കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു

കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. അടുത്തൊരു ഉത്തരവ് വരെ നിയമം സ്റ്റേ ചെയ്യുന്നതായി ചീഫ് ജസ്റ്റിസ് എച്ച്.എ. ബോബ്‌ഡെ അറിയിച്ചു. ഒപ്പം ചര്‍ച്ചകള്‍ക്കായി ഒരു സമിതിയേയും കോടതി നിയോഗിച്ചു. ഇതു വ്യക്തമാക്കുന്ന ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കുമെന്നും കോടതി അറിയിച്ചു. 

അഗ്രികള്‍ച്ചറല്‍ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി, ഹര്‍സിമ്രത് മാന്‍, പ്രമോദ് ജോഷി, അനില്‍ ധാന്‍വത് തുടങ്ങിയവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിക്കുക. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കും. കരാര്‍ കൃഷിക്കായി ഭൂമി വില്‍ക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലോകത്ത് ഒരു ശക്തിക്കും സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതില്‍നിന്ന് തങ്ങളെ തടയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സമിതി മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കര്‍ഷകരെ പ്രതിനിധീകരിക്കുന്ന മൂന്ന് അഭിഭാഷകര്‍ ഹാജരാകാത്തത്തില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി. സമിതിയുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നിയമത്തിന്റെ സാധുതയെക്കുറിച്ചു മാത്രമല്ല, പ്രതിഷേധം ജീവനേയും സ്വത്തിനേയും ബാധിക്കുന്നവരുടെ സംരക്ഷണവും ഞങ്ങള്‍ കണക്കിലെടുക്കുന്നുണ്ട്. തങ്ങളുടെ അധികാരപരിധിയില്‍ നിന്നുകൊണ്ട് പ്രശ്നം പരിഹരിക്കുന്നതിനാണ് ശ്രമമെന്നും ചീഫ് ജസ്റ്റിസ് എച്ച്.എ.ബോബ്ഡെ വ്യക്തമാക്കി. ഞങ്ങള്‍ രൂപം കൊടുക്കുന്ന സമിതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ജുഡീഷ്യല്‍ നടപടിക്രമങ്ങളില്‍ ഈ സമിതിയും ഭാഗമാകും  ചീഫ് ജസ്റ്റിസ് പറയുന്നു.

നിയമങ്ങള്‍ മരവിപ്പിക്കാന്‍ അധികാരമുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ശൂന്യമായ ഒരു ആവശ്യത്തിനു വേണ്ടിയാകരുത് നിയമങ്ങള്‍ മരവിപ്പിക്കേണ്ടത്. ഒരു സമിതി രൂപീകരിക്കും, അവര്‍ റിപ്പോര്‍ട്ട് അയച്ചു നല്‍കും. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കരുതുന്ന ഏതൊരാളും വിഷയം സമിതിക്കു മുന്നിലേക്ക് വിടണമെന്നാണ് പ്രതീക്ഷിക്കുന്നത്. സമിതി ആരെയെങ്കിലും ശിക്ഷിക്കുകയോ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ ഇല്ല. അവര്‍ ഒരു റിപ്പോര്‍ട്ട് നല്‍കുകയാണ് ചെയ്യുക. സംഘടനകളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കും. കൃത്യമായ ചിത്രം കോടതി ലഭിക്കുന്നതിനാണ് സമിതി. ഞങ്ങള്‍ക്കു പ്രശ്നങ്ങള്‍ പരിഹരിക്കണം. അതിന് അടിസ്ഥാന സാഹചര്യം മനസിലാക്കണം. അതിനാണ് സമിതി രൂപീകരിക്കുന്നത്. സമിതിയില്‍ പോകില്ലെന്ന തരത്തിലുള്ള ഒരു വാദവും കേള്‍ക്കേണ്ട. പ്രശ്നം പരിഹരിക്കുന്നതിനാണ് നോക്കുന്നതെന്നും കോടതി പറയുന്നു.

അതേസമയം സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കിയിരുന്നു.തര്‍ക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. എന്നാല്‍ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോടതി രൂപീകരിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ല. നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.