വിരാട് കോഹ്ലിയുടെ മികവിൽ റോയൽ ചാലഞ്ചേഴ്സിന് മിന്നും വിജയം

വിരാട് കോഹ്ലിയുടെ മികവിൽ റോയൽ ചാലഞ്ചേഴ്സിന് മിന്നും വിജയം

ദുബായ്‌: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ 37 റണ്ണിൻ്റെ ജയം.

ആദ്യം ബാറ്റ്‌ ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 169 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 132 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 52 പന്തില്‍ നാല്‌ സിക്‌സറും നാല്‌ ഫോറുമടക്കം 90 റണ്ണുമായി പുറത്താകാതെനിന്ന നായകന്‍ വിരാട്‌ കോഹ്ലിയാണു റോയല്‍ ചലഞ്ചേഴ്‌സിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്‌.

ശിവം ദുബെ 14 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 22 റണ്ണുമായി നായകനു കൂട്ടായി. മലയാളി ഓപ്പണര്‍ ദേവദത്ത്‌ പടിക്കലും (34 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 33) ആരണ്‍ ഫിഞ്ചും ചേര്‍ന്നാണ്‌ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്‌. ഒന്‍പത്‌ പന്തില്‍ രണ്ട്‌ റണ്ണെടുത്ത ഫിഞ്ച്‌ വീണ്ടും നിരാശപ്പെടുത്തി. ഫിഞ്ചിനെ ദീപക്‌ ചാഹാര്‍ ബൗള്‍ഡാക്കി. കോഹ്ലിയും പടിക്കലും ചേര്‍ന്ന്‌ ഇന്നിങ്‌സ് അര്‍ധ സെഞ്ചുറി കടത്തി. ശാര്‍ദൂല്‍ ഠാക്കൂറിനെ അടിച്ചു പറത്താന്‍ ശ്രമിച്ച പടിക്കലിനെ ‌ ഡു പ്ലെസിസ്‌ പിടികൂടി. പിന്നാലെ ക്രീസിലെത്തിയ എ.ബി. ഡിവിലിയേഴ്‌സ് (0) രണ്ടാമത്തെ പന്തില്‍ പുറത്തായി. ഠാക്കൂറിൻ്റെ പന്തില്‍ വിക്കറ്റ്‌ കീപ്പറും നായകനുമായ എം.എസ്‌. ധോണിയാണു ഡിവിലിയേഴ്‌സിനെ കൈയില്‍ ഒതുക്കിയത്‌. ചെന്നൈക്കു വേണ്ടി ശാര്‍ദൂല്‍ ഠാക്കൂര്‍ രണ്ട്‌ വിക്കറ്റും സാം കുറാന്‍, ദീപക്‌ ചാഹാര്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. ഒറ്റയാള്‍ പോരാട്ടം പുറത്തെടുത്ത കോഹ്ലി 39 പന്തുകളിലാണ്‌ അര്‍ധ സെഞ്ചുറി കടന്നത്‌