ഫോണുമായാണോ ടോയ്‌ലെറ്റില്‍ പോകുന്നത്: കാത്തിരിക്കുന്നത് പുറത്ത് പറയാന്‍ പറ്റാത്ത രോഗം 

ഫോണുമായാണോ ടോയ്‌ലെറ്റില്‍ പോകുന്നത്: കാത്തിരിക്കുന്നത് പുറത്ത് പറയാന്‍ പറ്റാത്ത രോഗം 

ടോയ്‌ലെറ്റില്‍ ഇരുന്ന് പത്രം വായിക്കുന്ന ചിലരുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ചില കൂട്ടുകാരുണ്ടായിരിക്കുന്നു. ഫോണുമായി ടോയ്‌ലെറ്റില്‍ പോകുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ ഇത് അത്ര പന്തിയല്ലെന്നാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ഗാസ്ട്രോഎന്‍ററോളജിസ്റ്റായ പ്രൊഫസര്‍ ക്രിസ് ബേണി  രോഗികളില്‍ നടത്തിയ നിരീക്ഷണമാണ് ഇത്തരം ഒരു മുന്നറിയിപ്പിലേക്ക് നയിക്കുന്നത്. 23 വയസുള്ള യുവതിക്ക് മൂലക്കുരുവിന് കഴിഞ്ഞ വര്‍ഷമാണ് സിഡ്നിയിലെ ഗാസ്ട്രോ എന്റെറോളജിസ്റ്റായ പ്രൊഫസര്‍ ക്രിസ് ബേണി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ യുവാക്കളായ 15 പേരെക്കൂടി ഇതേ അസുഖത്തിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇതോടെയാണ് ഇത്തരക്കാര്‍ക്ക് എന്തെങ്കിലും പൊതുവായ കാര്യം ഉണ്ടോ എന്ന് ഡോക്ടര്‍ തിരക്കിയത്.

എത്ര സമയം ശുചിമുറിയില്‍ സ്മാര്‍ട് ഫോണുമായി ഇരിക്കുന്നു എന്ന ചോദ്യത്തിന് പലരും നല്‍കിയ ഉത്തരം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ശരാശരി അര മണിക്കൂറാണ് ഇവര്‍ സ്മാര്‍ട് ഫോണുമായി പ്രതിദിനം ശുചിമുറിയില്‍ ചിലവഴിക്കുന്നത്. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മുന്നോട്ട് കുനിഞ്ഞുള്ള പ്രത്യേക ശാരീരിക നിലയിലാണ് ഇരിക്കുക. ദീര്‍ഘസമയത്തെ ഈ ഇരുത്തം മലദ്വാരത്തിനോട് ചേര്‍ന്നുള്ള സ്ഫിന്‍സ്റ്റര്‍ പേശികളുടെ ബലഹീനതക്ക് കാരണമാകുന്നു. പലരിലും ഇത് മലദ്വാരത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും മൂലക്കുരുവിനും കാരണമാവുകയും ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ നിഗമനം.