4083 കോടി ചെലവി ട്ട് ഹിമാലയത്തെ തുരന്നൊരു പാത തയ്യാര്‍

4083 കോടി ചെലവി ട്ട് ഹിമാലയത്തെ തുരന്നൊരു പാത തയ്യാര്‍

ഹിമാലയ മലനിരയിലെ ഒമ്പതു കിലോമീറ്റര്‍ തുരങ്ക പാത റെഡി. മലയോര ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒന്നാണിത്. അതിന് പുറമെ ഈ തുരങ്കത്തിന് സൈനിക പ്രാധാന്യവുമുണ്ട്. ഹിമാചല്‍ പ്രദേശിലെ മണാലിയെയും ലാഹുല്‍ സപ്തിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയ്ക്ക് അടല്‍ തുരങ്കം അഥവാ റോഹ്താംഗ് തുരങ്കം എന്നാണ് അറിയപ്പെടുന്നത്.  ചൈനീസ് അതിര്‍ത്തി മേഖലയിലേയ്ക്കടക്കം സൈനിക നീക്കത്തിന്‍റെ വേഗത കൂട്ടുന്നതാണ് ഈ തുരങ്കമെന്നതിനാല്‍ രാജ്യത്തിന്‍റെ പ്രതിരോധ മേഖലയില്‍ പ്രാധാന്യമേറെയാണ്.പത്ത് വര്‍ഷം കൊണ്ടാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ബിആര്‍ഒ ഈ അഭിമാന പദ്ധതി പൂര്‍ത്തിയാക്കിയത്.

 സമുദ്രനിരപ്പിന് 10,000 അടിക്ക് മുകളില്‍ ഉള്ള ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലാണ് റോഹ്താംഗില്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലമായ 1983 -ല്‍ സര്‍വ്വേ തുടങ്ങിയ പദ്ധതിയുടെ സാധ്യതാ പഠനം നടന്നത് 2002 മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്താണ്.പിന്നെയും എട്ട് വര്‍ഷങ്ങള്‍ എടുത്തു നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാന്‍.2010 ല്‍ എ കെ ആന്‍റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്താണ്  നിര്‍മ്മാണം ആരംഭിക്കുന്നത്.

മണാലി - ലേ ദേശീയപാതയിലെ യാത്ര സമയം കുറയ്ക്കുക എന്നതാണ് തുരങ്കത്തിന്‍റെ പ്രധാന ഉദ്ദേശം. തുരങ്കം യഥാര്‍ത്ഥ്യമായതോടെ ഈ പാതയില്‍ 48 കിലോമീറ്റര്‍ കുറഞ്ഞു. യാത്രാ സമയം നാല് മണിക്കൂറും കുറഞ്ഞു.ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ സപ്തി ഉള്‍പ്പെടെയുള്ള മലയോര ഗ്രാമങ്ങളിലെ ജനങ്ങളെ മണാലിയുമായി വേഗത്തില്‍ ബന്ധിപ്പിക്കാനാകുമെന്നത് മറ്റൊരു നേട്ടം. തണുപ്പ് കാലത്ത് മഞ്ഞ് വീഴ്ച്ച തുടങ്ങിയാല്‍ ഇവിടുത്തെ ഗ്രാമങ്ങള്‍ക്ക് ആറ് മാസം പുറം ലോകവുമായി ബന്ധമില്ലാതാകും.എന്നാല്‍ തുരങ്കത്തിന്‍റെ പണി പൂര്‍ത്തിയായതോടെ ഇതുവഴി ഇനി വര്‍ഷം മുഴുവന്‍ ഗതാഗതം സാധ്യമാകും. 

4,083 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവച്ചത് എന്നാല്‍ 3,200 കോടി രൂപയ്ക്ക്‌ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പദ്ധതി പൂര്‍ത്തിയാക്കി.തുരങ്കത്തിന്‍റെ എന്‍ജിനീയറിങ് / നിര്‍മ്മാണ മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി ഇ എം എസ്സ് എന്‍ജിനീയറിംങ് കണ്‍സള്‍ട്ടന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്  ആണ്.