288 വര്‍ഷം പഴക്കമുള്ള ഈ കോട്ടയും അകത്തളങ്ങളും ഇന്ന് ഭയപ്പാടി​​​​​​​ന്‍റെ ഈറ്റില്ലമാണ്

288 വര്‍ഷം പഴക്കമുള്ള ഈ കോട്ടയും അകത്തളങ്ങളും ഇന്ന് ഭയപ്പാടി​​​​​​​ന്‍റെ ഈറ്റില്ലമാണ്

നിഗൂഢതകള്‍ നിറഞ്ഞതും ഭയപ്പെടുത്തുന്നതുമായ നിരവധി ഇടങ്ങള്‍ ഈ ഭൂമിയിലുണ്ട്. അങ്ങനെയൊരിടമാണ് മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള ശനിവാര്‍ വാഡ കോട്ട. പൗരാണികത പേറുന്ന ഈ കോട്ടയും അകത്തളങ്ങളും ഇന്ന് ഭയപ്പാടിന്റെ ഈറ്റില്ലമാണ്. 288 വര്‍ഷം പഴക്കമുമുള്ള ഈ കോട്ട ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.

മറാത്ത സാമ്രാജ്യത്തിലെ ശിവജിയുടെ പിന്മുറക്കാരനായ ചക്രവര്‍ത്തി  ഷാഹുവിന്റെ പേഷ്വാ ആയിരുന്ന ബാജി റാവു പണി കഴിപ്പിച്ചതാണ് ഈ കോട്ട.1732-ല്‍ കോട്ടയുടെ നിര്‍മാണം പൂര്‍ത്തിയായി. 1732 ജനുവരി 22 ശനിയാഴ്ചയാണ് ശനിവാര്‍വാഡയില്‍ ബാജിറാവു താമസം തുടങ്ങുന്നത്. അതിമനോഹരമായ വാസ്തുവിദ്യയും മുഗള്‍ സാമ്രാജ്യത്തിനെതിരെയുള്ള അന്നത്തെ കാലത്തേ യുദ്ധപ്രതിരോധ മാര്‍ഗങ്ങളും ശത്രുവിനെ തുരത്താനുള്ള വേറിട്ട വഴികളുമെല്ലാം ശനിവാര്‍ വാഡ കോട്ട കാണുന്നവരില്‍ ആശ്ചര്യത്തോടൊപ്പം ബഹുമാനവും ഉണര്‍ത്തും. 

പ്രധാന കവാടമായ ദില്ലി ഗേറ്റ്, മസ്താനി ഗേറ്റ്, ഖിഡ്കി ദര്‍വാസ, ഗണപതി ഗേറ്റ്, നാരായണ്‍ ഗേറ്റ് തുടങ്ങി അഞ്ചു വാതിലുകളാണ് കോട്ടയ്ക്കുള്ളത്. വിശാലമായ പൂന്തോട്ടങ്ങളും ജലധാരകളും കോട്ടയ്ക്കകത്ത് കാണാം. 1773 ല്‍ അന്നത്തെ പേഷ്വാ ആയിരുന്ന നാരായണ റാവുവിനെ അമ്മാവനും അമ്മായിയും ചേര്‍ന്ന് ചതിച്ചു കൊന്നത് ഈ കോട്ടയ്ക്കുള്ളില്‍ വെച്ചായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആ ആത്മാവ് ഇന്നും മോക്ഷം കിട്ടാതെ ഇവിടെ അലയുന്നുണ്ടെന്നും പൗര്‍ണമി ദിവസങ്ങളില്‍ ഭീകരമായ അലര്‍ച്ചകളും ദയനീയമായ കരച്ചിലുകളും ഇവിടെ ഉയരാറുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

ബാജി റാവു മസ്താനി എന്ന ഹിന്ദി ചലച്ചിത്രത്തില്‍ ഈ കോട്ടയും പരിസരങ്ങളുമൊക്കെ വ്യക്തമായി പരിചയപെടുത്തുന്നുണ്ട്. ബ്രിട്ടീഷുകാരോടു യുദ്ധത്തില്‍ പരാജയപ്പെട്ട ബാജി റാവു രണ്ടാമന്   കോട്ടയും അധികാരങ്ങളും നഷ്ടപ്പെടുകയും നാടുകടത്തപെടുകയുമാണുണ്ടായത്. സാരമായ നാശനഷ്ടങ്ങള്‍ കോട്ടക്ക് സംഭവിച്ചിട്ടുണ്ടെങ്കിലും ശനിവാര്‍ വാഡ കോട്ട കാണാന്‍ നിരവധി പേര് ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്.