സഞ്ജു നിറഞ്ഞാടിയത് ഇതാദ്യമല്ല

സഞ്ജു നിറഞ്ഞാടിയത് ഇതാദ്യമല്ല

സഞ്ജു, നീ മലയാളികളുടെ അഭിമാനമാണ്. ഷാര്‍ജയില്‍ ഇന്നലെ നീ തിരി കൊളുത്തിയ കതിന അടുത്ത കാലത്തൊന്നും പൊട്ടിത്തീരില്ല. ഞങ്ങള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുകയാണ് നീ. നമ്മളിലൊരാള്‍, നടവഴിയില്‍, മെഡിക്കല്‍ കോളേജ് ആശുപത്രി ഗ്രൗണ്ടില്‍, മാര്‍ ഇവാനിയോസ് കോളേജില്‍... അവിടെയൊക്കെക്കാണുന്ന നീ ഞങ്ങളുടെ ചങ്ക് പറിച്ചെടുത്തിരിക്കുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരെ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ നേടിയ വെടിക്കെട്ട് അര്‍ധ സെഞ്ചുറി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ഏടാണ് എഴുതിച്ചേര്‍ത്തത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 2018ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സഞ്ജു 10 സിക്സുകള്‍ പറത്തിയിരുന്നു. 45 പന്തില്‍ 204 സ്ട്രൈക്ക് റേറ്റോടെ 92 റണ്‍സാണ് അന്ന് സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്.

ഇന്നലെ മൂന്നാമനായി ഇറങ്ങിയ സഞ്ജു  32 പന്തില്‍ 9 സിക്‌സര്‍ അടക്കം 74 റണ്‍സ് അടിച്ചെടുത്തു. ഇതോടെ ഐപിഎല്ലിലെ അപൂര്‍വ നേട്ടത്തിലെത്താന്‍ മലയാളി താരത്തിനായി. 231 സ്ട്രൈക്ക് റേറ്റില്‍ ബാറ്റുവീശീയ സഞ്ജു രണ്ട് ഐപിഎല്‍ മത്സരങ്ങളില്‍ ഒന്‍പതോ അതിലധികമോ സിക്‌സര്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. രോഹിത് ശര്‍മ്മ, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ വെടിക്കെട്ട് വീരന്‍മാര്‍ക്ക് പോലും കഴിയാത്ത നേട്ടമാണിത്. മത്സരം രാജസ്ഥാന്‍ 16 റണ്‍സിന് വിജയിച്ചപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവാണ്. ആകെ വിതരണം ചെയ്ത അഞ്ച് പുരസ്‌കാരങ്ങളില്‍ നാലും രാജസ്ഥാനായി ഇറങ്ങിയ സഞ്ജു നേടി. മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് പുറമേ ഗെയിം ചേഞ്ചര്‍, സൂപ്പര്‍ സ്ട്രൈക്കര്‍, ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ ബാറ്റ്‌സ്മാനുള്ള പുരസ്‌കാരം എന്നിവയാണ് സഞ്ജു വാരിക്കൂട്ടിയത്.