സ്വര്‍ണം വില്ക്കാന് ഹാള്‍മാര്‍ക്ക് വേണ്ട

ഫേക് ന്യൂസുകളുടെ കാലമാണിത്. കയ്യിലിരിക്കുന്ന സ്വര്‍ണ്ണം വില്ക്കാന് പഴയതു പോലെ കഴിയില്ലെന്ന പ്രചരണമാണ് ഇതിലൊന്ന്. ഉപയോക്താക്കളുടെ കൈവശമുള്ള പഴയ സ്വര്‍ണാഭരണങ്ങളും നാണയങ്ങളും പാരമ്പര്യ സ്വത്തായി ലഭിച്ച മറ്റു സ്വര്‍ണ ഉരുപ്പടികളും 15ന് ഉള്ളില്‍ വിറ്റു പണമാക്കിയില്ലെങ്കില്‍ പിന്നീട് അവ വില്‍ക്കാനുള്ള അവസരം ലഭിക്കില്ലെന്ന തരത്തിലുള്ള പല തെറ്റിദ്ധാരണകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഉപയോക്താക്കള്‍ക്കു സ്വര്‍ണം വില്‍ക്കുന്നതിന് ഹാള്‍മാര്‍ക്കിങ് ബാധകമല്ലെന്നതാണു യാഥാര്‍ഥ്യം.
ആഭരണ വ്യാപാരമേഖലയില്‍ ഗുണനിലവാരം ഉറപ്പുവരുത്താനായാണ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയത്. ആഭരണത്തിന്റെ മാറ്റ് ഉറപ്പാക്കുന്ന ഗുണമേന്മാ മുദ്രയാണിത്. ആഭരണത്തില്‍ ഇത് ആലേഖനം ചെയ്തിട്ടുണ്ടാകും. ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്ന നിയമം പ്രാബല്യത്തില്‍ വരാന്‍ 2021 ജൂണ്‍ വരെ സമയം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നേരത്തെ 2021 ജനുവരി 15 ആയിരുന്നു അവസാന തീയതി. ഹാള്‍മാര്‍ക്കിങ് നിയമം നിര്‍ബന്ധമാക്കിയിട്ടുള്ളത്, വ്യാപാരികള്‍ ഉപയോക്താക്കള്‍ക്കു വില്‍ക്കുന്ന സ്വര്‍ണത്തിനു മാത്രമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ കൈവശമുള്ള സ്വര്‍ണം വില്‍ക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഹാള്‍മാര്‍ക്കിങ് ആവശ്യമില്ല.
ഹാള്‍മാര്‍ക്കിങ് ഇല്ലാത്ത സ്വര്‍ണം പണയം വയ്ക്കാം. പണയം വയ്ക്കുമ്പോള്‍ ആഭരണം ഹാള്‍മാര്‍ക്ക് ചെയ്തവയാണോ എന്നുള്ള പരിശോധന ഉണ്ടാകില്ല.ജനുവരി 15 നു ശേഷം ഹാള്‍മാര്‍ക്ക് ചെയ്യാത്ത സ്വര്‍ണം മാറ്റിവാങ്ങാനോ വില്‍ക്കാനോ കഴിയില്ലെന്ന് ഏതെങ്കിലും സ്വര്‍ണവ്യാപാരികള്‍ പറഞ്ഞാല്‍ ഉപയോക്താക്കള്‍ക്കു നിയമ വഴിക്കു നീങ്ങാം. പല വിദേശരാജ്യങ്ങളില്‍ നിന്നും കൊണ്ടുവരുന്ന സ്വര്‍ണം 21 കാരറ്റ് പരിശുദ്ധിയിലുള്ളവയാണ്. ഏതു കാരറ്റിലുള്ള സ്വര്‍ണവും ഉപയോക്താക്കള്‍ക്ക് ജ്വല്ലറികള്‍ക്കു വില്‍ക്കാം. 22 കാരറ്റാണ് 916 സ്വര്‍ണം.