ലോകത്ത് സ്വാധീനം ചെലുത്തിയ പട്ടികയില്‍ ഷഹീന്‍ ബാഗ് ​സമരനായിക ബില്‍കീസും

ലോകത്ത്  സ്വാധീനം ചെലുത്തിയ പട്ടികയില്‍ ഷഹീന്‍ ബാഗ് ​സമരനായിക ബില്‍കീസും

ന്യൂ ഡല്‍ഹി: 2020ല്‍ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് ​സമരനായിക ബില്‍കീസും. ലോകപ്രസിദ്ധമായ ടൈം മാഗസിന്‍റെ, ലോകത്തെ സ്വാധീനിച്ച നൂറുപേരിലാണ് ഷഹീന്‍ബാഗിലെ ദാദി എന്നറിയപ്പെട്ട ഈ 82കാരി ഇടംപിടിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പട്ടികയിൽ ഉണ്ടെങ്കിലും അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ ദുസ്വാധീനമാണ് പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമെന്ന് ടൈംസ് പറയുന്നു.  മോദിയെ പറ്റി ടൈം മാഗസിന്‍റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് കാള്‍ വിക്കാണ്​ കുറിപ്പ്​ നല്‍കിയിരിക്കുന്നത്​. ഇന്ത്യയെന്ന ബഹുസ്വരതയുടേയും വൈവിധ്യങ്ങളുടേയും ജനാധിപത്യത്തി​ന്‍റെയും സ്വര്‍ഗ്ഗഭൂമിയെ വെറുപ്പിന്‍റെ കേന്ദ്രമാക്കിയ നേതാവായാണ്​ മോദിയെ ടൈം വിശേഷിപ്പിച്ചത്​.

ഈ രാജ്യത്തിലെ, ലോകത്തിലെ കുട്ടികള്‍ സമത്വത്തിന്‍റെയും നീതിയുടേയും വായു ശ്വസിക്കുന്നതിനായി എൻ്റെ ഞെരമ്പുകളിലെ രക്തയോട്ടം നിലക്കുന്നതു വരെ ഞാന്‍ ഈ സമരം തുടരുമെന്ന് വിളിച്ചു പറഞ്ഞാണ് ഷഹീന്‍ ബാഗില്‍ ആരംഭിച്ച പ്രതിഷേധ കൂട്ടായ്മയില്‍ ബില്‍ക്കീസ് പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ​ ഉറച്ച ശബ്ദമായി മാറിയ ബില്‍ക്കീസിനെ 2019 ല്‍ വിവിധ​ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരില്‍ ഒരാളായാണ് ടൈം മാഗസിന്‍ പട്ടികയിലേക്ക്​ തെരഞ്ഞെടുത്തത്​
2019 ഡിസംബറിലാണ് പൗരത്വഭേദഗതി ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. തുടര്‍ന്ന് രാജ്യമെങ്ങും വന്‍ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പ്രായം തളര്‍ത്താത്ത കരുത്തുറ്റ ശബ്ദമായി അവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഒരുകയ്യില്‍ പ്രാര്‍ത്ഥനാമാലയും മറുകയ്യില്‍ ദേശീയ പതാകയുമായാണ് ബില്‍ക്കീസ് സമരപ്പന്തലിലുണ്ടായത് എന്ന് മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് പറഞ്ഞിരുന്നു. രാവിലെ 8 മണിക്ക് പ്രതിഷേധപന്തലിലെത്തുന്ന അവര്‍ അര്‍ധരാത്രി വരെ ആ സമരത്തിന്‍റെ ഭാഗമായിരുന്നു. സമരത്തിനെത്തിയ ചെറുപ്പക്കാര്‍ക്ക് പ്രചോദനമായിരുന്നു അവര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബോളിവുഡ്​താരം ആയുഷ്‍മാന്‍ ഖുറാന, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, പ്രൊഫസര്‍ രവീന്ദ്ര ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റു ഇന്ത്യക്കാര്‍. യു.എസ്​ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ​ട്രംപ്​, ഡെമോക്രാറ്റിക്​ പ്രസിഡന്‍റ്​ സ്ഥാനാര്‍ഥി ജോ ബൈഡന്‍, ഡെമോക്രാറ്റിക് വൈസ്​പ്രസിഡന്‍റ് ​സ്ഥാനാര്‍ഥി കമല ഹാരിസ്​, ജര്‍മന്‍ ചാന്‍സലര്‍ ഏംഗല മെര്‍ക്കല്‍, ചൈനീസ് ​പ്രസിഡന്‍റ്​ഷീ ജിന്‍പിങ്​, ഫോര്‍മുല വണ്‍ താരം ലൂയിസ്​ ഹാമില്‍ട്ടണ്‍, അമേരിക്കന്‍ ഡോക്ടര്‍ അന്‍റോണിയോ ഫൗസി എന്നിങ്ങനെയുള്ള നേതാക്കളും പ്രശസ്തരും ലിസ്റ്റില്‍ ഉള്‍പ്പെട്ടവരിലുണ്ട്.