അനശ്വരമായ ആ നാദ വിസ്മയം നിലച്ചു

അനശ്വരമായ ആ നാദ വിസ്മയം നിലച്ചു

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം വിടവാങ്ങി. ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും ഇന്നുച്ചയ്ക്ക് ഒന്നേ കാല്‍ മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 54 വര്‍ഷത്തെ സംഗീത സപര്യ. 40,0000ത്തോളം പാട്ടുകള്‍ പാടി. വിവിധ ഭാഷകളില്‍. നടനായും ഡബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം തേടിയെത്തി. ശങ്കരാഭരണം എന്ന ചിത്രത്തിലെ ശങ്കരാ എന്ന ഗാനം അനശ്വരമായി നിലനില്‍ക്കും.  കൊവിഡ് മുക്തനായെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രസഹായത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസം.  പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടി അലട്ടുന്നതാണ് നില വഷളാക്കിയത്.

ആരോഗ്യനില അതീവ ഗുരുതരമെന്ന് കാണിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ ഇന്നലെ പുറത്തുവരികയായിരുന്നു.ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന ആശ്വാസ വാര്‍ത്ത പുറത്തുവന്നു. കൊവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടാഞ്ഞതിനാല്‍ അദ്ദേഹം വെന്റിലേറ്ററില്‍ തന്നെയായിരുന്നു. ഇന്ന് ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും രാവിലെ ആശുപത്രിയിലെത്തിയിരുന്നു.