റെക്കോര്‍ഡ് നേട്ടവുമായി റൗഡി ബേബി; സന്തോഷവാര്‍ത്തയറിയിച്ച് ധനുഷ്

റെക്കോര്‍ഡ് നേട്ടവുമായി റൗഡി ബേബി; സന്തോഷവാര്‍ത്തയറിയിച്ച് ധനുഷ്

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് മറക്കാനാകാത്ത ഗാനമാണ് മാരി 2 വിലെ റൗഡി ബേബി; പാട്ടിലെ താളം മാത്രമല്ല ചടുലമായ നൃത്തരംഗങ്ങളും ചേര്‍ന്നതോടെയാണ് റൗഡി ബേബി സിനിമയേക്കാള്‍ ഹിറ്റായത്. തമിഴ് സൂപ്പര്‍ താരം ധനുഷും, സ്മൈല്‍ ക്യൂന്‍ സായ് പല്ലവിയും തകര്‍ത്തഭിനയിച്ച ഗാനരംഗം ഇപ്പോഴിതാ റെക്കോര്‍ഡ് നേട്ടത്തിലാണ്.

യൂട്യൂബില്‍ 100 കോടി കാഴ്ചകള്‍ പിന്നിടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ ഗാനമാണ് റൗഡി ബേബി. ഇത്തരത്തില്‍ വൈറലാകുന്ന 15ാമത്തെ ഗാനമാണിത്. ധനുഷ് തന്നെയാണ് ഈ നേട്ടം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കി ധനുഷും ദീക്ഷിത വെങ്കടേശനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് പ്രഭുദേവയാണ് നൃത്ത സംവിധാനം നിര്‍വ്വഹിച്ചത്. ധനുഷും സായ് പല്ലവിയും ഒന്നിച്ചഭിനയിച്ച ഗാനം 2019 ജനുവരി 2ന് ആണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാംഭാഗമാണ് മാരി 2.