ഷിഗല്ല രോഗത്തെ തിരിച്ചറിയാം; രോഗലക്ഷണങ്ങള്‍, ചികിത്സാരീതി, പ്രതിരോധ മാര്‍ഗങ്ങള്‍

കോഴിക്കോട് ; കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തത് സംസ്ഥാനത്തെയാകെ ആശങ്കയിലാക്കിയിരുന്നു.മുന്‍കാലങ്ങളിലും സംസ്ഥാനത്ത് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഷിഗല്ല എന്ന ബാക്ടീരിയ ശരീരത്തിനകത്ത് കടന്നാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെയാണ് ഷിഗല്ല രോഗമായി കണക്കാക്കുന്നത്.
മലിനമാക്കപ്പെട്ട വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് രോഗാണു ഉള്ളില്‍ കടക്കുന്നത്. രൂക്ഷമായ വയറിലളക്കമാണ് പ്രധാന രോഗലക്ഷണം. ഷിഗല്ല മൂലമുള്ള വയറിളക്കത്തിന് അതിസാരം എന്നാണു പറയുക.വയറിളക്കത്തോടൊപ്പം മലത്തില്‍ രക്തത്തിന്റെയോ കഫത്തിന്റെയോ അംശങ്ങള്‍ കൂടി കണ്ടെത്തുമ്പോഴാണ് അതിന് അതിസാരം എന്നു പറയുന്നത്. സാധാരണ വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് അവശതയും മരണവും ഉണ്ടാക്കാനുള്ള സാധ്യത അതിസാരത്തിനു കൂടുതലാണ്.
വളരെ കുറച്ച് അണുജീവികള്‍ ഉള്ളിലെത്തിയാല്‍ മതി ഈ രോഗമുണ്ടാകാന്‍. വയറിളക്കം, പനി, തളര്‍ച്ച, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ആരംഭത്തില്‍ കാണുക. വിസര്‍ജ്യത്തില്‍ രക്തമോ കഫമോ കലര്‍ന്നിട്ടുണ്ടെങ്കില്‍ രോഗം ഉറപ്പിക്കാം.ഷിഗല്ല വന്‍കുടല്‍ ഭിത്തിയിലുണ്ടാക്കുന്ന ക്ഷതങ്ങളാണ് വിസര്‍ജ്യത്തില്‍ രക്തത്തിന്റെ അംശം ഉണ്ടാകുന്നതിനുള്ള പ്രധാനകാരണം. രോഗകാരികളായ അണുജീവികള്‍ ഷിഗാട്ടോക്സിന് എന്ന വിഷവസ്തു രക്തത്തിലേക്കു കലര്‍ത്തുന്നത് രോഗിയില്‍ ശക്തമായ ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാകുന്നു. അപൂര്‍വമായി വൃക്കരോഗത്തിലേക്കും ഈ അവസ്ഥ നയിക്കാം.
ആന്റിബയോട്ടിക്ക് ചികിത്സയാണ് നല്‍കുക. ഒആര്‍എസ് ലായനി, കരിക്കിന് വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയ ലവണങ്ങള്‍ കലര്‍ന്ന വെള്ളം ധാരാളം കുടിക്കുക. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണം കഴിക്കുക എന്നിവ നിര്‍ജലീകരണവും ക്ഷീണവും തടയും. തിളപ്പിച്ചാറിയെ വെള്ളം കുടിക്കുകയും ഭക്ഷണപാനീയങ്ങള്‍ മൂടിസൂക്ഷിക്കുകയും വേണം. പുറത്തുനിന്നു ഭക്ഷണം കഴിക്കുമ്പോള്‍ ശുചിത്വമുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനുപയോഗിക്കുന്നതിലൂടെയും രോഗവ്യാപനം തടയാം.