'അപ്പ എന്നെ തിരിച്ചറിഞ്ഞു, ആംഗ്യഭാഷയിലൂടെ സംസാരിച്ചു'; സന്തോഷം പങ്കുവച്ച് എസ്. പി ചരൺ

'അപ്പ എന്നെ തിരിച്ചറിഞ്ഞു, ആംഗ്യഭാഷയിലൂടെ സംസാരിച്ചു'; സന്തോഷം പങ്കുവച്ച് എസ്. പി ചരൺ

കോവിഡ് ബാധിച്ച് അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ചെറിയ തോതിൽ ആശയവിനിമയം നടത്തിയെന്ന് മകനും ഗായകനുമായ എസ് പി ചരണ്‍. ആംഗ്യഭാഷയിലൂടെയായിരുന്നു സംഭാഷണമെന്നും ആശുപത്രി മുറിയിൽ പ്ലേ ചെയ്ത പാട്ടിനോട് അദ്ദേഹം പ്രതികരിച്ചു എന്നും ചരൺ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ വിഡിയോയിലൂടെ അറിയിച്ചു. എസ്പിബിയുടെ ആരോഗ്യ കാര്യങ്ങളിൽ അകമഴിഞ്ഞ ശ്രദ്ധ പുലർത്തുന്ന ആശുപത്രി അധികൃതരോട് ചരൺ പ്രത്യേകമായി നന്ദി അറിയിച്ചു.   

‘ഞാൻ അപ്പയെ സന്ദർശിക്കാൻ ആശുപത്രി മുറിക്കകത്ത് കയറി. ഏകദേശം രണ്ടാഴ്ചകൾക്കു ശേഷമാണ് അപ്പയെ കണ്ടത്. അപ്പ ഏറെക്കുറെ ഉന്മേഷവാനായിരുന്നു. മരുന്നിന്റേതായ ചില മയക്കങ്ങൾ ഇപ്പോഴും ഉണ്ട്. എങ്കിലും അപ്പ എന്നെ തിരിച്ചറിഞ്ഞു. ഞങ്ങൾ തമ്മിൽ ആംഗ്യ ഭാഷയിലൂടെ ഒരു ചെറിയ ആശയവിനിമയം നടത്തി. ഇപ്പോൾ ‌ആരോഗ്യസ്ഥിതി എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ അപ്പ എനിക്ക് തംസ് അപ്പ് കാണിച്ചു. 

എല്ലാവരും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുന്നുണ്ടെന്നും മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നും ഞാൻ അപ്പയെ അറിയിച്ചു. അതിനൊക്കെ അപ്പ ആംഗ്യങ്ങളിലൂടെ പ്രതികരിച്ചു. എന്നെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ അദ്ദേഹം അന്വേഷിച്ചു. ആശുപത്രി മുറിയിൽ പ്ലേ ചെയ്ത പാട്ടിനോട് അപ്പ പ്രതികരിക്കുകയും ചെയ്തു. അപ്പയുടെ ആരോഗ്യത്തിനായി നടത്തിയ പൂജകളുടെ പ്രസാദം ഞാൻ ഐസിയു സംഘത്തിനു കൈമാറി. അവർ അത് അപ്പയ്ക്കരികിൽ വയ്ക്കുകയും ചെയ്തു.

വളരെ സന്തോഷത്താടെയാണ് ഇക്കാര്യം ഞാൻ നിങ്ങളെ അറിയിക്കുന്നത്. അപ്പയെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരോടും എല്ലാ ആരോഗ്യ പ്രവർത്തകരോടും ഞാൻ പ്രത്യേകം നന്ദി അറിയിക്കുകയാണ്. അപ്പയുടെ രോഗമുക്തിക്കു വേണ്ടി പ്രാ‍ർഥിച്ച എല്ലാവർക്കും നന്ദി. നിങ്ങളോടെല്ലാം ഞാനും എന്റെ കുടുംബവും എന്നും കടപ്പെട്ടിരിക്കും. ഈ പ്രാർഥനകളും ആശംസകളുമെല്ലാം ഞങ്ങൾക്ക് ആത്മവിശ്വാസവും പ്രത്യാശയും നൽകുകയാണ്’.– എസ് പി ചരൺ പറഞ്ഞു. 

എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് ഫലം നെഗറ്റീവ് ആയി എന്ന തരത്തിൽ എസ് പി ചരണിന്റെ പേരിൽ ഇന്നലെ രാവിലെ മുതൽ ഒരു വ്യാജ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. ഓരോ ദിവസവും എസ്പിബിയുടെ ആരോഗ്യ നില സംബന്ധിച്ചുള്ള വിവരങ്ങൾ ചരൺ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. ആശുപത്രി അധികൃതരുമായി വിശദമായി ചർച്ച ചെയ്തതിനു ശേഷമാണ് അക്കാര്യം മാധ്യമങ്ങളെ അറിയിക്കുന്നതെന്നും അച്ഛന്റെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങൾ ഏറ്റവുമാ‌ദ്യം അറിയുന്നത് താൻ ആയിരിക്കുമെന്നും ചരൺ വ്യക്തമാക്കി. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

 

ഈ മാസം അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ച് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറഞ്ഞ തോതിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗായകൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് 13ന് എസ്പിബിയുടെ ആരോഗ്യനില വഷളാവുകയും അതിതീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയുമായിരുന്നു. 

 

ഇനിയും കാലാതീതമായ ഗാനങ്ങൾ പാടാൻ അദ്ദേഹം മടങ്ങി വരട്ടെ'; എസ് പി ബിക്ക് പ്രാർത്ഥനകൾ നേർന്ന് മമ്മൂട്ടി