരുന്നത് വരെ പിടിച്ചുനിന്നു. തുടര്‍ന്ന് പാക് സൈനികര്‍ കീഴടക്കിയ നചികേതയെ റാവല്‍പിണ്ടിയിലെ ജയിലിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം കൊണ്ടുവന്നു. വിവരണങ്ങള്‍ക്കും അപ്പുറമുള്ള പീഡനമുറകളായിരുന്നു അവിടെ നചിയെ കാത്തിരുന്നത്. താനൊരിക്കലും പുറംലോകം കാണില്ലെന്നു തന്നെ നചികേത കരുതി. 71 ലെ യുദ്ധത്തില്‍ പാക് പിടിയിലായ ഇന്ത്യന്‍ വൈമാനികരെ കുറിച്ചുള്ള ഓര്‍മകള്‍ നചിയുടെ മനസിലൂടെ കടന്നുപോയി. മരണം എത്രയോ ഭേദം എന്നു തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അതെന്ന് പിന്നീട് നചികേത പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിധി നചിക്ക് അനുകൂലമായിരുന്നു. പാക് വ്യോമസേനയിലെ എയര്‍കമ്മഡോര്‍ ആയ കൈസര്‍ തുഫയിലിന്‍റെ രംഗപ്രവേശത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. സൈനികരുടെ പീഡനമുറകള്‍ കൈസര്‍ തടഞ്ഞു.

നചികേതയോട് തികച്ചും മാന്യമായാണ് കൈസര്‍ പെരുമാറിയത്. ചോദ്യം ചെയ്യല്‍ പോലും തികച്ചും മാന്യമായ ഭാഷയിലായിരുന്നു. നചികേതയുടെ കുടുംബകാര്യങ്ങള്‍ വരെ കൈസര്‍ ആരാഞ്ഞു. തന്‍റെ പിതാവിന് ആയിടെയുണ്ടായ ഹൃദയാഘാതവും സമീപകാലത്ത് നടന്ന പെങ്ങളുടെ വിവാഹം വരെ നചികേതയോട് മനുഷ്യത്വമുള്ള ആ ഉദ്യോഗസ്ഥന്‍ ചോദിച്ചറിഞ്ഞു. നല്ല ഭക്ഷണവും വൈദ്യസഹായവും നല്‍കി. അതേസമയം നചികേതയുടെ മോചനത്തിനായി ഇന്ത്യ നയതന്ത്രസമ്മര്‍ദം ശക്തമാക്കിയിരുന്നു. കാര്‍ഗില്‍ നുഴഞ്ഞു കയറ്റത്തിന്‍റെ പേരില്‍ അപ്പോള്‍ തന്നെ കുറ്റവാളിയാക്കപ്പെട്ടിരുന്ന പാക്കിസ്ഥാന്‍ നില്‍ക്കക്കള്ളിയില്ലാതെ എട്ടാം ദിവസം നചികേതയെ റെഡ് ക്രോസ് വഴി ഇന്ത്യയ്ക്ക് കൈമാറി.പീഡനങ്ങള്‍ നചികേതയെ ശാരീരികവും മാനസികവുമായി അത്രയേറെ തളര്‍ത്തിയിരുന്നു.

18000 അടി ഉയരത്തില്‍ ഇജക്ട് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്ന നട്ടെല്ലിനേറ്റ ക്ഷതം പുറമേയും.പിന്നീട് ഏറെക്കാലം ഗ്രൗണ്ട് ഡ്യൂട്ടി ചെയ്യേണ്ടിവന്ന നചികേത പിന്നീട് വിമാനം പറത്തിയത് 2003 ല്‍ ആണ്. ഫൈറ്റര്‍ വിമാനങ്ങള്‍ പറത്താന്‍ പിന്നീട് സേന നചികേതയെ അനുവദിച്ചില്ല. ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളുടെ പൈലറ്റാണ് ഇപ്പോള്‍ ഗ്രൂപ് ക്യാപ്റ്റനായ ഈ നാല്‍പ്പത്താറുകാരന്‍.ജീവിതത്തെ മാറ്റിമറിച്ച ഈ സംഭവങ്ങള്‍ക്ക് ശേഷം 2006ല്‍ ആയിരുന്നു നചികേതയുടെ വിവാഹം.

വീരമൃത്യു വരിച്ച അജയ് അഹൂജയെ പിന്നീട് രാജ്യം വീര്‍ചക്ര ബഹുമതി നല്‍കി ആദരിച്ചു. ഇന്നും പ്രധാനസേനാ ചടങ്ങുകളില്‍ അഹൂജയുടെ കുടുംബത്തിന്‍റെ സാന്നിധ്യം വ്യോമസേന ഉറപ്പുവരുത്തുന്നു. ഭട്ടിന്‍ഡ-മുക്‌സര്‍ പാതയോരത്ത് ഈ വീരസൈനികന്‍റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.  നചികേതയുടെയും അജയിന്‍റെയും ഓര്‍മകളിലാണ് രാജ്യം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ തിരിച്ചുവരവിനായി പ്രാര്‍ഥനകളോടെ കാത്തിരിക്കുന്നത്.